പെൺകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവം ബാങ്കിൻ്റെ നടപടി നിയമവിരുദ്ധമെന്ന് എം.എൽ.എ, സ്വാഭാവികമെന്ന് ചെയർമാൻ
കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്നു മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ
പിതാവ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ ദലിത് കുടുംബത്തിലെ പെൺകുട്ടികളെ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലുകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ നടപടിയെച്ചൊല്ലി വിവാദം കൊഴുക്കുന്നു.
ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആരോപിച്ചു. സംഭവത്തിൽ താൻ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആദ്യം വിളിച്ചത് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിനെയും ബാങ്ക് അധികാരികളെയുമാണ്.
പ്രശ്‌നത്തിന് പരിഹാരം കാണാൻ ഒരു മണിക്കൂറിലേറെ സമയം നൽകിയിട്ടും മറുപടി കിട്ടാതെ വന്നപ്പോൾ മാത്രമാണ് വീട് കുത്തിപ്പൊളിച്ച് കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ഗോപി കോട്ട മുറിക്കൽ പറഞ്ഞു. ഗൃഹനാഥൻ ഹൃദ്രോഗ ബാധിതനാണെന്ന് അറിയിച്ചില്ലെന്നും വീടിന്റെ താക്കോൽ ഉടമയെ തിരിച്ചേൽപ്പിക്കാൻ ബാങ്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എ കുട്ടികളെ കവചമാക്കി നടത്തുന്ന നാടകമാണിതന്നും ഗോപി കോട്ടമുറിക്കൽ അരോപിച്ചു.ഒരു ലക്ഷം രൂപയാണ് വായ്പ്പയെടുത്തതെന്നും അടഞ്ഞു കിടന്ന വീട്ടിൽ നടപടി പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാങ്കിന്റെ വാദം.
കുട്ടികളെ ഇറക്കി വിട്ടിട്ടില്ലെന്നും കുടിശ്ശികയുണ്ടായതിനാൽ ഇതിനു മുൻപ് വീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചതാണെന്നും ബാങ്ക് അധികാരികൾ പറഞ്ഞു.പേഴക്കാപ്പിള്ളി വലിയപറമ്പിൽ അജേഷ്‌കുമാർ മൂവാറ്റുപുഴ അർബൻ ബാങ്കിൽനിന്ന് ഏഴുവർഷം മുമ്പെടുത്ത ഒരു ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനൊടുവിലാണ് കഴിഞ്ഞദിവസം കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് വീട് മുദ്രവച്ചത്. നാലുതവണ ഹൃദയാഘാതം വന്ന അജേഷ് ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."