HOME
DETAILS
MAL
വാടകയ്ക്ക് നല്‍കിയ കാറുമായി കടന്നവനെ തേടിപ്പോയി; മലയാളികള്‍ക്ക് കര്‍ണാടകയില്‍ കാറും പണവും നഷ്ടപ്പെട്ടു
backup
April 25 2021 | 05:04 AM
കുറ്റ്യാടി: വാടകയ്ക്ക് നല്‍കിയ കാറ് തിരികെ വാങ്ങാന്‍ പോയ കുറ്റ്യാടി സ്വദേശികള്‍ക്ക് കര്‍ണാടകയില്‍ നേരിടേണ്ടി വന്നത് കൊടുംക്രൂരത. വാഹന ഉടമ തളീക്കരയിലെ അമ്മച്ചൂര്‍ രജീഷ്‌കുമാര്‍ (35), സുഹൃത്തുക്കളായ അഖില്‍ കുറ്റ്യാടി, നിശാന്ത്, വിജേഷ് തളീക്കര, സരുണ്‍ തളീക്കര എന്നിവര്‍ക്കാണ് കര്‍ണാടകയിലെ കൊടകില്‍ വച്ച് മര്‍ദ്ദനമേറ്റതത്.
ഇതുസംബന്ധിച്ച് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്‍പതിന് രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 18 ഡി 7729 ഇന്നോവ കാര്‍ ആശുപത്രി ആവശ്യം പറഞ്ഞ് നാട്ടുകാരനായ ഫാരിസ് കുനിയില്‍ എന്നയാളാണ് വാടകയ്ക്ക് വാങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്‍ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാരിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആറുമാസമായി വീട്ടില്‍ വരാറില്ലെന്നായിരുന്നു വിവരം ലഭിച്ചത്.
വാഹനത്തിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ കാര്‍ കര്‍ണാടകയിലെ കൊടക് കുഞ്ഞില എന്ന സ്ഥലത്താണെന്ന് കണ്ടെത്തി. തുടര്‍ന്ന് രജീഷും സുഹൃത്തുക്കളും ചേര്‍ന്ന് 17ന് രജീഷിന്റെ കെ.എല്‍ 18 എ 2456 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കൊടകിലേക്ക് പുറപ്പെട്ടു. അന്ന് രാത്രി 12ഓടെ ഇന്നോവ കാര്‍ കണ്ടെത്തി. എന്നാല്‍ കാറില്‍ അപരിചിതരായ അഞ്ചുപേരുണ്ടായിരുന്നു. അവരോട് തന്റെ കാറിനെക്കുറിച്ചുള്ള വിവരം അറിയിച്ചെങ്കിലും ഇത് അംഗീകരിച്ചില്ല. രജീഷിനെയും കൂട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ തിരികെ പുറപ്പെട്ട ഇവരെ 10 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിമധ്യേ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം രജീഷിന്റെ കാറിന് കുറുകെ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചു.
പിന്നാലെ കാറിന് നേരെ വെടിയുതിര്‍ക്കുകയും രജീഷിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തോക്കും വടിവാളും മറ്റ് മാരകായുധങ്ങളുമായെത്തിയ സംഘം രജീഷിനെയും കൂട്ടുകാരെയും അവരുടെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. ഇവരുടെ ഫോണ്‍, പഴ്‌സ്, 62,000 രൂപ എന്നിവ അപഹരിച്ചാണ് സംഘം കടന്നുകളഞ്ഞത്. എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവ നഷ്ടമായിട്ടുണ്ട്.
കര്‍ണാടക പൊലിസില്‍ പരാതി നല്‍കിയാല്‍ അതിര്‍ത്തി കടക്കും മുന്‍പ് കൊല്ലുമെന്ന ഭീഷണി ഉള്ളതിനാല്‍ അവിടെ പരാതി നല്‍കാതെ നാട്ടിലെത്തി തൊട്ടില്‍ പാലം പൊലിസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ സി.ഐ തയാറായില്ലെന്നും പരാതിയുണ്ട്. ഇതേതുടര്‍ന്ന് ഉത്തരമേഖല ഐ.ജിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പരാതി സ്വീകരിച്ചില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും പരാതി സ്വീകരിക്കുകയും കൊടക് പൊലിസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തൊട്ടില്‍പ്പാലം സി.ഐ ടി.രജീഷ് അറിയിച്ചു. പരുക്കേറ്റ അഞ്ചുപേരും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."