കൊവിഡ് രൂക്ഷം; അടുത്ത മാസം 17 മുതല്‍ സഊദിയിൽ നിന്നു ഇന്ത്യയിലേക്ക് വിമാന സർവീസ് നടത്തില്ല
ജിദ്ദ: സഊദിയിൽ നിന്ന് അടുത്ത മാസം 17 മുതല്‍ ഇന്ത്യയിലേക്ക് വിമാന സർവീസ് നടത്തില്ല. പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ 20 രാജ്യങ്ങളിലേക്ക് സര്‍വീസുകളുണ്ടാകില്ലെന്ന് ദേശീയ വിമാന കമ്പനിയായ സഊദിയ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും.
വിമാന സര്‍വീസ് വിലക്ക് മെയ് 17 മുതല്‍ എടുത്തുകളയുമോയെന്നും വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുമോയെന്നുമുള്ള സഊദി പൗരന്മാരില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സഊദിയ ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ എടുത്തുകളയുന്നത് കൊറോണ വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ബാധകമല്ലെന്ന് സഊദിയ വ്യക്തമാക്കി. കൊറോണ വ്യാപനം രൂക്ഷമായ ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയില്‍ പ്രവേശിക്കുന്നത് ഫെബ്രുവരി മൂന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്.
ഇന്ത്യ, അര്‍ജന്റീന, യു.എ.ഇ, ജര്‍മനി, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്റ്, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയില്‍ പ്രവേശിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സഊദി പൗരന്മാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
സഊദിയില്‍ പ്രവേശിക്കുന്നതിന് പതിനാലു ദിവസം മുമ്പ് ഈ രാജ്യങ്ങളിലൂടെ കടന്നുപോയ മറ്റു രാജ്യക്കാര്‍ക്കും പ്രവേശന വിലക്ക് ബാധകമാണ്. കൊറോണ വാക്‌സിന്‍ ശേഖരം ലഭിക്കാന്‍ കാലതാമസം നേരിടുന്ന കാര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് 17 ലേക്ക് നീട്ടിവെച്ചതായി ആഭ്യന്തര മന്ത്രാലയം ജനുവരി 29 ന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."