'തമിഴരെ മൊത്തമായി ഉദ്ദേശിച്ചില്ല' വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ്‌നാടിനോട് മാത്രം മാപ്പു പറഞ്ഞ് കേന്ദ്രമന്ത്രി; മാപ്പപേക്ഷ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ഭീതിയില്‍
ബംഗളുരു: കേരളത്തിനും തമിഴ്‌നാടിനും ഡല്‍ഹിക്കുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ശോഭ കരന്തലജെ ത0മിഴ്‌നാടിനോട് മാപ്പുപറഞ്ഞു. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നുമാണ് ശോഭയുടെ മാപ്പപേക്ഷ. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. മലയാളികള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു പരാമര്‍ശം.
പരാമര്‍ശത്തിന് പിന്നാലെ ശോഭക്കെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു.തുടര്‍ന്നാണ് മാപ്പുമായി ശോഭ കരന്തലജെ രംഗത്തെത്തിയത്. തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കണമെന്ന മോഹവുമായി പ്രധാനമന്ത്രി ഉള്‍പെടെ നേതാക്കള്‍ നടത്തുന്ന 'കഠിന' പരിശ്രമങ്ങള്‍ക്ക് പരാമര്‍ശം തിരിച്ചടിയാവുമെന്ന ഭീതിയും മാപ്പുപേക്ഷ പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
ബംഗളൂരുവിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ആക്ഷേപങ്ങള്‍. അടുത്തിടെ, കര്‍ണാടകയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശോഭ കരന്തലജെയുടെ ആക്ഷേപം. രാമേശ്വരം കഫെ സ്‌ഫോടനം പരാമര്‍ശിച്ച കേന്ദ്ര മന്ത്രി ഇതിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് എന്നാണ് ആരോപിച്ചത്. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയിദ് നസീര്‍ ഹുസൈന്റെ അനുയായികള്‍ കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് മുദ്രാവാക്യം വിളിച്ചെന്ന ആരോപണം കേന്ദ്ര മന്ത്രി വീണ്ടും ഉയര്‍ത്തി.ഡല്‍ഹിയില്‍ നിന്നുള്ളവര്‍ വരുന്നു. പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു എന്നായിരുന്നു അത്.
കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും അവര്‍ ആരോപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം വര്‍ഷ പി.യു വിദ്യാര്‍ഥിനികള്‍ക്കുനേരെ അടുത്തിടെ ഉണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.
വിവാദ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി.ജെ.പി സ്ഥാനാര്‍ഥി നടത്തുന്നതെന്നും, ഇത്തരം നീക്കം അപലപനീയമാണെന്നും ഇത്തരം നടപടികളെ തമിഴ് കന്നഡ ജനത തള്ളിക്കളയുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രതികരിച്ചു. നിലവില്‍ ഉഡുപ്പി ചിക്ക മഗളൂരുവില്‍ നിന്നുള്ള എം.പിയായ കരന്തലജെ ഇത്തവണ ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."