പള്ളിക്കൽ ബസാർ ജുമാമസ്ജിദ് ഭരണം പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിൻ്റെ നീക്കം അപലപനീയം: എസ്.എം.എഫ്
ചേളാരി
സമസ്ത അനുഭാവികളടങ്ങുന്ന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പള്ളിക്കൽ ബസാർ പള്ളിയുടെ ഭരണം സി.പി.എം ഒത്താശയോടെ വഖ്ഫ് ബോർഡിൽ സ്വാധീനം ചെലുത്തി പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ കുത്സിത ശ്രമം അപലപനീയമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മഹല്ലിൽ റസീവർ ഭരണം ഏർപ്പെടുത്തിയ വഖ്ഫ് ബോർഡിൻ്റെ തീരുമാനം അന്യായവും ഹൈക്കോടതി വിധിക്ക് വിരുദ്ധവുമാണ്.
ഹൈക്കോടതി വിധി പ്രകാരം ജനായത്ത രീതിയിൽ അധികാരത്തിൽ വന്ന കമ്മിറ്റിയാണ് മഹല്ലിൽ ഭരണം നടത്തുന്നത്. ജനഹിതത്തെ അട്ടിമറിച്ചാണ് വഖ്ഫ് ബോർഡിൻ്റെ ഇടപെടൽ. പക്ഷപാതിയായ ഒരാളെത്തന്നെ റസീവറായി നിയമിച്ച വഖ്ഫ് ബോർഡ് ആരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം. തീരുമാനത്തിൽനിന്ന് വഖ്ഫ് ബോർഡ് എത്രയും വേഗം പിൻമാറണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകുമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."