HOME
DETAILS

അക്കുട്ടി, വെളിച്ചത്തിന്റെ നിഴല്‍

  
Web Desk
April 03 2022 | 04:04 AM

86532453-2022

റഹീം വാവൂര്‍


പതിമൂന്നാം വയസ്സില്‍ കൊടപ്പനക്കലെത്തിയ അവറാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിഴലായിരുന്നു. അറിവും അധികാരവുമുള്ള തങ്ങള്‍ തൊഴിലാളി എന്ന നിലയില്‍ ഒരിക്കലും തന്നോടു പെരുമാറിയിട്ടില്ലെന്നും അനിയനെ പോലെയാണ് കണ്ടിരുന്നതെന്നും അവറാന്‍ പറയുന്നു. തന്റെ ജീവിതത്തിന്റെ വിപുലമായ ഇടങ്ങളില്‍ സവിശേഷമായ സ്ഥാനം നല്‍കിയ അവറാനെ 'അക്കുട്ടി' എന്നായിരുന്നു തങ്ങള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. അദ്ദേഹത്തെ അവറാന്‍ ബഹുമാനത്തോടെ കാക്കയെന്നും.
തങ്ങളുടെ വിയോഗം ഏറ്റവും കൂടുതല്‍ ഉള്ളുലച്ചവരില്‍ ഒരാളാണ് അവറാന്‍. മറ്റൊരാള്‍ക്കും പറയാന്‍ കഴിയാത്ത ഓര്‍മകളാണ് അവറാന് തങ്ങളെക്കുറിച്ച് പറയാനുള്ളത്. ഇടറുന്ന ശബ്ദത്തില്‍ പാണക്കാട്ടെ മുറ്റത്തിനറ്റത്തിരുന്ന് തുറന്നിട്ട ഗേറ്റിലേക്ക് നോക്കി ഓര്‍മകളെ പൊറുക്കിയെടുക്കുമ്പോള്‍ അവറാന്റെ കണ്ണില്‍ മിഴിനീരിന്റെ നനവുണ്ടായിരുന്നു.

പിതൃസ്‌നേഹം

ദാരിദ്ര്യത്തിന്റെ അനാഥത്വത്തിലേക്ക് വീണുപോവേണ്ടിയിരുന്ന എന്റെ ജീവിതത്തെ അന്തസ്സോടെ നിലനിര്‍ത്തിയത് കാക്കയുടെ സ്‌നേഹമാണ്. എന്നെക്കുറിച്ച് ഞാന്‍ പോലും ആലോചിക്കാത്ത കാര്യങ്ങള്‍ എനിക്ക് മുമ്പേ അവര് ആലോചിച്ചു. ഒരു പിതാവിന്റെ സ്‌നേഹത്തില്‍ എന്റെ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തി. സ്ഥലമെടുത്തു തന്നശേഷം എന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ച് വീടും വെച്ചുതന്നു. സര്‍വതിലും അവര്‍ കരുണ നിറച്ചു. മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വശ്യത അതിനുണ്ടായിരുന്നു.

ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെട്ടു

ചുറ്റും മനുഷ്യരുണ്ടാവുന്നതായിരുന്നു കാക്കയുടെ സന്തോഷം. ജീവിതത്തിന്റെ തീച്ചുമടും പേറി വരുന്നവരാണ് തന്റെയടുക്കലെത്തുന്ന ഓരോ മനുഷ്യരുമെന്ന് തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഏത് വലിയ തിരക്കുകള്‍ക്കിടയിലും വരുന്നവരുടെ പൊള്ളുന്ന വേവലാതികള്‍ കേട്ടിരിക്കും.
അറ്റം കാണാത്ത സങ്കടങ്ങളുടെയും ആഴമറിയാത്ത വേദനയുടെയും നടുക്കടലില്‍ അകപ്പെട്ട വേദന പറയാനാണ് പലരും പാണക്കാട് വരാറുള്ളത്. ആള്‍ക്കൂട്ടം എത്ര വലുതാണെങ്കിലും ഓരോരുത്തരെയും വേറെത്തന്നെയായി പരിഗണിക്കും. വേദനകള്‍ വന്നു പറയുന്നവരുടെ വാക്കുകള്‍ ഇടറുന്നതു കാണുമ്പോള്‍ കാക്ക അവരോട് കൂടുതലായി സ്‌നേഹം കാണിക്കും. അടിത്തട്ടില്‍ അലയുന്ന മനുഷ്യരോടായിരുന്നു കൂടുതല്‍ സ്‌നേഹം. കണ്ണ് നിറച്ചു വരുന്നവര്‍ ചിരിച്ചിറങ്ങിപ്പോയതിന് ഈ കോലായ എത്രയോ തവണ സാക്ഷിയായിട്ടുണ്ടെന്ന് അക്കുട്ടി.

തങ്ങളുടെ പ്രഭാതം

ഇരുട്ടിന്റെ കനപ്പിന് കാഠിന്യം കൂടുന്ന നട്ടപ്പാതിര നേരത്താണ് വീട്ടിലെത്തുന്നതെങ്കിലും പുലര്‍ച്ചെ നാലുമണിക്ക് തന്നെ എഴുന്നേല്‍ക്കുമായിരുന്നു. ബാങ്കിന്റെ നേരമാവുംവരെ ഖുര്‍ആന്‍ ഓതിയും ദിഖ്ര്‍ ചൊല്ലിയും മുസ്വല്ലയില്‍ ഉണ്ടാവും. പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ട് കൂടെ ആള്‍ക്കൂട്ടം വീട്ടിലേക്ക് അനുഗമിക്കും. മുറ്റത്തും വരാന്തയിലുമൊക്കെയായി വേറെയും ആളുകളുണ്ടാവും. ശാരീരികമായി എന്തു പ്രയാസമുണ്ടെങ്കിലും തന്നെ തേടിവരുന്ന ഒരാളെയും കാക്ക അതൊന്നും അറിയിച്ചില്ലായിരുന്നു.
പലപ്പോഴും സൂര്യനസ്തമിച്ചാലും പാണക്കാട്ടെ ജനത്തിരക്ക് കുറയാറില്ല. വട്ടംകൂടി വരുന്ന മനുഷ്യരുടെ പെരുപ്പം എപ്പോഴെങ്കിലും തങ്ങളെ അസ്വാസ്ഥ്യപ്പെടുത്തിയിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് അവറാന്റെ ഉത്തരം. സദാ മനുഷ്യര്‍ക്കിടയിലാവണം എന്നാഗ്രഹിച്ച മനുഷ്യന്‍. കാണാന്‍ വരുന്ന ഒരാളും വന്നതുപോലെ തിരിച്ചുപോകരുതെന്ന സ്‌നേഹപൂര്‍വമായ നിര്‍ബന്ധം എപ്പോഴും ഉണ്ടായിരുന്നു.

കുട്ടികളുടെ ചങ്ങാതി

ഒഴിവുനേരങ്ങള്‍ എന്ന ഒന്നില്ലാത്ത തിരക്കുകള്‍ക്കിടയില്‍ ജീവിച്ചപ്പോഴും വന്നുചേരുന്ന ഇടവേളകള്‍ വീട്ടുകാരുടെ സ്‌നേഹങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്നതായിരുന്നു കാക്കയുടെ ശീലം. കുഞ്ഞുങ്ങളോട് വലിയ ഇഷ്ടമായിരുന്നു. പേരക്കുട്ടികള്‍ വിരുന്നിന് വരുന്ന ദിവസങ്ങള്‍ അവരുടെ കളി ചിരികള്‍ക്കൊപ്പം കൂട്ടുകൂടും. വന്നുകയറുമ്പോള്‍ കൈയില്‍ പ്രത്യേകം മധുരം കരുതും. ചുണ്ടുകളെപ്പോഴും ദിക്‌റുകളാല്‍ തരളിതമായിരിക്കും. കിട്ടുമ്പോഴൊക്കെ വായിക്കാനുള്ള ശ്രമം നടത്തും. അറബി ഗ്രന്ഥങ്ങളായിരുന്നു കൂടുതലായി വായനയ്ക്ക് എടുത്തിരുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ കാര്യമായി നോക്കും.

അവസാന കാലം

മക്കളും പേരക്കുട്ടികളുമൊക്കെയായി ഒരു വിശ്രമജീവിതമായിരുന്നു കാക്കയുടെ അവസാന കാലം. എന്റെ കാര്യങ്ങള്‍ നോക്കാന്‍ അക്കുട്ടി കൂടെവേണമെന്ന് ആദ്യമേ എനിക്ക് കാക്കയുടെ നിര്‍ദേശമുണ്ടായിരുന്നു. വീട്ടിലേക്ക് പോലും മടങ്ങാതെ ഞാനാ വാക്ക് പാലിച്ചു. മരണം വരെ കൂടെ നില്‍ക്കാനായല്ലോ എന്ന സന്തോഷമാണ് ആകെയുള്ള സമാധാനം.
ഇടയ്ക്കിടെ പാല് പാര്‍ന്ന മധുരമില്ലാത്ത ചായ ശീലമുള്ള തങ്ങള്‍ പാട്ടുകളും കേള്‍ക്കുമായിരുന്നു. നല്ല പാട്ടുകള്‍ മാത്രം. മുഹബ്ബത്തിന്റെ ഒരു മുറുക്ക് ചായയോളം വരികളില്‍ സാരപ്രപഞ്ചങ്ങള്‍ ഒളിപ്പിച്ച പാട്ടുകളെ ഇഷ്ടപ്പെട്ടു. ഹൃദയത്തെ ആലിംഗനം ചെയ്യുന്ന പാട്ടുകള്‍. കേള്‍ക്കുന്ന പാട്ടിലെ വാക്കുകള്‍ പേറുന്ന ഉള്ളടക്കത്തെക്കുറിച്ച് ഏറെ നേരം ആലോചിക്കും.
കോട്ടക്കലെ സായാഹ്നങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് സൊറ പറയുന്ന നേരങ്ങളില്‍ തങ്ങള്‍ എന്നോട് പാട്ടുപാടാന്‍ പറയും. ലൗകികവും അലൗകികവുമായ കാര്യങ്ങളെ വരികളില്‍ ലയിപ്പിച്ചു പാടുമ്പോള്‍ തങ്ങളത് താളമിട്ട് കേട്ടിരിക്കും. പാടിതീരാത്ത പാട്ടുപോലെ, പാടിക്കൊണ്ടിരിക്കെ മുറിഞ്ഞുപോയ വരികള്‍ പോലെ ആ ഓര്‍മ എന്നെ സങ്കടപ്പെടുത്തുന്നു. ജീവിച്ചുകൊണ്ടിരിക്കെ മരിച്ചുപോവുകയായിരുന്നല്ലോ എന്റെ കാക്ക. നോക്കിക്കൊണ്ടിരിക്കെ കാണാതായതു പോലെ തോന്നുന്നു, മിണ്ടിക്കൊണ്ടിരിക്കെ വാക്കുകള്‍ മുറിഞ്ഞതു പോലെയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  a day ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  a day ago
No Image

വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

Kerala
  •  a day ago
No Image

നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

National
  •  a day ago
No Image

ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ

Football
  •  a day ago
No Image

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

Kerala
  •  a day ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു

Kerala
  •  a day ago
No Image

ഷാർജ: ഗതാ​ഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും

uae
  •  a day ago
No Image

നിപ; വയനാട് ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

Kerala
  •  a day ago