കഞ്ചിക്കോട് ഇരുമ്പുരുക്കു കമ്പനികള്‍ക്ക് പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മൊ
കഞ്ചിക്കോട്: പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട്ടെ പ്രീകോട്ട് ന്യൂ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ പഞ്ചായത്ത് ഉത്തരവിട്ടു. പാരഗണ്‍ സ്റ്റീല്‍, എസ്.എം.എം എന്നീ കമ്പനിക്കാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളതായി പുതുശ്ശേരി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. കമ്പനിയില്‍ നിന്നുണ്ടാകുന്ന പുകയും മറ്റു മാലിന്യങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കഴിഞ്ഞമാസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുശേഷം ചടയന്‍ കാലായില്‍ നടത്തിയ ഇരകളുടെ പാര്‍ലമെന്റിലും കമ്പനികളുടെ ദോഷവശങ്ങളെക്കുറിച്ച് ആരോപണങ്ങളുയര്‍ന്നിരുന്നു.
കമ്പനികളുടെ പ്രവര്‍ത്തിക്കുന്നതു മൂലം പലരും അര്‍ബുദ ബാധിതരാണെന്നായിരുന്നു വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍. പ്രദേശവാസികളില്‍ പലര്‍ക്കും തൊലിപ്പുറത്തെ അലര്‍ജിയും ഹൃദ്രോഗവും കണ്ടെത്തിയതായും പാര്‍ലമെന്റില്‍ ആരോപണമുയര്‍ന്നിരുന്നു. ചടയന്‍കാലായി, ഐ.ടി.ഐ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പ്രീകോട്ട് കോളനി, പ്രീകോട്ട് ന്യൂ കോളനി, ഹില്‍വ്യൂ നഗര്‍, ശാസ്ത്രി നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ പ്രശ്‌നം ബാധിക്കുന്നെന്നായിരുന്നു വര്‍ഷങ്ങളായുള്ള പരാതി.
ഇതിനിടെ നിരവധി പേര്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുകയും ചിലര്‍ രോഗബാധിതരായി കഴിയുന്നുമുണ്ട്. ഇക്കാരണത്താല്‍ കിണ്ണംകൊട്ടിസമരം മുതല്‍ പലതരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ജനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്ത് കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിറക്കിയിട്ടണ്ടെങ്കിലും കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നതായി പഞ്ചായത്തംഗം കെ. ബാലമുരളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."