പുതൂര്‍ പള്ളി പഴനിയമ്മ
റമദാനില്‍ പുതൂര്‍ പള്ളിയില്‍ നിന്ന് ഉയരുന്ന വാങ്കൊലിക്ക് മതസൗഹാര്‍ദത്തിന്റെ സുഗന്ധം കൂടിയുണ്ട്. അമ്മിണിയമ്മയെന്ന പഴനിയമ്മ ഇഷ്ടദാനമായി നല്‍കിയ ഭൂമിയിലാണ് പാലക്കാട് അട്ടപ്പാടി പുതൂര്‍ ബയാനുല്‍ ഇസ്‌ലാം ജുമാമസ്ജിദും മദ്‌റസയുമുള്ളത്. ഉത്തരേന്ത്യയില്‍ പള്ളികളും മതചിഹ്നങ്ങളും കൈയേറ്റത്തിനും ആക്രമണത്തിനും വിധേയമാകുന്ന കാലത്താണ് അമ്മിണിയമ്മ മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃകയാവുന്നത്. \
നാലു പതിറ്റാണ്ട് പഴക്കമുള്ളതാണ് പുതൂര്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന ജുമാമസ്ജിദും മദ്‌റസയും. കാലപ്പഴക്കത്താല്‍ മസ്ജിദിന്റെ ചുവരുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും അപകടാവസ്ഥയിലാവുകയും ചെയ്തു. വര്‍ഷക്കാലത്ത് അടുത്തുകൂടെ കുത്തിയൊഴുകുന്ന തോട് നിറഞ്ഞ് കവിഞ്ഞതിനാല്‍ പള്ളിയിലേക്കും വെള്ളം കിനിഞ്ഞിറങ്ങിയിരുന്നു. തോടിന്റെ ഭാഗം കെട്ടുന്നതിനും നവീകരണത്തിനും നിലവിലെ ഭൂമി തികയാതെ വന്നു. തൊട്ടടുത്ത ഭൂമി വിലകൊടുത്ത് വാങ്ങാന്‍ പള്ളി ഭാരവാഹികള്‍ ഭൂവുടമ അമ്മിണിയമ്മയെ സമീപിച്ചു.''പള്ളിക്കല്ലേ, ആവശ്യമുള്ളത് എടുത്തോളൂ'' എന്നായിരുന്നു അമ്മിണിയമ്മയുടെ മറുപടി.
സ്ഥലം നിര്‍ണയിക്കാന്‍ ഭാരവാഹികള്‍ നിര്‍ബന്ധിച്ചപ്പോള്‍ ആവശ്യമുള്ള ഭാഗത്ത് അടയാളമിടാന്‍ പറഞ്ഞു. ഭാരവാഹികള്‍ നിര്‍ണയിച്ചതിലധികം വിട്ടുനല്‍കാന്‍ അമ്മിണിയമ്മ തയാറാവുകയായിരുന്നു. എന്നാല്‍ ആവശ്യമായതു മതിയെന്ന് ഭാരവാഹികള്‍ തീര്‍ത്തുപറഞ്ഞു. ശിലാസ്ഥാപന ചടങ്ങില്‍ വച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അമ്മിണിയെ ആദരിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നവരില്‍ കൂടുതലും സഹോദര സമുദായക്കാരായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന പുതൂര്‍ ടൗണിലെ കണ്ണായ സ്ഥലമാണിത്. എന്താണ് പള്ളിക്ക് സ്ഥലം നല്‍കാന്‍ കാരണമെന്നതിനും അമ്മിണിയമ്മക്ക് മറുപടിയുണ്ട്. ''ഭൂമിയൊന്നും ആരും മരിച്ചാല്‍ കൊണ്ടുപോവുകയില്ലല്ലോ. അത് നല്ല കാര്യത്തിന് വേണ്ടി ചെലവഴിക്കുക. അതിന്റെ പുണ്യം എനിക്കും എന്റെ പേരമക്കള്‍ക്കും കിട്ടണ''മെന്ന് തമിഴ് ചുവയുള്ള മലയാളത്തില്‍ 65കാരി പറയുന്നു. പൂര്‍വീകരായി തമിഴ്‌നാട്ടില്‍ നിന്ന് വന്ന് പുതൂരില്‍ താമസമാക്കിയതാണ് കുടുംബം. ഭര്‍ത്താവ് മാരിമുത്തു 15 വര്‍ഷം മുമ്പും മരുമകന്‍ 22 വര്‍ഷം മുമ്പും മരിച്ചു. ഏക മകള്‍ക്കും പേരമക്കള്‍ക്കുമൊപ്പമാണ് ഇവിടെ താമസിക്കുന്നത്. ഉപജീവനത്തിനായി തൊഴിലുറപ്പ് ജോലിയും കൃഷിയും ചെയ്യുന്നു. പള്ളിക്ക് ആവശ്യമെങ്കില്‍ ഇനിയും ഭൂമി നല്‍കാന്‍ തയാറാണെന്ന് അമ്മിണിയമ്മ പറയുന്നു.
ആഘോഷമായി പള്ളി ഉദ്ഘാടനം
കഴിഞ്ഞ മാസം 31നായിരുന്നു പള്ളി ഉദ്ഘാടനം. മുസ്‌ലിംകളായി ആകെ 18 കുടുംബങ്ങളാണ് പുതൂര്‍ മഹല്ലിലുള്ളത്. തെക്ക് നീലഗിരി കുന്നുകളും പടിഞ്ഞാറ് സൈലന്റ് വാലി മലനിരകളും വടക്ക് ഭവാനിപ്പുഴയും കിഴക്ക് തമിഴ്‌നാടും അതിര്‍ത്തിയുള്ള അട്ടപ്പാടിയിലെ ഏറ്റവും നീളം കൂടിയ പഞ്ചായത്തായ പുതൂരിലെ ഏക ജുമാമസ്ജിദാണിത്. അതുകൊണ്ടു തന്നെ സഹോദര മതവിശ്വാസികളും ഭയഭക്തി ബഹുമാനത്തോടെയാണ് പള്ളിയെ കാണുന്നത്. ഉദ്ഘാടനത്തിന് മുമ്പേ തോരണങ്ങള്‍ തൂക്കാനും സമസ്തയുടെ പതാക കെട്ടുവാനും മുന്‍നിരയിലുണ്ടായിരുന്നത് പ്രദേശവാസികളായ ഷണ്‍മുഖനും ശരവണനും സംഘവുമായിരുന്നു. സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, സൂഫീവര്യന്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഒ.എം.എസ് തങ്ങള്‍ എന്നീ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയിലേക്ക് അതിഥികള്‍ക്ക് മുഴുവന്‍ കരിക്ക് നല്‍കി സല്‍ക്കരിച്ചതും സഹോദര സമുദായക്കാരായിരുന്നു.
മൂസ ദാരിമിയുടെ വരവ്
മണ്ണാര്‍ക്കാട്ടുനിന്ന് വിനോദസഞ്ചാര മേഖലയായ ഊട്ടിയിലേക്കുള്ള എളുപ്പ പാതയായ താവളം മുള്ളി പാതയോട് ചേര്‍ന്നാണ് പുതൂര്‍ പള്ളി നിലകൊള്ളുന്നത്. 1980 കാലയളവില്‍ നിര്‍മിച്ചതാണ് പള്ളി. 15 വര്‍ഷം മുമ്പാണ് കോണ്‍ക്രീറ്റ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലം പള്ളിയിലെ ഏക ജീവനക്കാരനെ ഒഴിവാക്കി ജുമുഅ മാത്രം നടത്തികൊണ്ടുപോവാനാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷും എസ്.വൈ.എസ് അട്ടപ്പാടി ഏരിയ പ്രസിഡന്റുമായ കെ.മൂസ ദാരിമിയെ ഭാരവാഹികള്‍ സമീപിച്ചത്. എന്നാല്‍ അതോടെ പുതിയൊരു ചരിത്രം രചിക്കപ്പെടുകയായിരുന്നു. മുഫത്തിഷുമാര്‍ക്ക് മറ്റു ജോലികള്‍ക്ക് അനുമതി ഇല്ലെങ്കിലും പുതൂരിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ജമാഅത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കാനും ഖതീബായും മൂസ ദാരിമി തയാറായി.
വീട്ടില്‍ നിന്നും 30ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് മൂസ ദാരിമി ഈ സൗജന്യ സേവനം രണ്ടു വര്‍ഷമായി തുടരുന്നത്. വരിസംഖ്യ കൊണ്ട് മാത്രം ഒരു ജീവനക്കാരനെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ ദാരിമി തന്നെ തന്റെ സുഹൃദ്‌വലയത്തിലെ സുമനസ്സുകളെ കണ്ട് മാസ വരിസംഖ്യ ഏര്‍പ്പെടുത്തി. മദ്‌റസയിലേക്കും പള്ളിയിലേക്കും ഒരു സ്ഥിരം ജീവനക്കാരനെയും ഏര്‍പ്പാട് ചെയ്തു. ആദ്യം സമസ്തയുടെ കൈതാങ്ങ് പദ്ധതികളും പ്രളയ ഫണ്ടും ഉപയോഗപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ ബോര്‍ഡില്‍ അവധിയുള്ള മിക്ക സമയവും ദാരിമി ചെലവഴിക്കുന്നത് പുതൂരിലാണ്. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ഇടപെടലും പൊതുജനങ്ങളെ സ്വാധീനിക്കുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തകരെ പുതൂരിലേക്ക് കൊണ്ടുവന്ന് പ്രാക്തന ഗോത്ര ഊരുകളായ ഇടവാണി, ഭൂതയാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ജനസ്വാധീനമുണ്ടാക്കി. അതോടെ പള്ളിയുടെ പ്രധാന വരുമാനമായ ഗുണ്ടികകള്‍ ഇതര മതസ്ഥരും വീടുകളില്‍ സ്ഥാപിച്ചു. മഹല്ല് നടത്തുന്ന കുറിയുടെ പ്രധാന ഗുണഭോക്താക്കളും അവര്‍ തന്നെയാണ്. ചെറിയൊരു മഹല്ല് പോലും എങ്ങനെ മതസൗഹാര്‍ദവും ജനസ്വാധീനവും ഉള്ളതാക്കാന്‍ പറ്റുമെന്ന വലിയ സന്ദേശമാണ് പുതൂര്‍ പള്ളി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."