വികാസ് യാത്രക്കിടെ ബി.ജെ.പി മന്ത്രിക്കു നേരെ ചൊറിയന്‍ പൊടി പ്രയോഗം; നടുറോഡില്‍ കുര്ത്തയഴിച്ച് ദേഹം കഴുകി മന്ത്രി
ഭോപാല്‍: മധ്യപ്രദേശില്‍ ചൊവ്വാഴ്ച നടന്ന വികാസ് രഥ് യാത്രക്കിടെ ബി.ജെ.പി മന്ത്രിക്കുനേരെ ചൊറിയന്‍ പൊടിയേറ്. പൊടി ദേഹത്തായതും ചൊറി സഹിക്കാന്‍ പറ്റാതെ മന്ത്രി ജനമധ്യത്തിലാണെന്നൊന്നും നോക്കാതെ കുര്‍ത്തി ഊരി ദേഹം കഴുകി. കാഴ്ചക്കാരിലാരോ എടുത്ത സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്തെ മന്ത്രി ബ്രജേന്ദ്ര സിങ് യാദവിന് നേരെയായിരുന്നു അജ്ഞാതന്റെ ചൊറിയന്‍ പൊടി പ്രയോഗം. യാത്രക്കിടെയുള്ള പൊതുയോഗത്തിലായിരുന്നു സംഭവം. സ്വന്തം നിയമസഭാ മണ്ഡലമായ മുങ്കോളിയിലൂടെ യാത്ര മുന്നേറുമ്പോഴാണ് മന്ത്രിക്ക് പൊടി പ്രയോഗം ഏല്‍ക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം മറ്റൊരു വികാസ് യാത്രാ സംഘത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വികാസ് രഥ് യാത്ര കന്ദ്വ ജില്ലയിലെ പൊളിഞ്ഞ റോഡില്‍ നിന്നു. ഈ സമയം പ്രദേശത്തെ എം.എല്‍.എയും ഗ്രാമത്തലവനായ സര്‍പാഞ്ചും തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കമുണ്ടായി. പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ റോഡിനു പോലും സര്‍ക്കാര്‍ അംഗീകാരം നല്കാതിരിക്കുമ്പോള് വികാസ് യാത്രയുടെ ആവശ്യമെന്തെന്നായയിരുന്നു എം.എല്‍.എയോടുള്ള സര്‍പാഞ്ചിന്റെ ചോദ്യം.
'കോണ്‍ഗ്രസ് മോശമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. പക്ഷേ, നിങ്ങള്‍ (ബി.ജെ.പി) കോണ്‍ഗ്രസിനേക്കാള്‍ മോശമാണ്. ഞങ്ങള്‍ക്ക് നല്ല റോഡ് നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല'. സര്‍പാഞ്ച് എം.എല്‍.എയോട് രൂക്ഷമായി പറഞ്ഞു. നിങ്ങള്‍ വോട്ട് ചെയ്യേണ്ടതില്ല. അത് നിങ്ങളുടെ അവകാശമാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി.
വികാസ് രഥ് യാത്ര മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് ഞായറാഴ്ചയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 29 വരെ യാത്ര തുടരും. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ സംസ്ഥാനമെങ്ങും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യാത്രയെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."