കെ.വി തോമസ് ദേശീയ വിഷയമോ?
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.വി തോമസ് കാണിച്ച പൊല്ലാപ്പു ചില്ലറയല്ല. സി.പി.എം സമ്മേളനങ്ങളിൽ പതിവായ സെമിനാറിൽ നടക്കുന്ന സാധാരണ പ്രസംഗത്തിൽ ഒതുങ്ങുമായിരുന്ന വിഷയം സമകാലിക രാഷ്ട്രീയത്തിലെ തന്നെ വലിയ സംഭവമായി വളർന്നു വലുതായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന് കാര്യമായ ആഘാതമേൽപ്പിക്കുംവിധം വളരുകയാണ് കോൺഗ്രസിൽ കെ.വി തോമസ് വിഷയം.
കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിനുവേണ്ടി വ്യാപകമായ ഒരുക്കങ്ങളാണ് സി.പി.എം നടത്തിയത്. പാർട്ടി രൂപീകരിച്ചുകൊണ്ട് ആദ്യം ഉൾനാട്ടിലെ ഗ്രാമപ്രദേശമായ പാറപ്പുറത്തു ചേർന്ന സമ്മേളനത്തിന്റെ ഓർമ്മ മുതൽ ചരിത്രത്തിലാദ്യമായി കോൺഗ്രസിനെ തോൽപ്പിച്ച് ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മാതൃജില്ല എന്ന പദവി വരെ കണ്ണൂർ ജില്ലയ്ക്ക് പ്രത്യേകതകളേറെ. 23-ാമത് സി.പി.എം പാർട്ടി കോൺഗ്രസിന് എന്തുകൊണ്ടും യോജിച്ച പട്ടണം തന്നെ കണ്ണൂർ.
ദേശീയ രാഷ്ട്രീയത്തിൽ അതിസങ്കീർണമായ ഘട്ടത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പാർട്ടിയാണു സി.പി.എം എന്ന കാര്യവും പ്രധാനം. അതിനേക്കാൾ ദുർഘടമായ സ്ഥിതിയിലാണ് കോൺഗ്രസ്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായി ഒരു മതേതര, ജനാധിപത്യ മുന്നണിയുണ്ടാക്കണമെന്ന് രണ്ടുകക്ഷികൾക്കും വലിയ താൽപ്പര്യമുണ്ടെങ്കിലും അതിനു തടസ്സങ്ങളേറെ.
ഈയിടെ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു കക്ഷികളും നേരിട്ടതു കനത്ത തിരിച്ചടി. നേരത്തേ പശ്ചിമബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സി.പി.എമ്മിന് കേരളം മാത്രമാണ് ആശ്വാസം. പഞ്ചാബ്, ബിഹാർ, യു.പി തുടങ്ങി പല സംസ്ഥാനങ്ങളിലും നല്ല വേരോട്ടമുണ്ടായിരുന്ന സി.പി.എമ്മിന് അതൊക്കെയും നഷ്ടപ്പെട്ടിരിക്കുന്നു. തുടർഭരണം നേടിയ ബി.ജെ.പി കേന്ദ്രത്തിലും യു.പിയിലും രാഷ്ട്രീയമായി വളരെ മുന്നിലെത്തുകയും ചെയ്തിരിക്കുന്നു.
പഞ്ചാബിലെ തെരഞ്ഞെടുപ്പ് കോൺഗ്രസിന് വലിയ നഷ്ടക്കച്ചവടമായിപ്പോയെന്നത് പ്രത്യേകം ശ്രദ്ധിക്കണം. മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റിയതുൾപ്പെടെ ഹൈക്കമാൻഡ് സ്വീകരിച്ച തന്ത്രങ്ങളൊക്കെയും പൊളിഞ്ഞു. ഹൈക്കമാൻഡിന്റെ തന്ത്രങ്ങളും നീക്കങ്ങളുമൊന്നും ഫലിക്കാതായിരിക്കുന്നു. നേതൃത്വം ദുർബലമായിരിക്കുന്നു. എങ്കിലും ദേശീയതലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ളത് കോൺഗ്രസ് തന്നെ. അതേപോലെ നല്ലൊരു പങ്ക് സംസ്ഥാനങ്ങളിലും വേരുകളുള്ള സി.പി.എമ്മും മറ്റ് ഇടതുകക്ഷികളും. ക്ഷീണിതരെങ്കിലും അവർക്കും ഇന്നത്തെ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ടെന്ന കാര്യം ഓർക്കണം. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കു ബദലായി സമാനചിന്താഗതികളുള്ള എല്ലാ പാർട്ടികളെയും അണിനിരത്തുകയെന്നതാണ് ഈ കക്ഷികളുടെയെല്ലാം പരമമായ ലക്ഷ്യം. പക്ഷേ കാര്യത്തോടടുക്കുമ്പോൾ കക്ഷികൾ പരസ്പരം തെറ്റിപ്പിരിയുകയാണു പതിവ്. കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ഇണക്കവും പിണക്കവും തന്നെ ഉദാഹരണം.
കോൺഗ്രസിന്റെ നയപരിപാടികളോടൊന്നും സി.പി.എമ്മിനു യോജിപ്പില്ലെന്നതു പുതിയ കാര്യമല്ല. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചില നിലപാടുകൾ മൃതുഹിന്ദുത്വത്തിനു വഴിയൊരുക്കുന്നതാണെന്ന ആക്ഷേപവും സി.പി.എം നേതാക്കൾ ഉയർത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കളാവട്ടെ ഒരു കാരണവശാലും കോൺഗ്രസുമായി ഐക്യമുണ്ടാക്കാനാവില്ലെന്ന നിലപാടിലാണ്. കോൺഗ്രസ് നേതാക്കളുമായി എപ്പോഴും സംസാരിക്കാനും ആശയവിനിമയം നടത്താനും മനസ്സുള്ള പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവട്ടെ, കോൺഗ്രസിനെ അങ്ങനെയങ്ങ് അകറ്റിനിർത്തേണ്ടതില്ലെന്ന നിലപാട് വച്ചു പുലർത്തുന്ന നേതാവുമാണ്. ഒരു പാർട്ടിയെയും ബി.ജെ.പി വിരുദ്ധ ചേരിയുടെ നിർമിതിയിൽ ഒഴിച്ചുനിർത്തേണ്ടതില്ലെന്ന വസ്തുത ഇന്ത്യൻ പ്രതിപക്ഷത്തിന്റെ മുമ്പിൽ വെല്ലുവിളിയായി ഉയർന്നുനിൽക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് പ്രൊഫ. കെ.വി തോമസിന്റെ പേരിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം അപ്പാടേ സി.പി.എമ്മിനെതിരേ തിരിയുന്നത്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചു നടന്ന സെമിനാറിൽ ഇന്ത്യൻ ജനാധിപത്യത്തിലെ ഫെഡറൽ സമ്പ്രദായത്തിന്റെ വീഴ്ചകൾ എന്ന വിഷയത്തിന്മേലുള്ള സെമിനാറിൽ പ്രസംഗിക്കാനാണ് പ്രൊഫ. കെ.വി തോമസിനെ സി.പി.എം നേതാക്കൾ ക്ഷണിച്ചത്. ഡോ. ശശി തരൂരിനെയും മറ്റും വേറെ ചില വിഷയങ്ങളിൽ സംസാരിക്കാനും വിളിച്ചിരുന്നു. ഇതു കെ.പി.സി.സി നേതൃത്വത്തിനിഷ്ടപ്പെട്ടില്ല. നേതൃത്വം വിലക്കു കൽപ്പിച്ചു. ഹൈക്കമാൻഡും സംസ്ഥാന നേതൃത്വം കൽപ്പിച്ച വിലക്കിനെതിരേ നീങ്ങാൻ തയാറായില്ല.
പക്ഷേ കെ.വി തോമസ് അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിന് പരാതികളുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.വി തോമസിനു സീറ്റ് കിട്ടിയിരുന്നില്ല. സിറ്റിങ് എം.പി എന്ന നിലയ്ക്കു സീറ്റ് കിട്ടേണ്ടതായിരുന്നുവെന്നും തനിക്കു മാത്രമാണു സീറ്റു നിഷേധിച്ചതെന്നുമാണ് കെ.വി തോമസിന്റെ വാദം. വർഷങ്ങളായി സോണിയാഗാന്ധിയുമായി വളരെ അടുപ്പമുള്ള കെ.വി തോമസിന് കഴിഞ്ഞ രണ്ടുവർഷമായി രാഹുൽ ഗാന്ധി പലതവണ ചോദിച്ചിട്ടും ഒരിക്കൽ പോലും കൂടിക്കാഴ്ച നൽകിയില്ലെന്ന പരാതിയുമുണ്ട്. കെ.പി.സി.സിയിൽ വർക്കിങ് പ്രസിഡൻ്റായി നിയമനം കിട്ടിയെങ്കിലും പുനഃസംഘടന വന്നപ്പോൾ ആ സ്ഥാനം ഇല്ലാതായി. തന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഈ സ്ഥാനത്തുനിന്നു മാറ്റിയതെന്നും തോമസിനു പരാതിയുണ്ട്.
കുറെ കാലമായി തന്നെ കോൺഗ്രസിലെ ചില ഉന്നത നേതാക്കൾ അവഗണിക്കുകയാണെന്നാണ് കെ.വി തോമസ് പറയുന്നത്. ഒറ്റപ്പെടുത്താനും ചവുട്ടിപ്പുറത്താക്കാനുമാണു ശ്രമം. ഇതൊക്കെ മനസ്സിലാക്കി കൊണ്ടു തന്നെയാണ് തോമസ് പാർട്ടിയിൽ നിന്നത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനു കണ്ണൂരിലെ സി.പി.എം വേദിയിൽ പ്രസംഗിക്കാൻ ക്ഷണം കിട്ടിയത്. അതു വലിയ കോലാഹലത്തിനു വഴിവച്ചു. കോൺഗ്രസിലെ പുതിയ തലമുറക്കാർ തോമസിനെതിരേ ടി.വി ചാനലുകളിൽ കടുത്ത ആക്രമണം അഴിച്ചുവിട്ടു. സാമൂഹ്യമാധ്യമങ്ങളിൽ തീകത്തി. അപഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ കണ്ണൂരിലേക്കു പോകാനും അവിടെ സെമിനാറിൽ പ്രസംഗിക്കാനുമായിരുന്നു തോമസിന്റെ തീരുമാനം. ഇതദ്ദേഹം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കോൺഗ്രസിൽ അദ്ദേഹത്തിനെതിരേയുള്ള പോരാട്ടം പിന്നെയും വളർന്നു. രണ്ടുമൂന്നു ദിവസം കെ.വി തോമസിന്റെ ചുറ്റും കേരള രാഷ്ട്രീയം ചുറ്റിത്തിരിയുന്നതാണ് കണ്ടത്. കേന്ദ്രമന്ത്രിയായും സംസ്ഥാന മന്ത്രിയായും മറ്റും ഉന്നതസ്ഥാനങ്ങളിലിരുന്ന കെ.വി തോമസ് ജീവിതത്തിലൊരിക്കലും കിട്ടിയിട്ടില്ലാത്ത താരപദവിയിലേയ്ക്കുയർന്നു. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാടു മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവരോടൊപ്പം വേദി പങ്കിട്ട കെ.വി തോമസ് സ്വന്തം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാൻഡിനെയും ഒരുപോലെ ധിക്കരിക്കുകയായിരുന്നു. ഇനിയിപ്പോൾ എന്ത് എന്ന ചോദ്യം ഉയരുന്നു. എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയുടെ മുന്നിലേക്കെത്തുകയാണ് കെ.വി തോമസ് വിഷയം. എന്തായിരിക്കും ഈ സമിതി തിരുമാനിക്കുക?
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കെ.വി തോമസ് വിഷയമാണോ? ബി.ജെ.പി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രയത്‌നത്തിൽ കെ.വി തോമസ് വിഷയത്തിന് എന്തു പ്രസക്തി? കേരളത്തിലെ കോൺഗ്രസ്-സി.പി.എം ഏറ്റുമുട്ടൽ ദേശീയ രാഷ്ട്രീയത്തിൽ വിഷയമാക്കണോ? ചോദ്യങ്ങൾ ഉയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."