ട്വന്റി 20 പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളായ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം
കൊച്ചി
കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട കേസില്‍ പ്രതികളായ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് അബ്ദുല്‍ റഹ്മാന്‍, സി.പി.എം പ്രവര്‍ത്തകരായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ വീട്ടീല്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവര്‍ക്കാണ് ജസ്റ്റിസ് കൗസര്‍ എടഗപ്പത്ത് ജാമ്യം അനുവദിച്ചത്. കുന്നത്ത്‌നാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.
കുന്നത്ത്‌നാട് എം.എല്‍.എക്കെതിരായ വിളക്കണക്കല്‍ സമരത്തിനിടെ ഫെബ്രുവരി 12ന് വൈകിട്ട് 7.30ന് സംഘട്ടനത്തിനിടെ ദീപുവിന് പരുക്കേറ്റെന്നാണ് പറയുന്നത്. ഫെബ്രുവരി 14ന് വൈകിട്ട് പഴങ്ങനാട് സമരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ദീപു വീണു പരുക്കേറ്റതാണ് എന്നാണ് ഡോക്ടറോട് പറഞ്ഞത്. പിന്നീട് അബോധാവസ്ഥയിലായതിനു ശേഷമാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലാണ് ദീപുവിന് പരുക്കേറ്റതെന്ന് പഞ്ചായത്തംഗം പൊലിസില്‍ മൊഴി നല്‍കിയതെന്നും ഹരജിക്കാര്‍ വാദിച്ചു.
പ്രതികള്‍ ആരും ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നും ദീപുവിന് പുറത്തു കാണാവുന്ന പരുക്കുകള്‍ ഇല്ലെന്നുമായിരുന്നു മറ്റൊരു വാദം. പ്രതികള്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരല്ലെന്നതും പൊലിസ് അന്വേഷണം പൂര്‍ത്തീകരിച്ച് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."