HOME
DETAILS
MAL
വിദേശ ഉംറ തീർത്ഥാടകർക്കുള്ള അനുമതി; നിബന്ധകൾ പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം
backup
April 20 2021 | 08:04 AM
മക്ക: നിലവിൽ വിദേശത്തുള്ളവർക്കും ഉംറ തീർഥാടന കർമം നിർവഹിക്കാൻ അവസരമുള്ളതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണെന്നും മന്ത്രാലയം നിർദേശിച്ച നിബന്ധനകൾ പൂർണ്ണമായും പാലിച്ച് കൊണ്ട് മാത്രമായിരിക്കും അനുമതി നൽകുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വാക്‌സിൻ സ്വീകരിക്കാത്ത വിദേശ ഉംറ തീർഥാടകരുടെ പൂർണ ഉത്തരവാദിത്തം ഉംറ സർവീസ് കമ്പനികൾക്കാകുമെന്നും വാക്‌സിൻ സ്വീകരിച്ചത് വ്യക്തമാക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റ് തീർഥാടകർ നേടിയിട്ടുണ്ടെന്ന് ഉംറ സർവീസ് കമ്പനികൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തീർഥാടകരുടെ രാജ്യങ്ങളിലെ സർക്കാർ വകുപ്പുകളുടെയും സഊദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് തീർഥാടകർ നേടേണ്ടത്. വാക്‌സിൻ സ്വീകരിച്ചതായി സ്ഥിരീകരിക്കാത്ത തീർഥാടകർ രാജ്യത്തെത്തുന്ന പക്ഷം സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെ അവരെ നിരീക്ഷിക്കുകയും അവർക്ക് സേവനങ്ങൾ നൽകുകയും ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഉംറ സർവീസ് കമ്പനികൾക്കാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വാക്‌സിൻ സ്വീകരിച്ച്, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉംറ വിസയിൽ എത്തുന്നവർ ഉംറ നിർവഹിക്കുന്നതിന് ആറു മണിക്കൂർ മുമ്പ് മക്കയിലെ ഇനായ (കെയർ) സെന്ററിൽ എത്തണം. സഊദിയിൽ അംഗീകാരമുള്ള വാക്‌സിനുകളുടെ ഇനം അനുസരിച്ച് തീർഥാടകർ വാക്‌സിൻ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷം തീർഥാടകർക്ക് പ്രത്യേക വളകൾ കൈമാറും. സെന്ററിൽ കഴിയുന്ന സമയത്തെല്ലാം തീർഥാടകർ വള ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനു ശേഷം തീർഥാടകരെ അൽശുബൈക ഒത്തുചേരൽ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇവിടെ വെച്ച് പെർമിറ്റ് വിവരങ്ങൾ പരിശോധിക്കുന്നതിന് തീർത്ഥാടകർ തങ്ങളുടെ വളകൾ കാണിച്ചുകൊടുക്കണം. ശേഷം ഓരോരുത്തർക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് തീർഥാടകർക്ക് ഉംറ നിർവഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. നിലവിൽ സഊദിയിലെ ആരോഗ്യ വ്യവസ്ഥകൾക്ക് അനുസൃതമായി 'ഇഅ്തമർനാ', 'തവക്കൽനാ' ആപ്പുകൾ വഴിയാണ് എല്ലാവർക്കും ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത്.
അതേസമയം, ആറു മാസത്തിനിടെ 45 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്‌ടോബർ നാലു മുതൽ റമദാൻ ഒന്നു (ഏപ്രിൽ 13) വരെയുള്ള ദിവസങ്ങളിൽ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും അടക്കം ആകെ 45,14,000 ത്തോളം പേരാണ് ഉംറ നിർവഹിച്ചത്. ഇക്കാലയളവിൽ ആകെ 1,06,11,000 പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഉംറ നിർവഹിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും ആകെ ഒന്നര കോടിയിലേറെ പേരാണ് ഇക്കാലയളവിൽ വിശുദ്ധ ഹറമിലെത്തിയതെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."