HOME
DETAILS
MAL
ഓക്‌സിമീറ്ററുകള്‍ ഇല്ല ഓക്‌സിമീറ്ററുകള്‍ ഇല്ല ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം അവതാളത്തില്‍
backup
April 24 2021 | 19:04 PM
കോഴിക്കോട്: വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ആവശ്യത്തിന് ഓക്‌സിമീറ്ററുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ റാപിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) വലയുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ശരീരത്തിലെ ഓക്‌സിജന്റെ അളവും പള്‍സും പരിശോധിക്കുന്നതിനാണ് ഓക്‌സിമീറ്ററുകള്‍.
ഇതില്ലാതെ റൂം ക്വാറന്റൈനിലുള്ള രോഗികളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് മലസ്സിലാക്കാന്‍ കഴിയില്ല. അതാത് പ്രദേശങ്ങളില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന രോഗികളുടെ പരിചരണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ റാപിഡ് റെസ്‌പോന്‍സ് ടീമംഗങ്ങള്‍ക്കാണ്. ഓക്‌സിമീറ്ററുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ അത്യാവശ്യക്കാര്‍ക്ക് പോലും എത്തിക്കാനാവുന്നില്ല.
കൊവിഡിന്റെ ആരംഭഘട്ടത്തില്‍ വാങ്ങിയ ഓക്‌സിമീറ്ററുകള്‍ മാത്രമാണ് തദ്ദേശസ്ഥാപനങ്ങളിലുള്ളത്. നിലവില്‍ ഓരോ വാര്‍ഡുകളിലും രണ്ടോ മുന്നോ ഓക്‌സിമീറ്ററുകള്‍ മാത്രമാണുള്ളത്. 200ഉം 300ഉം ആക്റ്റീവ് കേസുകള്‍ ഉള്ള പഞ്ചാത്തുകളില്‍ 30ല്‍ താഴെ ഓക്‌സിമീറ്ററുകളും. ഇതില്‍തന്നെ പലതും പ്രവര്‍ത്തനക്ഷമവുമല്ല.
പ്രായമായവരും മറ്റെന്തെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുമായ കൊവിഡ് ബാധിതര്‍ക്ക് ഓക്‌സിമീറ്ററുകള്‍ വളരെ അത്യാവശ്യമാണ്. ഇത്തരക്കാര്‍ ആവശ്യപ്പെടുമ്പോള്‍ സ്വന്തം ചെവവില്‍ വാങ്ങാനാണ് ആര്‍.ആര്‍.ടികള്‍ നിര്‍ദേശിക്കുന്നത്. 900 മുതല്‍ 2000 രൂപ വരെയാണ് ഓക്‌സിമീറ്ററുകളുടെ വില. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് ഇത് കനത്ത ബാധ്യതയാവും.
മാത്രമല്ല, രോഗികളുടെ സ്ഥിതി മോശമായാല്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യങ്ങളോ അംഗങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ പോലും ഉപയോഗിക്കുന്നതിനുള്ള പി.പി.ഇ കിറ്റുകളോ ലഭ്യമാക്കുന്നില്ല.
പഞ്ചായത്ത് യോഗങ്ങളില്‍ വിഷയം ഉന്നയിക്കുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അംഗങ്ങള്‍ പറയുന്നു.
സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പല ആര്‍.ആര്‍.ടികളും കണ്ടെത്തുന്നത്. കൊവിഡ് ആദ്യഘട്ടത്തിലുണ്ടായിരുന്നതുപോലെ രോഗി സമ്പര്‍ക്കമുണ്ടാവുന്ന ഇടങ്ങളോ അവരുടെ വീടുകളോ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടക്കുന്നില്ല.
കൊവിഡ് വ്യാപനം തുടര്‍ന്നാല്‍ അതിനെ നേരിടാന്‍ ആര്‍.ആര്‍.ടികള്‍ക്ക് കഴിയാതെ വരുമെന്നും ഓക്‌സിമീറ്ററുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയാറാവണമെന്നുമാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."