കേന്ദ്രത്തോട് സുപ്രിംകോടതി സത്യവാങ്മൂലങ്ങൾ കോടതിയിൽ എത്തുംമുമ്പ് മാധ്യമങ്ങൾക്ക് നൽകരുത്
ന്യൂഡൽഹി
സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് നൽകുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ചീഫ് ജസ്റ്റിസ്. കോടതിയിലെത്തും മുമ്പ് സത്യവാങ്മൂലങ്ങൾ ജഡ്ജിമാർക്ക് മാധ്യമങ്ങളിലൂടെ വായിക്കേണ്ടി വരുന്നതായും ചീഫ് ജസ്റ്റസ് എൻ.വി രമണ പറഞ്ഞു. ഇരുമ്പയിര് കയറ്റുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ പരിഗണിക്കുന്നതിനിടെ കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
തിങ്കളാഴ്ച കാലത്താണ് എനിക്ക് കോടതിയിൽ മന്ത്രാലയത്തിന്റെ സത്യവാങ്മൂലം ലഭിച്ചത്. എന്നാൽ അതേ സത്യവാങ്മൂലം അന്നേ ദിവസം മാധ്യമങ്ങളിൽ വന്നതായി രാവിലെ എന്റെ പി.ആർ.ഒ എനിക്ക് കാണിച്ചു തന്നു. മുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ടെന്നും ദിവസവും തനിക്ക് പി.ആർ.ഒ കോടതിയിൽ എത്താത്ത സത്യവാങ്മൂലങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് കാണിച്ചു തരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സത്യവാങ്മൂലങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് മുമ്പ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജഡ്ജിമാർ മാധ്യമങ്ങളിൽ നിന്ന് സത്യവാങ്മൂലങ്ങൾ വായിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഇനിയിങ്ങനെ സംഭവിക്കില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ബഞ്ചിന് ഉറപ്പ് നൽകി. ഇരുമ്പയിര് കയറ്റുമതി വിഷയത്തിൽ ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് ഇരുമ്പയിര് ലഭ്യമാണോ എന്നും ഖനനം ചെയ്ത വസ്തുക്കളുടെ കയറ്റുമതി അനുവദിക്കണമോ എന്നും വ്യക്തമാക്കാൻ സ്റ്റീൽ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."