തെറ്റകറ്റിയാല്‍ മതി; തെറ്റുകാരനെ അകറ്റരുത്
വസ്ത്രത്തില്‍ അഴുക്കുപുരണ്ടാല്‍ കഴുകിക്കളയണം. നിറവും രുചിയും വാസനയും പോകുംവരെ കഴുകണം. എങ്കിലേ മാനം നഷ്ടമാകാതെ ആളുകള്‍ക്കിടയില്‍ ഇറങ്ങിനടക്കാന്‍ പറ്റൂ. പക്ഷേ, പറഞ്ഞിട്ടെന്ത്..? പമ്പരവിഡ്ഢി എന്ന് മുദ്രകുത്തപ്പെട്ട ആ മനുഷ്യന് അതുകൊണ്ടൊന്നും സമാധാനമാകില്ല...അഴുക്കുപുരണ്ട ഭാഗം വെട്ടിക്കളയണം. അയാള്‍ക്ക് കിടന്നാല്‍ ഉറക്കം വരണമെങ്കില്‍ അതാണു മാര്‍ഗം. അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍ നിറയെ ദ്വാരങ്ങളും കീറലുകളും കാണപ്പെടുന്നത് അതുകൊണ്ടാണ്. അതിന്റെ പേരില്‍ പല കോണുകളില്‍നിന്നും നിരവധി പരിഹാസങ്ങളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അയാള്‍ക്കതൊരു പ്രശ്‌നമേയല്ല. പരിഹാസക്കാരെക്കാള്‍ വലിയ വിഡ്ഢിയൊന്നുമല്ല താന്‍ എന്ന മട്ടിലാണ് അയാളുടെ നടത്തം.
ഒരിക്കല്‍ ആളുകളുടെ പരിഹാസവാക്കുകള്‍ പരിധി വിട്ടപ്പോള്‍ അവരെയെല്ലാം വിളിച്ചുകൂട്ടി അദ്ദേഹം ചോദിച്ചു: ''കുറെ കാലമായല്ലോ എന്റെ വൃത്തിബോധം കണ്ട് നിങ്ങളെന്നെ പരിഹസിക്കുന്നു. എനിക്കൊരു സംശയമുണ്ട്. ചോദിച്ചാല്‍ നിങ്ങള്‍ കൃത്യമായ മറുപടി തരുമോ..?''
''തീര്‍ച്ചയായും.''-അവര്‍ പറഞ്ഞു.
''ഞാന്‍ ചോദിക്കട്ടെ, പുതുപുത്തന്‍ വസ്ത്രവുമണിഞ്ഞ് നിങ്ങള്‍ നിങ്ങളുടെ ഇഷ്ടസുഹൃത്തിന്റെ വിവാഹത്തിനു പോവുകയാണെന്നു കരുതുക. വഴിക്കുവച്ച് എതിരെ വന്ന ഒരു വഴിപോക്കന്‍ നിങ്ങളുടെ വസ്ത്രത്തിലേക്ക് കാര്‍ക്കിച്ചുതുപ്പുന്നു...അയാള്‍ മുറുക്കിയ വെറ്റിലച്ചണ്ടി നിങ്ങളുടെ വസ്ത്രത്തിലാകെ നിറഞ്ഞു. ഇനി ഒരടി മുന്നോട്ടു നടക്കാന്‍ കഴിയാത്ത വിധം ആകെ അലങ്കോലമായി. ആ നേരത്ത് തകര്‍ന്ന മനസുമായി നില്‍ക്കുന്ന നിങ്ങള്‍ എന്തു സമീപനമായിരിക്കും കൈകൊള്ളുക..?ക്ഷമിക്കുമോ അക്ഷമ കാണിക്കുമോ..?''
''ഞങ്ങള്‍ നന്നായി ക്ഷമിക്കും. പക്ഷേ, കാര്‍ക്കിച്ചുതുപ്പാനുള്ള അയാളുടെ പൂതി തീര്‍ത്തുകൊടുത്ത ശേഷം..''
''എന്നുവച്ചാല്‍..?''
''ജീവന്‍ പോകുന്നതുവരെ കൈകാര്യം ചെയ്യുമെന്നുതന്നെ...''
''കാര്‍ക്കിച്ചുതുപ്പിയവന്റെ ജീവനെടുക്കുമെന്നോ?''
''അതെ..''
''എങ്കില്‍ ചോദിക്കട്ടെ, നിങ്ങളുടെ ഈ പ്രവൃത്തിയും എന്റെ പ്രവൃത്തിയും തമ്മിലെന്താണന്തരം..? വസ്ത്രത്തില്‍ അഴുക്കുപുരണ്ടാല്‍ അഴുക്കു കഴുകിക്കളയുന്നതിനു പകരം ആ ഭാഗം ഞാന്‍ വെട്ടിക്കളയുന്നു. സ്വഭാവത്തില്‍ അഴുക്കു പുരണ്ടാല്‍ ആ അഴുക്കിനെ മാത്രം പോക്കിക്കളയുന്നതിനു പകരം അഴുക്കനെ നിങ്ങള്‍ വെട്ടിക്കളയുന്നു. ഞാന്‍ അഴുക്കു പുരണ്ട ഭാഗം മാത്രമേ വെട്ടുന്നുള്ളൂ. നിങ്ങള്‍ അഴുക്കനെ മുഴുവനായും വെട്ടുന്നു. അപ്പോള്‍ എന്നെക്കാള്‍ വലിയ വിഡ്ഢിത്തമല്ലേ നിങ്ങള്‍ ചെയ്യുന്നത്. എന്നെ വിഡ്ഢിയെന്നു പറഞ്ഞ് പരിഹസിക്കുന്നതിനു മുന്‍പ് ആയിരം തവണ നിങ്ങള്‍ നിങ്ങളെ വിഡ്ഢിയെന്നു പറയണ്ടേ...വസ്ത്രത്തില്‍ അഴുക്കായാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാഞ്ഞിട്ടല്ല. നിങ്ങളുടെ വിഡ്ഢിത്തം നിങ്ങള്‍ക്ക് ബോധ്യപ്പെടുത്തിത്തരാന്‍ ചെറിയൊരു വിദ്യ ഒപ്പിച്ചതാണ്...വിഡ്ഢികള്‍ക്കിടയില്‍ അവരുടെ വിഡ്ഢിത്തം മാറ്റാന്‍ ഒരു വിഡ്ഢിയെ പോലെ ജീവിക്കാമെന്നു കരുതി എന്നു മാത്രം.''
ബുദ്ധിമാനായ ആ 'വിഡ്ഢി'യുടെ മറുപടി കേട്ടപ്പോള്‍ ആളുകള്‍ നാണിച്ചും അന്തിച്ചും നിന്നുവെന്നാണ് കഥ. ഇനി കഥ വിടാം. കഥാപാഠമാണു നമ്മുടെ വിഷയം.
തെറ്റകറ്റുക; തെറ്റുകാരനെ അകറ്റാതിരിക്കുക എന്നതാണ് ഈ കഥ നമുക്ക് നല്‍കുന്ന പ്രധാന പാഠം. തെറ്റുകാരനെയല്ല, തെറ്റിനെയാണ് വെറുക്കേണ്ടത്. തെറ്റു ചെയ്തതിന്റെ പേരില്‍ തെറ്റുകാരനോട് തെറ്റുന്നതും അവനെ അകറ്റിനിര്‍ത്തുന്നതും മഹാതെറ്റാണ്. മഹാകുറ്റവുമാണ്. കാരണം, മാറ്റേണ്ടത് മാറ്റാതെ മാറ്റേണ്ടാത്തതിനെ മാറ്റുന്ന തലതിരിഞ്ഞ ഏര്‍പ്പാടാണത്. തെറ്റിനെ മാറ്റാതെ തെറ്റുകാരനെ മാറ്റിനിര്‍ത്തിയാല്‍ തെറ്റ് അകത്താകും, തെറ്റുകാരന്‍ പുറത്താവുകയും ചെയ്യും. തെറ്റ് മാറ്റപ്പെടാതെ പോവുകയും തെറ്റുകാരന്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ ഭീകരം തന്നെ.
പഴത്തില്‍ ചെറിയൊരു പുഴുക്കുത്തേറ്റാല്‍ ആ ഭാഗം മാത്രം മുറിച്ചുകളഞ്ഞാല്‍ മതി, പഴം മുഴുവനും വലിച്ചെറിയേണ്ട. തലമുടി നീണ്ടു വലുതാകും. കണക്കിലേറെ വളര്‍ന്നാല്‍ മുടി വെട്ടിക്കളയണം. അതിന്റെ പേരില്‍ തലവെട്ടുന്നത് മഹാപാതകമാണ്. ശരീരത്തില്‍ ചെളി പുരണ്ടാല്‍ ചെളി മാത്രം നീക്കുക. തൊലി അവിടെത്തന്നെയിരിക്കട്ടെ. ചെളി നീക്കാന്‍ തൊലി നീക്കുന്നത് പാതകം. നഖം പരിധിവിട്ടു വളര്‍ന്നാല്‍ കൈ മുറിച്ചുകളയേണ്ടല്ലോ. പരിധിവിട്ട ഭാഗം മാത്രം മുറിച്ചുകളയുക. മറ്റുള്ളവരില്‍ വല്ല സ്വഭാവദൂഷ്യവും കാണപ്പെട്ടാല്‍ ആ സ്വഭാവദൂഷ്യം മാത്രമേ നീക്കം ചെയ്യാവൂ, വ്യക്തിയെ നീക്കം ചെയ്യരുത്. ബന്ധങ്ങള്‍ക്കിടയില്‍ പിണക്കം സ്വാഭാവികമാണ്. അതു സംഭവിച്ചാല്‍ പിണക്കം മാത്രം തീര്‍ക്കുക. അതിന്റെ പേരില്‍ ബന്ധം തകര്‍ക്കരുത്. പിണക്കം തീര്‍ക്കാതെ ബന്ധം തകര്‍ക്കുന്നത് നഖം വെട്ടാതെ കൈവെട്ടുന്നതുപോലെ കാടത്തമായിരിക്കും.
തെറ്റ് ചെയ്തുപോയതിന്റെ പേരില്‍ സമൂഹം എഴുതിത്തള്ളിയ ഒട്ടനേകമാളുകളുണ്ട് നമുക്കിടയില്‍. സമൂഹത്തിന്റെ അവഗണന അവരെ വീണ്ടും വീണ്ടും തെറ്റുകാരാക്കിമാറ്റുന്നു.. 'ഞങ്ങളെ പരിഗണിക്കാനോ അടുപ്പിക്കാനോ ആരും തയ്യാറല്ല. ഞങ്ങള്‍ ചവറുകള്‍, അതിനാല്‍ ചവറുകളായി തന്നെ തുടരട്ടെ' എന്ന പിന്തിരിപ്പന്‍ബോധമാണ് ആ അവസ്ഥ അവര്‍ക്കു സമ്മാനിക്കുന്നത്. അവരെ വെറുക്കുകയും അറക്കുകയും ചെയ്യുന്നതിനു പകരം അവരുടെ തെറ്റിനെ വെറുത്തിരുന്നെങ്കില്‍, തെറ്റുകളെ അവരില്‍നിന്നും അറുത്തു മാറ്റിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, അവര്‍ ലോകത്തിനു തന്നെ വലിയ മുതല്‍കൂട്ടാകുമായിരുന്നു.
തെറ്റുകാരെ വെറുക്കുമ്പോള്‍ അവിടെ തെറ്റ് തിരുത്തപ്പെടുന്നില്ല. അവരെ തെറ്റിലായി നിലനിര്‍ത്തപ്പെടുകയാണു ചെയ്യുന്നത്. അതുവഴി വലിയ തെറ്റുകാരായി ദിവസേന അവര്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. തെറ്റുകാരോട് 'വിശുദ്ധന്മാര്‍' കാണിക്കുന്ന ഈ അയ്ത്തമനോഭാവം തിരുത്തപ്പെട്ടേ തീരൂ. അല്ലാതിരുന്നാല്‍ ലോകത്തിനിയും തെറ്റുകാരേറും. തെറ്റുകളില്‍നിന്ന് കരേറാനുള്ള സുവര്‍ണാവസരങ്ങള്‍ പാഴായിക്കൊണ്ടേയിരിക്കുകയും ചെയ്യും.
തെറ്റ് മാത്രം തിരുത്തപ്പെടുന്ന സംസ്‌കാരം തീര്‍ച്ചയായും വളര്‍ന്നുവരണം.. വര്‍ദ്ധിച്ചുവരുന്ന തിന്മകള്‍ക്ക് അതു മാത്രമേ പരിഹാരമുള്ളൂ. നന്മ ചെയ്യുന്നവരെ പരിഗണിക്കലും തിന്മ ചെയ്യുന്നവരെ അവഗണിക്കലുമല്ല, നന്മ കല്‍പിക്കലും തിന്മ വിരോധിക്കലുമാണ് മതം നമ്മിലേല്‍പിച്ച ഉത്തരവാദിത്തം. ഒരിക്കലും നന്നാവില്ലെന്ന് നൂറുശതമാനം ഉറപ്പുണ്ടായിട്ടും മൂസാ പ്രവാചകനെ അല്ലാഹു ഫറോവയുടെ അടുക്കലേക്കയച്ചത് ചരിത്രമാണ്. എങ്ങാനും അവന്‍ നന്നായെങ്കിലോ എന്നായിരുന്നു അതിന് പറഞ്ഞിരുന്ന ന്യായം. അബൂജഹ്‌ലിന്റെ അഹങ്കാരം പത്തിമടക്കില്ലെന്ന കാര്യത്തില്‍ സംശയമൊട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും പുണ്യപ്രവാചകന്‍(സ്വ) ആ വാതില്‍ പല തവണ മുട്ടി. ഒരാള്‍ എത്ര വലിയ അബൂജാഹിലായാലും ഫറോവയായാലും അവഗണിച്ചുതള്ളാനുള്ള അധികാരം നമുക്ക് ലഭിച്ചിട്ടില്ല എന്നല്ലേ ഇതിനര്‍ത്ഥം..
വസ്ത്രത്തില്‍ ചെളി വീണാല്‍ ആ ഭാഗം വെട്ടിയൊഴിവാക്കരുത്. ചെളി മാത്രം കഴുകിക്കളയുക. വസ്ത്രത്തിന്റെ പൂര്‍വവിശുദ്ധി തിരിച്ചുവരും. മനുഷ്യരെല്ലാം ചെളി പുണ്ട മുത്തുകളാണ്. ചെളി പുരണ്ടെന്നു കരുതി ആ മുത്തുകളെ വലിച്ചെറിയരുത്. അമൂല്യമായ നിധിയായിരിക്കും നമുക്ക് നഷ്ടമാകുക. അല്‍പം വെള്ളമൊഴിക്കേണ്ട അധ്വാനമേയുണ്ടാകൂ. പൂര്‍വാധികം ശോഭയോടെ മുത്ത് ലങ്കിത്തിളങ്ങുന്നതു കാണാം. തെറ്റ് മാത്രം തിരുത്തിക്കൊടുക്കേണ്ട അധ്വാനമേയുണ്ടാകൂ. തിരുത്തിക്കഴിഞ്ഞാല്‍ പൂര്‍ണവിശുദ്ധനായ ഒരാളുടെ രണ്ടാം ജന്മത്തിനു നമുക്ക് സാക്ഷിയാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."