മെയ് പതിനേഴ് മുതൽ സർവ്വീസ് നടത്താൻ തയ്യാറാണെന്ന് സഊദിയ, ലഗ്ഗേജ് തയ്യാറാണോ എന്നും ചോദ്യം
റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സഊദി എയർലൈൻസ് തയ്യാറാണെന്ന് സഊദിയ അസിസ്റ്റൻസ് ഡയറക്ടർ. ഉക്കാദ് പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഊദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുൽഖാദിർ ഇക്കാര്യം അറിയിച്ചത്. സഊദി എയർലൈൻസ് ട്വിറ്ററിൽ കുറിച്ച ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് ഖാലിദ് ബിൻ അബ്ദുൽഖാദിർ ഇക്കാര്യം വ്യക്തമാക്കിയത്.
"നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ" എന്ന ഒറ്റവരി ട്വീറ്റ് ആണ് സഊദിയ ഇന്നലെ തങ്ങളുടെ ട്വിറ്ററിൽ പങ്കു വെച്ചത്. ഇത് വൈറൽ ആകുകയും ഏറെ ചർച്ചകൾക്ക് തുടക്കമിടും ചെയ്തിരുന്നു. അന്താരാഷ്ട്ര സർവീസുകൾക്ക് തങ്ങൾ ഒരുക്കമാണെന്ന് സഊദിയ വ്യക്തമാക്കുകയാണെന്നായിരുന്നു ട്വീറ്റ് കൊണ്ട് ഉദേശിച്ചത്. എന്നാൽ, പല രസകരമായ തമാശകളും ചോദ്യങ്ങളും ഉൾപ്പെടുന്ന മറുപടിയുമായാണ് ട്വീറ്റുകൾ ഷെയർ ചെയ്യപ്പെട്ടതും പങ്കു വെച്ചതും.
അതേസമയം, സഊദിയിലെ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് നിലവിൽ നീട്ടിയിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ചത് പോലെ ശവ്വാൽ അഞ്ചിന് തന്നെയായിരിക്കുമെന്നും സഊദി കൊവിഡ് പ്രതിരോധ സമിതി സിക്രട്ടറി ഡോ: തലാൽ അൽ തുവൈജിരി. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നും വിവിധ ഘടകങ്ങൾ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുകയെന്നും അൽ തുവൈജിരി വ്യക്തമാക്കി. നിരവധി പരിഗണനകൾ കണക്കിലെടുത്തായിരിക്കും ഇത് തീരുമാനിക്കുക. മെയ് 17 ന് മുമ്പായി തന്നെ എല്ലാ വിശദാംശങ്ങളും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിവിധ രാജ്യങ്ങളിൽ തുടർച്ചയായി വൈറസ് പടരുന്നതിന്റെ വെളിച്ചത്തിൽ അടിയന്തിര ആവശ്യമല്ലാതെ യാത്ര ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുമുമ്പ് വാക്സിൻ നിർബന്ധമാണോ എന്ന തീരുമാനം കൈകൊള്ളുമെന്നും. ഇക്കാര്യം ഇപ്പോഴും പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം സഊദിയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മറ്റ് രാജ്യങ്ങൾക്കും ആവശ്യകതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് മെയ് പതിനേഴിന് സർവ്വീസുകൾ ആരംഭിക്കുമെന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."