തൃശൂര്‍ പൂരത്തിനിടെ അപകടം; പകല്‍പ്പൂരം ഉപേക്ഷിച്ചു; കരിമരുന്ന് പ്രയോഗവും ഇല്ല, പൂരത്തിനു പരിസമാപ്തി
തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗങ്ങളായ നടത്തറ രമേശന്‍, പൂങ്കുന്നം പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രിപൂരത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ സമയത്തായിരുന്നു അപകടം.
രണ്ടുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്ക്, അതേ സമയം ദുരന്ത പശ്ചാത്തലത്തില്‍ പകല്‍പ്പൂരം ഉണ്ടാവില്ല. കരിമരുന്ന് പ്രയോഗവും വേണ്ടെന്നുവെച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിനായി ഒരുക്കിയ വെടിക്കോപ്പുകള്‍ പൊട്ടിച്ചു തീര്‍ത്തു. വെടിക്കോപ്പുകള്‍ കുഴികളില്‍ നിറച്ചതിനാല്‍ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ഫലത്തില്‍ പൊട്ടച്ച് തീര്‍ക്കല്‍ വെടിക്കെട്ടു തന്നെയായി മാറി. തിരുവമ്പാടിയായിരുന്നു ആദ്യം തീ കൊളുത്തിയത്. നഗരത്തെ പ്രകമ്പനം കൊള്ളിച്ചായിരുന്നു വെടിക്കോപ്പുകള്‍ പൊട്ടിയത്. തിരുവമ്പാടിയും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് സാമഗ്രികള്‍ നേരത്തെ ഒരുക്കിയിരുന്നു.
ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താന്‍ പൊലിസ് അനുമതി നല്‍കിയത്. അപകടം ഇല്ലാതിരിക്കാന്‍ പല തവണ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.
[video width="352" height="640" mp4="https://suprabhaatham.com/wp-content/uploads/2021/04/WhatsApp-Video-2021-04-24-at-5.00.39-AM.mp4"][/video]
ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ പഞ്ചവാദ്യം നടക്കുന്നതിനിടെയാണ് സംഭവം. പകല്‍ പൂരത്തിന്റെ ആവര്‍ത്തനമായി രാത്രിയും മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കാറുണ്ട്. കൂറ്റന്‍ ആല്‍മര ചുവട്ടില്‍ മേളം കൊട്ടുന്നതിനിടെ കൊമ്പ് അടര്‍ന്നു വീഴുകയായിരുന്നു. പ്രത്യേകിച്ച് കാറ്റോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള ആല്‍ മരത്തിന്റെ കൊമ്പ് വാദ്യകാര്‍ക്കിടയിലാണ് പതിച്ചത്.
ദേശക്കാര്‍ അടക്കം നാല്‍പ്പതിന് അടുത്ത് ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. വാദ്യം മുറുകി നില്‍ക്കുന്ന സമയമായതിനാല്‍ കൊമ്പ് അടര്‍ന്നു വീഴുന്ന ശബ്ദം കേള്‍ക്കാനായില്ല. ഓടി മാറാന്‍ കഴിയും മുന്‍പ് പലരും മരത്തിനടിയില്‍ പെട്ടു. മേളപ്രമാണി കോങ്ങാട് മധു അടക്കം വാദ്യക്കാര്‍ എല്ലാം മരച്ചില്ലകള്‍ക്ക് അടിയിലായി.
അദ്ദേഹത്തിന് കാര്യമായ പരിക്കില്ല. മരം പൊട്ടി വീണത് വൈദ്യുതി കമ്പിയിലേക്കായിരുന്നു. വൈദ്യുതി ലൈനില്‍ നിന്നും ചിലര്‍ക്ക് ഷോക്കേറ്റതായും സൂചനയുണ്ട്. എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന എന്ന ആന കുട്ടന്‍കുളങ്ങര അര്‍ജുനന്‍ ഓടി മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് മരചില്ലകള്‍ മുറിച്ച് മാറ്റിയാണ് പലരേയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഭയന്നോടിയ ആനയെ പിന്നീട് തളച്ചു. സംഭവത്തെ തുടര്‍ന്ന് വെടിക്കെട്ടില്‍ നിന്നും തിരുവമ്പാടിയും പാറമേക്കാവ് വിഭാഗവും പിന്മാറി. കളക്ടര്‍ പെസോ അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കുഴിയില്‍ നിറച്ച വെടിമരുന്ന് നിര്‍വീര്യമാക്കുക കൂടുതല്‍ അപകടകരമാണെന്നും അതിനാല്‍ പൊട്ടിച്ചു കളയാനും തീരുമാനിച്ചു. പൂരത്തിന്റെ ഇന്ന് നടക്കേണ്ട ഉപചാരം ചൊല്ലൽ ചടങ്ങുകൾ അടക്കമുള്ള ചടങ്ങുകള്‍ എങ്ങനെ വേണമെന്നതിനെ കുറിച്ച് ദേവസ്വങ്ങള്‍ ആലോചിക്കുകയാണ്
[video width="352" height="640" mp4="https://suprabhaatham.com/wp-content/uploads/2021/04/WhatsApp-Video-2021-04-24-at-5.00.41-AM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."