'16 വര്‍ഷം നീണ്ട പോരാട്ടം':ഒടുവില്‍ അച്ഛന്റെ കൊലയാളികള്‍ക്ക് ശിക്ഷ നേടിക്കൊടുത്ത് മകള്‍
അച്ഛന്റെ കൊലപാതകത്തിന് കാരണക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്ന ഒരൊറ്റ ലക്ഷ്യം നിറവേറ്റാനാണ് അവള്‍ നീണ്ട 16 വര്‍ഷം കാത്തിരുന്നത്. പിതാവ് മരിക്കുമ്പോള്‍ ഷെഗുഫ്ത തബസൂം അഹമ്മദ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്നു. വക്കീലായി തിളങ്ങണമന്നൊന്നും പഠനത്തിന് ചേരുമ്പോള്‍ അവളുടെ മനസില്‍ ഉണ്ടായിരുന്നില്ല. നിയമവുമായി ബന്ധപ്പെട്ട മറ്റ് ജോലിയില്‍ പ്രവേശിക്കാനായിരുന്നു താല്‍പര്യം.
എന്നാല്‍ അച്ഛന്റെ മരണത്തോടെ എല്ലാം മാറിമറയുകയായിരുന്നു. പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് അവളെ തളര്‍ത്തി. പിന്നീട് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുറച്ചുള്ള പോരാട്ടമായിരുന്നു. ആ യാത്ര അത്ര എളുപ്പമല്ലായിരുന്നു.
2006 ഫെബ്രുവരി ഒന്നിനാണ് കേസിന്റെ തുടക്കം. അന്നാണ് പിതാവ് താഹിര്‍ അഹമ്മദിനെ കാണാതാകുന്നത്. ബംഗ്ലാദേശിലെ രാജ്ഷാഹി സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ മൃതദേഹം വീടിനു മുന്നിലുള്ള ഒരു അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. മൃതദേഹം കണ്ടെടുത്തതിന്റെ പിറ്റേന്ന് താഹറിന്റെ മകന്‍ സഞ്ജിദ് അല്‍വി പൊലീസില്‍ കേസ് കൊടുത്തു. 2006 മാര്‍ച്ച് 17 ന് കൊലപാതകം ആരോപിച്ച് ആറ് പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
താഹിര്‍ അഹമ്മദിന്റെ ഡിപ്പാര്‍ട്ട്‌മെന്റല്‍ സഹപ്രവര്‍ത്തക മിയ മുഹമ്മദ് മൊഹിയുദ്ദീന്‍, അന്നത്തെ രാജ്ഷാഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഷിബിര്‍ മഹ്ബൂബുല്‍ ആലം സാലിഹി, താഹിറിന്റെ റസിഡന്‍സ് കെയര്‍ടേക്കര്‍ ജഹാംഗീര്‍, ജഹാംഗീറിന്റെ സഹോദരനും ഛത്ര ശിബിര്‍ പ്രവര്‍ത്തകനുമായ അബ്ദുസലാം, അവരുടെ (ജഹാംഗീര്‍, അബ്ദു സലാം) പിതാവ് സലാംസുദ്ദീന്‍ എന്നിവരായിരുന്നു അന്ന് പിടിയിലായ പ്രതികള്‍.
അന്ന് അവള്‍ ഒരു അഭിഭാഷകയാകാനും പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കാനും തീരുമാനിച്ചു.
ആദ്യം കേസ് രാജ്ഷാഹിയിലെ അതിവേഗ ട്രൈബ്യൂണലിലേക്കും പിന്നീട് ഹൈക്കോടതിയിലേക്കും പോയി. ദിവസങ്ങള്‍ക്ക് ശേഷം കേസിലെ മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചു. 2013 മെയ് 13 ന് ഹൈക്കോടതി മൊഹിയുദ്ദീനും ജഹാംഗീറിനും വധശിക്ഷ പ്രഖ്യാപിക്കുകയും സലാമിനെയും നസ്മുളിനെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു എന്നും ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു.
16 വര്‍ഷത്തോളം കേസ് നീണ്ടു. ഉയര്‍ന്ന ബിരുദം നേടിയിട്ടും തന്റെ കരിയര്‍ വികസിപ്പിക്കാന്‍ ഷെഗുഫ്തയ്ക്ക് സാധിച്ചില്ല. കാരണം കഴിഞ്ഞ പതിനാറ് വര്‍ഷം അവള്‍ തളരാത്ത പോരാട്ടത്തിലായിരുന്നു. ഒടുവില്‍ 2022 ഏപ്രില്‍ 5ന്, അപ്പീല്‍ ഡിവിഷന്‍, ഹൈക്കോടതിയുടെ വിധി ശരിവെക്കുകയും രണ്ട് പ്രതികള്‍ക്ക് വധശിക്ഷയും രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവും വിധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."