ഹറമുകളിൽ സമൂഹ നോമ്പ് തുറക്ക് പതിനായിരങ്ങൾ, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സജീവമായി ലോകത്തെ ഏറ്റവും വലിയ നോമ്പ് തുറ സംഗമം
മക്ക/മദീന: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റമദാൻ ഇഫ്ത്വാർ സംഗമത്തിന് വീണ്ടും ഹറം മുറ്റങ്ങൾ സജീവമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്ത്വാർ സംഗമങ്ങളായി പരിഗണിക്കപ്പെടുന്ന ഇരു ഹറമുകളിലെയും നോമ്പ് തുറകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിനാളുകളാണ് ആദ്യ ദിവസം തന്നെ ഒരുമിച്ചത്. മഗ്‌രിബ് ബാങ്കിന്റെ അരമണിക്കൂര്‍ മുമ്പേ തന്നെ ഇഫ്താറിനുള്ള സൗകര്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു.
കൊറോണ മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യം കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും റമദാനില്‍ ഇഫ്ത്വാര്‍ വിതരണമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ഇഫ്താര്‍ വിതരണം ക്രമീകരിക്കാന്‍ വലിയ ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് മുന്‍കൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. മക്ക നിവാസികളില്‍ പലരും സംസം വെളളവും ഈത്തപ്പഴവുമായാണ് ഇഫ്ത്വാറിനെത്തിയത്.
പലരും സംഭാവനയായി നല്‍കിയ കിറ്റുകളും മുറ്റത്തൊരുക്കിയ സുപ്രകളില്‍ വിതരണം ചെയ്തു. മസ്ജിദുല്‍ ഹറാമിന്റെ കവാടങ്ങളിലും മത്വാഫിലും പള്ളിക്കുള്ളിലും ഈത്തപ്പഴവും വെള്ളവും വിതരണം ചെയ്തു. ഉണങ്ങിയ ഭക്ഷണ സാധനങ്ങൾക്ക് മാത്രമാണ് ഇത്തവണ അനുമതി നൽകിയിരിക്കുന്നത്.
ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് 20,000 സുപ്രകള്‍ സ്ഥാപിക്കുന്നതിന് 2,000 ലേറെ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ ഇഫ്താര്‍ സുപ്ര വിഭാഗം മേധാവി ഇബ്രാഹിം അല്‍ഹുജൈലി പറഞ്ഞു. മസ്ജിദുന്നബവിയിൽ മാത്രം ആദ്യ ദിനം വിതരണം ചെയ്തത് 1,54,000 ഇഫ്താർ വിഭവങ്ങളായിരുന്നു. 2500 ലധികം ഇഫ്താർ പെർമിറ്റുകളായിരുന്നു മസ്ജിദുന്നബവിയിൽ അനുവദിച്ചത്.
റമദാന്‍ ആദ്യ ദിനം വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് വിതരണം ചെയ്തത് 20 ടണ്‍ ഈത്തപ്പഴമാണ്. ഈ വര്‍ഷം വിശുദ്ധ ഹറമിന്റെ വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിന് കുരുകളഞ്ഞ് പ്രത്യേകം തയാറാക്കിയ ഈത്തപ്പഴമാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."