വിശ്വനാഥൻ ജാതി- ദേശം- രൂപം
ഇ.കെ ദിനേശൻ
മനുഷ്യനെ മനുഷ്യനായി കാണാത്തിടത്തോളം ഏതു നവോത്ഥാനവും ആന്തരികമായി പൊള്ളയാണ്. നവോത്ഥാനം നിർമിച്ച സാമൂഹികബോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അപരത്വത്തിന്റെ നിഷേധമാണ്. ഏതുതരത്തിലും നിഷേധിക്കപ്പെടേണ്ടതാണത്. ജാതി, ദേശം, രൂപം, സമ്പത്ത് തുടങ്ങിയവയെ സാംസ്‌കാരിക ഉൽപ്പന്നമായി കാണുന്നവർ കേരളത്തിൽ ഇപ്പോഴമുണ്ട്. അതുവച്ച് വ്യക്തിത്വത്തെ നിർണയിക്കുന്നരീതി മലയാളികളിൽ ശക്തിപ്പെടുകയാണ്. പൊതു ഇടങ്ങളായ ആശുപത്രിയിലും ബസ് സ്റ്റാന്റിലും പൊലിസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലും വേഷംകൊണ്ടും ശരീരപ്രകൃതികൊണ്ടും മനുഷ്യരെ അളക്കുന്നരീതി കൂടിവരികയാണ്. ഇത്തരം വിലയിരുത്തുലുകളിൽ ഇരകളാവുന്ന തൊണ്ണൂറ് ശതമാനവും കീഴ്ജാതി മനുഷ്യരായിരിക്കും. ഇവരെ പ്രതികളാക്കാൻ എളുപ്പം കഴിയും. കാരണം, ഇവരെ കേൾക്കാൻ വ്യക്തിയോ ആൾക്കൂട്ടമോ തയാറല്ല. സത്യം പറഞ്ഞാലും ശരീരംതന്നെ നിന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആൾക്കൂട്ടം പറയും. അതാണ് അട്ടപ്പാടി മധുവിനെ അടിച്ചു കൊല്ലാൻ 'പരിഷ്‌കൃത' മനുഷ്യർക്ക് ധൈര്യം നൽകിയത്.
അട്ടപ്പാടിയിലെ മധുവിനെ അടിച്ചുകൊന്നിട്ട് ഈ മാസം 22ന് 5 വർഷം പൂർത്തിയാവുകയാണ്. ഇന്നും ആ കേസ് ഇഴഞ്ഞുനീങ്ങുകയാണ്. നവോത്ഥാന കേരളം മധുവിനെക്കുറിച്ച് പറയാറുണ്ട്. എന്നാൽ അതിനെ തുടർന്നുണ്ടായ ഒരു ചർച്ചയ്ക്കും സംവാദത്തിനും കീഴ്ജാതി മനുഷ്യരോടുള്ള സമീപനത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ പൊതുബോധത്തിൽ മനുഷ്യന്റെ വേഷവും രൂപവും സാമൂഹികപദവിയും വ്യക്തിയെ അളന്നെടുക്കാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് മർദനമേറ്റ വിശ്വനാഥൻ കഴിഞ്ഞദിവസം ആത്മഹത്യചെയ്തത് എന്തിനായിരിക്കും? ആദ്യ കുഞ്ഞിനെ താലോലിക്കാനുള്ള മോഹത്തെപ്പോലും മാറ്റിമറിച്ചതായിരിക്കണം അയാളുടെ മനസിനും ശരീരത്തിനും ഏറ്റ ആഘാതങ്ങളും മുറിപ്പാടുകളും. മോഷണക്കുറ്റം ചമച്ച് മർദിക്കാൻ കാരണം, കള്ളനാണ് എന്ന് വിശ്വനാഥനെ കണ്ടമാത്രയിൽ വിധിയെഴുതിയതാണ്. പുരോഗമന കേരളത്തിന്റെ ഈ നീതി യുക്തിബോധം രൂപപ്പെടുന്നത് മലയാളിയുടെ മനസിലെ സവർണതയിൽനിന്നാണ്. മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിന്റെ യുക്തിബോധം തന്നെയാണ് വിശ്വനാഥന്റെ കാര്യത്തിലും പ്രവർത്തിച്ചത്.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതാണ് വിശ്വനാഥൻ. ഭാര്യയുടെ പ്രസവത്തിന് കൂട്ടായി വന്നതാണെന്ന് പലവട്ടം പറഞ്ഞിട്ടും മർദിച്ചശേഷം ആൾക്കൂട്ടം അയാളെ പിടിച്ച് സുരക്ഷാജീവനക്കാരെ ഏൽപ്പിച്ചു. മോഷണം നടന്നാൽത്തന്നെ കുറ്റാരോപിതരെ മർദിക്കാൻ എന്താണ് അധികാരം? മറ്റാരിലും തോന്നാത്ത കള്ളലക്ഷണം എന്തുകൊണ്ട് വിശ്വനാഥനിൽ മാത്രം കാണാൻ കഴിഞ്ഞു. ആൾക്കൂട്ടത്തിൽ ഒരാളായി നിൽക്കുമ്പോൾ തന്റെ രൂപത്തിലേക്ക് വന്നുപതിക്കുന്ന ഓരോ കണ്ണും സ്വത്വത്തെ നിർണയിച്ചുകഴിഞ്ഞു എന്ന് ഈ പാവം മനുഷ്യൻ ധരിച്ചുകാണില്ല.
ആൾക്കൂട്ടത്തിൽനിന്ന് കാണാതായിപ്പോയ മൊബൈൽ ഫോൺ കട്ടത് വിശ്വനാഥനാണെന്ന് ഒരു നോട്ടംകൊണ്ട് വിധിയെഴുതുന്നതിന്റെ പേരാണ് നമ്മുടെ നവോത്ഥാനം. അവിടെയുണ്ടായിരുന്ന മറ്റു പലർക്കും ഇല്ലാത്ത കുറെഘടകങ്ങൾ വിശ്വനാഥനിൽ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് അയാൾ കീഴ്ജാതി മനുഷ്യനാണെന്ന സത്യമാണ്. രണ്ടാമതായി, അയാളുടെ വേഷവും രൂപവും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നുണ്ട്. ഈ വ്യത്യസ്തത രൂപപ്പെടുന്നത് അയാൾ(വിശ്വനാഥൻ) കാരണമല്ലെന്ന് തിരിച്ചറിയാൻ അദ്ദേഹത്തെ മർദിച്ച, വിചാരണചെയ്ത സവർണ മനുഷ്യർക്ക് മനസ്സിലായില്ല. ഇവിടെ സവർണത എന്നുള്ളത് ജാതിഘടനയുടെ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ജാതിയിൽ തന്നെ പ്രവർത്തിക്കുന്ന ഘടനാസ്വഭാവമെന്നത് നായരിൽനിന്ന് ഈഴവരിലേക്കുള്ള ദൂരം, അവിടെനിന്ന് പുലയരിലേക്കുള്ള ദൂരവും കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. സവർണബോധമുള്ളവർ ഓരോ ജാതിയുടെയും പദവിക്ക് അനുസരിച്ചാണ് ജാതിബോധത്തെ ചലിപ്പിക്കുന്നത്. ആ അർഥത്തിൽ വിശ്വനാഥന്റെ രൂപം സൂചിപ്പിക്കുന്നത് ആൾക്കൂട്ടത്തിലെ ഏറ്റവും താഴ്ന്ന സാമൂഹിക പദവിയിൽ നിൽക്കുന്നയാളാണെന്നാണ്. മെഡിക്കൽ കോളജിലെ രോഗികൾക്ക് കൂട്ടിരിപ്പിനായിവന്ന നൂറുകണക്കിന് മനുഷ്യരിൽ ഒരുപക്ഷേ വേഷം, ശരീരപ്രകൃതി, ഇടപെടൽ എന്നിവയാൽ വിശ്വനാഥൻ തികച്ചും വ്യത്യസ്തനായിരിക്കാം. അയാൾക്ക് പുരോഗമന നവോത്ഥാന സമൂഹത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അത്ര അറിയില്ല. എന്നാൽ കേരളത്തിലെ ജനാധിപത്യ അധികാരപരിധിക്കുള്ളിൽ ജീവിക്കുന്ന വിശ്വനാഥന് ചില പ്രത്യേക സാമൂഹികപദവികൾ ഭരണഘടന നൽകിയിട്ടുമുണ്ട്. എന്നിട്ടും ശരാശരി മനുഷ്യജീവിത പരിസരത്തേക്ക് നടന്നെത്താൻ ഇത്രയും കാലം വിശ്വനാഥന് കഴിയാതെപോയതിന്റെ കാരണം എന്താണ്? അത് അയാളോ ഉൾക്കൊള്ളുന്ന സമൂഹമോ ചെയ്ത കുറ്റംകൊണ്ടല്ല. കേരളത്തിലെ സർക്കാരും രാഷ്ട്രീയസംവിധാനവും നവോത്ഥാനാനന്തരം ഉണ്ടാക്കിയ സാമൂഹിക വ്യവഹാരങ്ങളുമാണ് ഉത്തരവാദി. ഇത്തരം മനുഷ്യരെ അകറ്റിനിർത്തി ചൂഷണം ചെയ്തതിന്റെ ഫലംകൂടിയാണിത്. ഇത് അറിയാവുന്നവർ തന്നെയാണ് രൂപംകൊണ്ട് ഒരാളെ കള്ളനായി പ്രഖ്യാപിക്കുന്നത്.
ഭാര്യക്ക് കൂട്ടിരിക്കാൻ വന്നതാണെന്ന് വിശ്വനാഥനെ മുൻനിർത്തി ഭാര്യാമാതാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനുമുമ്പുതന്നെ ക്രൂരമർദനം ഏറ്റുവാങ്ങിയിട്ടുണ്ട് വിശ്വനാഥൻ. തുടർന്ന് കൈയിലുള്ള ഫോണും ഷർട്ടും ചെരിപ്പും ഭക്ഷണം കഴിക്കാനുള്ള പാത്രവും ഒരു കവറിലാക്കി ഉപേക്ഷിച്ചിട്ടാണ് അയാൾ ആത്മഹത്യക്ക് ഒരുങ്ങുന്നത്. പത്തുമാസത്തോളം കാത്തിരുന്ന തന്റെ കുഞ്ഞിനെ മനസുനിറഞ്ഞു കാണാനുള്ള ആഗ്രഹംപോലും ഉപേക്ഷിച്ചാണ് മരണത്തിലേക്ക് നടന്നുപോയത്. അദ്ദേഹത്തിനേറ്റ മർദനം ചെന്നുപതിച്ചത് ശരീരത്തിൽ അല്ലെന്ന് നൂറുശതമാനം ഉറപ്പാണ്. അങ്ങനെയാണെങ്കിൽ ചികിത്സിച്ച് മാറ്റാമായിരുന്നു. മർദിച്ചതിനേക്കാളും ഭീകരമായ മാനസിക അപമാനമായിരിക്കാം അനുഭവിച്ചത്. ഏതു മനുഷ്യനുമുള്ള ആത്മാഭിമാനത്തിന്റെ വിലയാണ് വിശ്വനാഥന്റെ മരണത്തിന്റെ വില. സമൂഹത്തിൽ വേഷം, രൂപം, വസ്ത്രം എന്നിവയാലും അതുണ്ടാക്കുന്ന സാംസ്‌കാരിക പദവിയാലും മനുഷ്യനെ വ്യക്തിത്വമുള്ളവനായി പ്രഖ്യാപിക്കുന്ന കേരളത്തിന്റെ ഇരയാണ് അയാൾ.
വർത്തമാന നവോത്ഥാന മൂല്യത്തെ ഉടച്ചുവാർക്കാതെ ഈ പൊതു കുറ്റവിചാരണ അവസാനിക്കില്ല. ബലാത്സംഗ കേസിൽ പെട്ട 'മാന്യന്മാർ' സുഖമായി ജീവിക്കുന്നിടത്താണ് വിശ്വനാഥൻ ആത്മഹത്യചെയ്തത് എന്നോർക്കണം. ഇത് ആൾക്കൂട്ട പൊതുബോധത്താൽ നിർമിതമായ ഹിംസയുടെമാത്രം രൂപമല്ല. ഭരണകൂടവും വിവിധ സംവിധാനങ്ങളും കീഴ്ജാതി മനുഷ്യരോട് സ്വീകരിക്കുന്ന നിലപാടാ ണ്. മധുവിന്റെ മരണത്തിൽ എന്നപോലെ വിശ്വനാഥന്റെ മരണത്തിലും ഇത് പ്രകടമാണ്. ഇദ്ദേഹത്തിൻ്റെ സഹോദരൻ വിനോദ് പറഞ്ഞത് ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വനാഥനെ കാണാതായതിനുശേഷം പൊലിസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോൾ സ്വീകരിച്ചില്ല. എന്നുമാത്രമല്ല, വയനാട്ടിൽനിന്ന് കുറെ പേരെത്തും എന്നിട്ട് കാണാനില്ലെന്ന് പറഞ്ഞുവരുമെന്ന് പൊലിസ് പറഞ്ഞു എന്നാണ് വിനോദ് പറയുന്നത്. മാത്രമല്ല, മദ്യപിച്ചിട്ടുണ്ട് എന്ന ആരോപണംകൂടി തനിക്കുനേരെ ഉന്നയിച്ചെന്നും എന്നാൽ പരിശോധിച്ചോ എന്ന് പറഞ്ഞപ്പോഴാണ് കേസെടുക്കാൻ തയാറായതെന്നുകൂടി അദ്ദേഹം പറയുന്നുണ്ട്. ഈ പ്രസ്താവന അത്ര ലാഘവത്തോടെ തള്ളിക്കളയേണ്ടതല്ല. ജനാധിപത്യത്തിൽ നീതിക്ക് വ്യത്യസ്തമായ അളവുകോൽ ഇല്ല. വയനാട്ടിൽനിന്ന് എത്തുന്നവർക്ക് വല്ല കുറവുമുണ്ടെങ്കിൽ അതിനു കാരണം, ഭരണകൂട സംവിധാനങ്ങൾ നടത്തിയ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനത്തിന്റെ ഫലമാണ്. പരാതി സ്വീകരിക്കുന്നത് പരാതിക്കാരൻ എവിടെനിന്ന് വന്നു എന്ന് നോക്കിയല്ല. ആ പരാതിയുടെ യുക്തിക്ക് അനുസരിച്ച് പരിഹാരം കണ്ടെത്തുക എന്നുള്ളതാണ് നിയമസംവിധാനത്തിന്റെ രീതി. ചില മനുഷ്യർക്ക് മാത്രം അങ്ങനെ വേണ്ടെന്ന് ഭരണകൂട സംവിധാനം തീരുമാനിക്കുന്നുണ്ടെങ്കിൽ അതിനു പറയുന്ന പേരാണ് വംശീയത. ഇവിടെയാണ് ജാതിബോധം ഉണരുന്നത്. ഇതേ പരാതി ഉയർന്ന ജാതിയിൽപ്പെട്ടവനോ ചിലപ്പോൾ ഈഴവനോ പറഞ്ഞാൽ പൊലിസ് സ്വീകരിക്കാൻ തയാറാണ്. എന്നാൽ വിശ്വനാഥൻ വയനാട്ടിൽനിന്ന് വന്നവനാണെന്നും വയനാട്ടിലുള്ളവർ ഇങ്ങനെയൊക്കെയാണ് എന്ന പൊതുബോധം നിലനിൽക്കുന്നതിന്റെ പേരാണ് നീതിവിവേചനം. ഇത് 'നമ്മുടെ ' നിയമസംവിധാനത്തിൽ ആണെന്നുകൂടി ഓർക്കേണ്ടതുണ്ട്. ഇതൊക്കെ നടക്കുമ്പോഴും ഞാനെന്നും കണ്ടില്ല രാമനാരായണ എന്ന് പറഞ്ഞ് കണ്ണടക്കുന്നവർ നവോത്ഥാനത്തിന്റെ തിളച്ചുമറിയലിൽ ആത്മാഭിമാനം കൊള്ളുകയാണ്.
നമുക്കിടയിൽ ഇരയുടെ ജാതി, ദേശം, സമ്പത്ത്, ശരീരം ഇതൊക്കെ കാഴ്ചയിൽ വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള കാരണങ്ങളാണ്. വിശ്വനാഥൻ കള്ളനാണെന്ന് ആൾക്കൂട്ടം പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടത് അൽപ്പമെങ്കിലും മനുഷ്യത്വമുള്ള മനുഷ്യരാണ്. മെഡിക്കൽ കോളജിന് മുൻപിലെ കാമറ പരിശോധിച്ച് അദ്ദേഹത്തെ തല്ലിയ മുഴുവൻ പേർക്കുമെതിരേ കേസെടുക്കണം. ഇത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്, അതുകൊണ്ട് വലിയ കാര്യമുണ്ടാവില്ലെങ്കിലും. മധുവിന്റെ കേസിന്റെ നാൾവഴി അതാണ് സൂചിപ്പിക്കുന്നത്. എങ്കിലും നോട്ടത്തിലൂടെ മനുഷ്യന്റെ പൊതുസ്വത്വത്തെ നിർണയിക്കുന്നതിനു വിലങ്ങുതടിയാവാൻ നീതിക്ക് കഴിയണം. ആൾക്കൂട്ട വിചാരണയുടെ നീതിരാഹിത്യത്തെ പ്രതിരോധിക്കാൻ സർക്കാരാണ് തയാറാവേണ്ടത്. കുറ്റം ചെയ്താൽ നിയമത്തിന്റെ വഴിയിൽ തെളിയിക്കട്ടെ. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."