റഷ്യന്‍ അധിനിവേശത്തിനിടെ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ട്
കീവ്: മിഖായേല്‍ പാലിന്‍ചക് എന്ന ഫോട്ടോഗ്രാഫറുടെ അതിദാരുണമായ ചിത്രത്തിലേക്കാണ് കഴിഞ്ഞ ഞായറാഴ്ച വാര്‍ത്താലോകം കണ്‍തുറന്നത്. കീവില്‍ നിന്നുള്ളതായിരുന്നു ചിത്രം. ഒരു ബ്ലാങ്കറ്റുകൊണ്ട് പുതക്കപ്പെട്ട ഒരു പുരുഷന്റേയും മൂന്നു സ്ത്രീകളുടേയും മൃതദേഹങ്ങളായിരുന്നു ചിത്രത്തില്‍. സ്ത്രീകള്‍ ശരീരം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലും നഗ്മരാക്കപ്പെട്ട നിലയിലുമായിരുന്നുവെന്ന് പറയുന്നു ഫോട്ടോഗ്രാഫര്‍. അവര്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുദ്ധങ്ങളില്‍ ഒരു പ്രധാന ആയുധമാണ് ബലാത്സംഗങ്ങള്‍. ചരിത്രത്തിലിന്നോളം ഇത്തരം യുദ്ധങ്ങളെ കുറിച്ച് പരിശോധിച്ചാല്‍ കാണാന്‍ കഴിയും ഭൂരിഭാഗത്തിലും ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. ഉക്രൈനിലും സ്ഥിതി മറിച്ചല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനിടെ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ സൈനികരില്‍ നിന്ന് തങ്ങള്‍ അനുഭവിക്കേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകളും പെണ്‍കുട്ടികളും രംഗത്തെത്തി.
യുദ്ധം ആരംഭിച്ച സമയം കീവ് വിടുന്നതിന് മുമ്പ് സ്വയം പരിരക്ഷക്കായി കോണ്ടവും കത്രികയുമാണ് താന്‍ കൈയ്യില്‍ കരുതിയതെന്ന് 31 കാരിയായ അന്റോണിന മെഡ്‌വെഡ്ചുക്ക് പറയുന്നു. എല്ലാ യുദ്ധങ്ങളിലും കൂടുതല്‍ ഇരയാക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സ്ത്രീകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉക്രൈനിലെ പ്രോസിക്യൂട്ടര്‍ ജനറലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ അധിനിവേശം അവസാനിക്കാത്ത സ്ഥിതിക്ക് വിഷയത്തില്‍ നീതി എപ്പോള്‍ ലഭിക്കുമെന്ന കാര്യം ആശങ്കാജനകമാണ്.
ഉക്രൈനിലെ വിവിധ ഫെമിനിസ്റ്റ് സംഘടനകള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് മാനസിക, ആരോഗ്യ, നിയമ പിന്തുണ നല്‍കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധത്തില്‍ ഉപയോഗിക്കപ്പെടുന്ന ബോംബിനെക്കാള്‍ വലിയ ആഘാതമാണ് ബലാത്സംഗം ചെയ്യപ്പെട്ട ഓരോ സ്ത്രീകളും അനുഭവിക്കുന്നതെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."