സമഗ്ര ചികിത്സാ രംഗത്ത് ഹോമിയോപ്പതി ഗവേഷണങ്ങൾ ത്വരിതപ്പെടുത്തണം -ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി
മലപ്പുറം: സമഗ്ര ചികിത്സാ രംഗത്ത് ഹോമിയോപ്പതി ഗവേഷണങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു. ലോക ഹോമിയോപ്പതി ദിനാചരണത്തിൻ്റെ ഭാഗമായി പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ പുതിയ ഗൈനക്കോളജി വിഭാഗവും അഡ്മിറ്റ് ബ്ലോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാമാരിയടക്കമുള്ള രോഗങ്ങളും ആധികളും ആഗോളതലത്തിൽ തന്നെ മനുഷ്യരാശിയെ പിടിച്ചു കുലുക്കുമ്പോൾ ലോകത്ത് നടക്കുന്ന പുതിയ പരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ മരുന്നുകളും ചികിത്സാ രീതികളും കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഓരോ വൈദ്യശാസ്ത്രത്തിനും ഓരോ പങ്ക് വഹിക്കാനുണ്ട് . ഒരു വൈദ്യശാസ്ത്രവും മറ്റൊന്നിന് എതിരല്ല. മറിച്ച് പരസ്പരപൂരകങ്ങളാണ്. എല്ലാം കൂടി ചേർന്നുകൊണ്ടുള്ള സമഗ്ര ചികിത്സാ രീതിയെ പറ്റി പ്രബുദ്ധ ലോകം ചിന്തിക്കുന്ന കാലമാണ്. ഈ സാഹചര്യത്തിൽ ഹോമിയോപ്പതിയുടെ ഇടം വളരെ പ്രധാനപ്പെട്ടതാണ്. നിലവിൽ അത്തരം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവ ഇനിയും ത്വരിതപ്പെടുത്തണമെന്നും സമദാനി എം.പി. പറഞ്ഞു.
പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. റാബിയത്ത് അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോവിഡ് പോരാളികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ഡോ. ബാസിൽ യൂസുഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്മൽ, പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എച്ച്. ഷമീം, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇ. സുനിൽകുമാർ, പാണ്ടിക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷ ടി.സി. റമീഷ, വാർഡ് മെമ്പർ ശങ്കരൻ കൊരമ്പയിൽ, ഡോ. ഹന ബാസിൽ എന്നിവർ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."