വിദ്വേഷ പ്രചാരണത്തിലൂടെ വിവാദത്തിലായ ബി.ജെ.പി നേതാവ് വിക്ടോറിയ ഗൗരി ജഡ്ജിയായി അധികാരമേറ്റു; പിന്നാലെ നിയമനം സുപ്രിംകോടതി ശരിവച്ചു
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് നേരെ വിദ്വേഷംനിറഞ്ഞ പരാമർശങ്ങൾ നടത്തി വിവാദത്തിലകപ്പെട്ട ബി.ജെ.പി നേതാവ് എൽ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു. നിയമനത്തിനെതിരായ ഹരജികളിൽ സുപ്രിംകോടതി വാദംകേട്ടുകൊണ്ടിരിക്കെയാണ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് മുമ്പാകെ സത്യവാചകം ചൊല്ലി അവർ അധികാരമേറ്റത്. നിയമനം ചോദ്യംചെയ്തുള്ള ഹരജികളെല്ലാം സുപ്രിംകോടതി തള്ളുകയും ചെയ്തു.
ഹൈക്കോടതികളുടെ കൂടി അഭിപ്രായം കേട്ടശേഷമാണ് കൊളീജിയം ജഡ്ജിയുടെ പേരുകൾ ശുപാർശചെയ്തതെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിമാരായ സഞ്ജീവ് ഖന്നയും ബി.ആർ ഗവായിയും അടങ്ങുന്ന രണ്ടംഗബെഞ്ചാണ് നിയമനം ശരിവച്ചത്. രാവിലെ 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത്. അതേ സമയത്ത് തന്നെയാണ് കോടതി ചേർന്ന് ഹരജിയിൽ വാദം കേട്ട് അതു തള്ളിയത്.
മുതിർന്ന അഭിഭാഷകരായ രാജുരാമചന്ദ്രൽ, ആനന്ദ് ഗ്രോവർ, പ്രശാന്ത് ഭൂഷൺ എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. ജഡ്ജിനിയമനത്തിന്റെ പേരിൽ സുപ്രിംകോടതിയും കേന്ദ്രസർക്കാരും ഏറ്റമുട്ടിക്കൊണ്ടിരിക്കെയാണ് സർക്കാർ ജഡ്ജിയെ നിയമിച്ച നടപടി കോടതി ശരിവച്ചത്.
രാഷ്ട്രീയപശ്ചാത്തലമുള്ളവരെ നിയമിച്ച സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മലയാളിയായ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ ജഡ്ജിയായ കാര്യവും ഓർമിപ്പിച്ചു. എന്നാൽ രാഷ്ട്രീയ പശ്ചാത്തലമല്ല പ്രശ്‌നമെന്നും അവരുടെ വിദ്വേഷപരാമർശങ്ങളാണ് വിഷയമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇവരെ ഉൾപ്പെടെ വിവിധ ഹൈക്കോടതികളിലേക്ക് 13 പുതിയ ജഡ്ജിമാരെയും കേന്ദ്രം നിയമിച്ചു.
പുതിയ ജഡ്ജി നിയമനത്തിന് മദ്രാസ് ഹൈക്കോടതി സുപ്രിംകോടതി കൊളീജിയത്തിന് കൈമാറിയ പട്ടികയിൽ വിക്ടോറിയ ഗൗരിയുടെ പേരുണ്ടായിരുന്നു. പിന്നാലെ സുപ്രിംകോടതി കൊളീജിയം കേന്ദ്ര നിയമമന്ത്രാലയത്തിന് വിക്ടോറിയയുടെ പേര് ശുപാർശ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയാണ് വിഷയം ആദ്യം കോടതിയിൽ പരാമർശിക്കപ്പെട്ടത്. കേസ് ഈ മാസം പത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഉച്ചയോടെ വിക്ടോറിയയെ നിയമിച്ചതായി സർക്കാർ വിജ്ഞാപനം ഇറക്കിയതോടെയാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന മുതിർന്ന അഭിഭഷകൻ രാജു രാമചന്ദ്രന്റെ ആവശ്യപ്രകാരമാണ് കേസ് ഇന്ന് തന്നെ കേൾക്കുന്നതും തീരുമാനം എടുക്കുന്നതും.
വിവാദ പശ്ചാത്തലമുള്ള അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയാക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്ക് തുരങ്കംവയ്ക്കുന്നതാണെന്നും അതിനാൽ വിക്ടോറിയയുടെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. വിക്ടോറിയ ഗൗരിയുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകർ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഇപ്പോഴും ബി.ജെ.പി നേതാവാണെന്ന് പറയുന്ന വ്യക്തിയെ ജഡ്ജിയാക്കുന്നത് വഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയായ വിക്ടോറിയ ഗൗരി നേരത്തെ തന്നെ വിദ്വേഷപരാമർശങ്ങൾ നടത്തി വിവാദത്തിൽപ്പെട്ട വ്യക്തിയാണ്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ കഴിഞ്ഞ ഒക്ടോബറിൽ എഴുതിയ ലേഖനങ്ങളാണ് ഏറ്റവുമൊടുവിൽ അവരുടെ പേരിലുയർന്നവിവാദം. ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദികളോ ക്രിസ്ത്യൻ മിഷണറിയോ?, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്‌കാരിക വംശഹത്യ എന്നീ തലക്കെട്ടുകളിൽ എഴുതിയ ലേഖനങ്ങളിലൂട നീളം വിദ്വേഷപരാമർശങ്ങളായിരുന്നു. ഇസ്ലാം പച്ച ഭീകരതയാണെങ്കിൽ ക്രിസ്ത്യാനികളുടെത് വെള്ള ഭീകരതയാണ്. ഇസ്ലാമിക ഗ്രൂപ്പുകളെക്കാൾ അപകടകരമാണ് ക്രിസ്ത്യൻ ഗ്രൂപ്പുകൾ. ലൗ ജിഹാദിന്റെ കാര്യത്തിൽ ഇരുഗ്രൂപ്പുകളും ഒരുപോലെ അപകടമാണ്... തുടങ്ങിയ പരാമർശങ്ങളും അവർ നടത്തുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."