കുഞ്ഞനിയന് നോവാതിരിക്കാന്‍ കോണ്‍ഗ്രീറ്റ് പാളിക്ക് കീഴെ 17 മണിക്കൂര്‍ കുഞ്ഞിക്കൈകള്‍ മറയാക്കി ഏഴുവയസ്സുകാരി ഇത്താത്ത; ഭൂകമ്പ മേഖലയിലെ ഉള്ളുലക്കും കാഴ്ചകള്‍
തുര്‍ക്കി/സിറിയ: ഗാഢമായൊരുറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കാന്‍ പോലുമാവാതെ അഗാധഗര്‍ത്തത്തിലേക്കെന്നോണം താഴേക്കു പതിക്കുമ്പോഴും ആ ഇത്താത്തയുടെ ഉള്ളില്‍ തന്നോടു ചേര്‍ന്നുറങ്ങിയ കുഞ്ഞനിയന്‍ തന്നെ ആയിരുന്നിരിക്കണം. അല്ലെങ്കിലെങ്ങിനെയാണ് അവളുടെ കുഞ്ഞിക്കൈകള്‍ക്ക് ഇത്രമേല്‍ കരുത്തേറുക. തങ്ങള്‍ക്കുമേലേക്ക് തകര്‍ന്നു വീണ കോണ്‍ഗ്രീറ്റ് പാളികളുടെ അരികുകള്‍ അവനെ നോവിക്കാതിരിക്കാന്‍ അതിന്റെ ഭാരം അവന്റെ കുഞ്ഞുടലില്‍ അമരാതിരിക്കാന്‍ അവളുടെ കുഞ്ഞു കൈകള്‍ മറയായി നിന്നത് അവനോടുള്ള ഇഷ്ടത്തിന്റെ കരുത്തിലല്ലേ...അവള്‍ മുത്തിത്തുടുപ്പിച്ച അവന്റെ കുഞ്ഞിക്കവിളുകളില്‍ ഒരു പോറലുപോലുമേല്‍പിക്കാതെ ആ കനത്ത കോണ്‍ഗ്രീറ്റ് പാളിയും താങ്ങി അവളാ മണ്ണിലമര്‍ന്നു കിടന്നത് പതിനേഴ് മണിക്കൂറായിരുന്നു. നീണ്ട പതിനേഴ് മണിക്കൂര്‍. അവന് പേടി തോന്നാതിരിക്കാന്‍ അവള്‍ ചിരിച്ചു കൊണ്ടിരിന്നിട്ടുണ്ടാവും. കുന്നോളം കഥകള്‍ പറഞ്ഞിട്ടുണ്ടാവും..പാട്ടുകള്‍ പാടിയിട്ടുണ്ടാവും.
തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ ഓരോന്നായി നീക്കി രക്ഷാപ്രവര്‍ത്തകര്‍ അടുത്തെത്തിയപ്പോഴും ആ ഇത്താത്തക്കുട്ടിയുടെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ആരുടേയും ഉള്ളം നിറക്കുന്ന അതിശയിപ്പിക്കുന്ന മൊഞ്ചുള്ള ഒരു ചിരി. അനിയന്റെ തലക്കു മുകളിലേക്ക് കൈകള്‍ മടക്കി വെച്ച് നിറഞ്ഞ പുഞ്ചിരിയോടെ കോണ്‍ഗ്രീറ്റ് പാളികള്‍ക്ക് കീഴെ കിടക്കുന്ന ആ പെണ്‍കുട്ടി ലോകം കീഴടക്കിയിരിക്കുകയാണ്. അനിയനോടുള്ള അവളുടെ ഇഷ്ടത്തെ കുറിച്ചും അവളുടെ ധൈര്യത്തെ കുറിച്ചും പേര്‍ത്തുംപേര്‍ത്തും പറഞ്ഞു കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവള്‍ക്കുമേല്‍ പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് ലോകം. ഇങ്ങനെ നിരവധി ഉള്ളുലക്കുന്ന കാഴ്ചകളാണ് ഭൂകമ്പ മേഖലയില്‍ നിന്ന് ദിനംപ്രതി പുറത്തു വരുന്നത്.
#TurkeySyriaEarthquake This broke my heart. She's just 9 and holding his brother like she's so Mature in this worst condition. May Allah protect them Aameen. ??#BreakingNews #UltimaHora #Earthquake #Terremoto #deprem #TURKIYE #Turquia #Turquie
— Shahbaz Hassan (@shahbaz__hassan) February 8, 2023
#Turkey#turkeyearthquake2023 pic.twitter.com/YqbjnA4YM4
സിറിയന്‍ തുര്‍ക്കി അതിര്‍ത്തിപ്രദേശങ്ങളിലുണ്ടായ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 7800 കവിഞ്ഞിരിക്കുകയാണ്. പതിനായിരങ്ങളാണ് പരുക്കേറ്റ് ആശുപത്രികളിലുള്ളത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ മരണസംഖ്യ ഇരട്ടിയായി ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
തുര്‍ക്കിയില്‍ മാത്രം ആറായിരത്തോളം മരണം സ്ഥിരീകരിച്ചു. 20000ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. സിറിയയില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേര്‍ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇതില്‍ 14 ലക്ഷം കുട്ടികളും ഉള്‍പ്പെടുന്നു. മരണം 20,000 വരെ ഉയര്‍ന്നേക്കുമെന്നാണു നിഗമനം.
കൊടുംതണുപ്പിലും ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകള്‍ തകര്‍ന്നതിനാല്‍ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താന്‍ വൈകുന്നുണ്ട്.
തുര്‍ക്കി അധികൃതരുടെ കണക്കുപ്രകാരം 3 ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടര്‍ചലനങ്ങളും ഉണ്ടായി. തുര്‍ക്കിയില്‍ 5775 കെട്ടിടങ്ങളാണു തകര്‍ന്നത്. ഇതില്‍ ചരിത്രപ്രാധാന്യമുള്ള പൗരാണികകെട്ടിടങ്ങളും ഉള്‍പ്പെടുന്നു. തുര്‍ക്കിയിലെ പ്രഭവകേന്ദ്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ സിറിയയിലെ ഹമയില്‍ വരെ കെട്ടിടങ്ങള്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."