ഭൂചലനത്തിന് കാത്തിരിക്കുന്ന തുർക്കി
കെ. ജംഷാദ്
തുർക്കി തിങ്കളാഴ്ച രാവിലെ ഉണർന്നത് ശക്തമായ ഭൂചലനത്തിന്റെ വേദനയിലാണ്. പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ആദ്യ റിപ്പോർട്ടുകളിൽ മരണം എട്ടായിരുന്നു. മിനുട്ടുകൾക്കകം അത് 180 ആയി ഉയർന്നു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ മരണസംഖ്യ 2300 കവിഞ്ഞു. തുർക്കിയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ സിറിയയോട് ചേർന്നുള്ള പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. ശക്തിയേറിയ മൂന്നു ഭൂചലനങ്ങളാണുണ്ടായത്. പുലർച്ചെയുണ്ടായ ആദ്യ ഭൂചലനത്തിന് 7.8 ഉം തുടർന്ന് ഉച്ചയ്ക്കുണ്ടായ ഭൂചലനത്തിന് 7.6 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് ആറോടെയാണ് മൂന്നാമത്തെ ഭൂചലനമുണ്ടായത്. മൂന്നു ചലനങ്ങളും ഏതാണ്ട് സമീപ പ്രദേശങ്ങളിൽ തന്നെയാണ് നടന്നതിനാൽ തുടർചലനങ്ങളാണെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. തുർക്കിയിൽ 1939ന് ശേഷം നടക്കുന്ന വലിയ ഭൂകമ്പ ദുരന്തമാണിത്. 1939 ഡിസംബറിൽ വടക്കുകിഴക്കൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 30,000 പേരാണ് മരിച്ചത്
സിറിയയും ലബനാനും സൈപ്രസും എല്ലാം രാവിലത്തെ ഭൂചലനത്തിൽ കുലുങ്ങി. തുർക്കിയിലെ അതിർത്തി മേഖലയിലെ പത്തു നഗരങ്ങളെ ഭൂചലനം സാരമായി ബാധിച്ചു. അന്താരാഷ്ട്ര സഹായം ഇല്ലാതെ തുർക്കിക്കും സിറിയക്കും നഷ്ടം നികത്തുക പ്രയാസം. വർഷങ്ങളായി യുദ്ധം നടക്കുന്ന സിറിയയിലും സ്ഥിതി മോശമാണ്. സിറിയയുടെ സഖ്യകക്ഷിയായ റഷ്യ സഹായ വാഗ്ദാനവുമായി ആദ്യം രംഗത്തുവന്നിട്ടുണ്ട്.
തുർക്കി ഭൂകമ്പമേഖല,
കാരണം ഇതാണ്
ലോകത്തെ പ്രധാന ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. ഇവിടത്തെ 98 ശതമാനം പ്രദേശങ്ങളും ഭൂചലന സാധ്യതാപ്രദേശമാണ്. ഇസ്താംബൂൾ, ഇസ്മിർ, കിഴക്കൻ അനാറ്റോലിയ എന്നീ നഗരങ്ങളാണ് കൂടുതൽ ഭൂകമ്പ സാധ്യതാമേഖലയായി കണക്കാക്കുന്നത്. 1999ൽ വടക്കു പടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 17,000 ത്തിലധികം പേർ മരിച്ചിരുന്നു. 7.6 തീവ്രതയിലാണ് അന്ന് ഇസ്മിത് നഗരത്തിൽ ഭൂചലനമുണ്ടായത്. എ.ഡി 116ലും തുർക്കിയിൽ ശക്തമായ ഭൂചലനമുണ്ടായതായി രേഖകളുണ്ട്. അന്ന് 2.5 ലക്ഷം പേർ മരിച്ചെന്നാണ് അനുമാനം.
19ാം നൂറ്റാണ്ടിൽ സിറിയയിലെ അലെപ്പോ നഗരത്തിലെ ഭൂചലനത്തിൽ 7000 പേർ മരിച്ചിരുന്നു. ഇതിന്റെ തുടർചലനങ്ങൾ ഒരു വർഷത്തോളം തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്നലത്തെ തുടർചലനങ്ങളും ഇതുപോലെയാണെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. അലെപ്പോയും ഇന്നലെ ആദ്യ ചലനമുണ്ടായ ഗസിയാന്തപും തമ്മിൽ 98 കിലോമീറ്ററാണുള്ളത്. അതേസമയം, രണ്ടാമതുണ്ടായത് തുടർ ചലനമല്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ടെക്ടോണിക് പ്ലേറ്റുകളുടെ ചലനത്തെ തുടർന്നാണ് ഭൂചലനങ്ങളുണ്ടാകുന്നത്. പ്ലേറ്റുകൾ തെന്നിനീങ്ങുമ്പോൾ ഉരസുകയോ കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ ഭൂചലനമായി ഭൗമോപരിതലത്തിൽ അനുഭവപ്പെടുന്നു. ഭൂമിയുടെ പുറംതോടിലെ വലിയ പാളികളാണ് ടെക്ടോണിക് പ്ലേറ്റുകൾ. ഇവയുടെ ചലനം മൂലമുണ്ടാകുന്ന മർദം പുറന്തള്ളലും ഭൂചലനമായി അനുഭവപ്പെടും. കൂടുതൽ ഭൂചലനങ്ങളും അനുഭവപ്പെടുക ടെക്ടോണിക് പ്ലേറ്റുകളുടെ അരികിലുള്ള അല്ലെങ്കിൽ അറ്റത്തുള്ള പ്രദേശങ്ങളിലാണ്. ഇത്തരം പ്രദേശമാണ് തുർക്കി.
ഭൂമിശാസ്ത്രപ്രകാരം തുർക്കി യൂറേഷ്യയിലാണ്. യൂറോപ്പും, ഏഷ്യയും ചേരുന്നത് തുർക്കിയിലൂടെയാണ്. രണ്ട് വൻകരകളെന്നപോലെ യൂറേഷ്യ ടെക്ടോണിക് പ്ലേറ്റിന്റെ അറ്റത്താണ് തുർക്കിയിലുള്ളത്. അറേബ്യൻ പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റും തമ്മിലാണ് പലപ്പോഴും ഉരസൽ നടക്കുന്നത്. ഒപ്പം പ്രധാന പ്ലേറ്റായ ആഫ്രിക്കൻ പ്ലേറ്റും ഇവിടെ സ്വാധീനമുണ്ടാക്കുന്നു. ചെറു ടെക്ടോണിക് പ്ലേറ്റായ അനാറ്റോലിയൻ പ്ലേറ്റും തുർക്കിയിൽ ഇടക്കിടെ ഭൂചലനങ്ങളുണ്ടാക്കാറുണ്ട്.
തുർക്കിയുടെ വടക്ക് യൂറേഷ്യൻ പ്ലേറ്റിലും തെക്ക് ആഫ്രിക്കൻ പ്ലേറ്റിലും കിഴക്ക് അറേബ്യൻ പ്ലേറ്റിലുമാണ്. അറേബ്യൻ പ്ലേറ്റ് എപ്പോഴും യൂറേഷ്യൻ പ്ലേറ്റിലേക്കാണ് നീങ്ങുന്നത്. ഇതിനാൽ തുർക്കിയിൽ ശക്തിയേറിയ ഭൂചലനങ്ങൾ പതിവാണ്. ഗൾഫ് മേഖലയടങ്ങുന്ന അറേബ്യയിലും ഇടക്കിടെ ഭൂചലനം പതിവാകുന്നതിന് കാരണം ഇതാണ്. ഇറാനാണ് അറേബ്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതാപ്രദേശം.
മറ്റൊരു ഭൂകമ്പ മേഖലയായ ജപ്പാനിലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. 2011ൽ ജപ്പാൻ തീരത്താണ് റിക്ടർ സ്‌കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കരയിൽ നാശനഷ്ടവും രാക്ഷസത്തിരമാലകൾ കടലിലുണ്ടാകുകയും ചെയ്തു. ഫുക്കുഷിമയിൽ തകരാറുണ്ടായത് ഈ ഭൂചലനത്തിലായിരുന്നു. 1960ൽ ചിലിയിലുണ്ടായ ഭൂചലനമാണ് റെക്കോർഡുകളിൽ ഏറ്റവും ശക്തം. 9.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.
സാധാരണ 2.5 ൽ കുറവ് തീവ്രതയുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്താറില്ല. പക്ഷേ അവ ഭൂകമ്പ മാപിനിയിൽ രേഖപ്പെടുത്തും. 5 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ ചെറിയ തോതിൽ നാശനഷ്ടമുണ്ടാക്കും. 6 ൽ കൂടുതൽ കനത്ത നാശനഷ്ടമുണ്ടാക്കുന്നവയാണ്.
പ്രവചിക്കാനാകില്ല
കാലാവസ്ഥാപ്രവചനം പോലെ ഭൂചലനം പ്രവചിക്കാൻ കഴിയുമോയെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഭൂചലനം ഫലപ്രദമായി മുൻകൂട്ടി പ്രവചിക്കാൻ ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ല. എന്നാൽ ചില സൂചനകൾ നേരത്തെ ലഭിക്കാറുണ്ട്. ഇത്തരം സൂചനകൾ പലപ്പോഴും ഭൂചലനത്തിന്റെ തൊട്ടുമുൻപേ ലഭിക്കാറുള്ളൂ. ഭൂമിയുടെ പുറംതോടിലുള്ള ചലനങ്ങൾ അറിയാനുള്ള ഉപകരണങ്ങൾ വഴിയാണ് ഇത്തരം സൂചനകൾ ലഭിക്കുക. പക്ഷേ ഇതൊന്നും വച്ച് ഭൂചലനം ഉണ്ടാകും എന്ന് പ്രവചിക്കാൻ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."