പള്ളിക്കൽ ബസാർ മഹല്ല് മുതവല്ലി ഭരണത്തിലൂടെ പിടിച്ചെടുക്കാൻ നീക്കം, ഹൈക്കോടതി വിധി ലംഘിച്ച് വഖ്ഫ് ബോർഡിന്റെ ഏകപക്ഷീയ നടപടി
തേഞ്ഞിപ്പലം
മുതവല്ലി ഭരണത്തിലൂടെ പള്ളിക്കൽ ബസാർ മഹല്ല് ജുമാഅത്ത് പള്ളി ഏറ്റെടുക്കാനുള്ള വഖ്ഫ് ബോർഡ് ഉത്തരവ് ഈ പള്ളിയുമായി ബന്ധപ്പെട്ട് നേരത്തെയുള്ള ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് മഹല്ല് ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.
2015ൽ വഖ്ഫ് ബോർഡ് നേരിട്ട് നടത്തിയ തെരഞ്ഞെടുപ്പിൽ ചുമതലയേറ്റ കമ്മറ്റിക്കെതിരേ കാന്തപുരം സുന്നി വിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് ശരിവച്ചതോടെ പള്ളിയുടെ പരിപാലന ചുമതല 2016ൽ ആർ.ടി.ഒ സമസ്തയ്ക്ക് കൈമാറുകയായിരുന്നു.
കമ്മിറ്റി ഭരണം ഏറ്റെടുത്ത സമയത്ത് കാന്തപുരം സുന്നികളുടെ നേതൃത്വത്തിൽ പള്ളിയിൽ അക്രമം ഉണ്ടാക്കി മാസങ്ങളോളം പള്ളി അടച്ചിടേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നെങ്കിലും കോടതിയുടെ ഇടപെടലിൽ അക്രമകാരികൾക്കെതിരേ കേസെടുക്കുകയും കോടതിയുടെ ഉത്തരവ് പ്രകാരം ഭരണ സമിതിക്ക് പൊലിസ് സംരക്ഷണം നൽകുകയും ചെയ്തിരുന്നു.
തുടർന്ന് കമ്മിറ്റിയുടെ ആദ്യകാലാവധി കഴിഞ്ഞ മുറക്ക് തന്നെ വഖ്ഫ് ബോർഡിന്റെ അനുമതിയോടെ 2018 ൽ ജനാധിപത്യ രീതിയിൽ നിലവിലെ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഭരണം നടത്തി വരുന്നതിനിടെയാണ് കാന്തപുരം സുന്നികൾ പുതിയ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി യാതൊരു ക്രമസമാധാന പ്രശ്‌നങ്ങളുമില്ലാതെ പള്ളിയുടെ പരിപാലനം നടത്തുന്ന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന് വിരുദ്ധമായാണ് ഭരണ സ്വാധീനത്തിന്റെ മറവിൽ റിസീവർ ഭരണം നടത്താനുള്ള ശ്രമം നടത്തുന്നത്.
സി.പി.എം നിർദേശപ്രകാരം കാന്തപുരം സുന്നികൾക്ക് വേണ്ടി സഖാവ് ടി.കെ ഹംസചെയർമാനായ വഖ്ഫ് ബോർഡ് ഏകപക്ഷീയമായ വിധി പ്രസ്താവിച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
മഹല്ല് സെക്രട്ടറി കെ. ലിയാഖത്തലി നൽകിയ ഹരജിയിൽ അഞ്ചാഴ്ച കാലത്തേക്ക് തുടർ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി വഖ്ഫ് ബോർഡിന് നിർദേശം നൽകിയിരുന്നു. ഇത് മറച്ച് വച്ചാണ് സമസ്തയുടെ കീഴിലുള്ള പള്ളി റസീവർ ഭരണത്തിൽ കീഴിലാക്കാൻ വഖ്ഫ് ബോർഡ് ഉത്തരവിറക്കിയത്.
സി.പി.എം അനുഭാവിയും സജീവ കാന്തപുരം വിഭാഗക്കാരനുമായ റിട്ട. ഉദ്യേഗസ്ഥനായ എൻ.വി അലവിക്കുട്ടിയെയാണ് മുതവല്ലിയായി നിയമിച്ചത്. ഇദ്ദേഹം ഇന്നലെ പള്ളിയിലെത്തി ചുമതലയേൽക്കാൻ നടത്തിയ ശ്രമം മഹല്ല് നിവാസികളുടെ എതിർപ്പ് മൂലം വിഫലമായതോടെ പള്ളിയുടെ വാതിലിലും ഗെയ്റ്റിലും നോട്ടിസ് പതിക്കുകയായിരുന്നു.
എന്നാൽ മുതവല്ലിയയി ഇദ്ദേഹത്തിന് ചുമതല നൽകിയതായ വഖ്ഫ് ബോർഡിന്റെ സീൽ ഉൾപ്പെടെയുള്ള യാതൊരു തെളിവുകളും നോട്ടിസിൽ ഇല്ലെന്നും കമ്മിറ്റി ഭാരവാഹികൾക്ക് ഇത്തരത്തിലൊരു വിവരം രേഖാമൂലം ലഭിച്ചിട്ടില്ലെന്നും മഹല്ല് സെക്രട്ടറി കെ. ലിയാഖത്തലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."