അധ്യാപകരില്ല; വട്ടംചുറ്റി വിദ്യാര്‍ഥികള്‍
കണ്ണൂര്‍: ഓണപ്പരീക്ഷ അടുക്കാറായിട്ടും ജില്ലയിലെ സ്‌കൂളുകളില്‍ 150ഓളം പ്രൈമറി അധ്യാപകരുടെ തസ്തിക ഒഴിഞ്ഞുതന്നെ. ഇതുകാരണം അവതാളത്തിലായി രക്ഷിതാക്കളും കുട്ടികളും. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത 70 ഒഴിവുകളില്‍ അഡൈ്വസ് മെമ്മോ പോലും അയക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടികളുടെ കണക്കെടുത്ത് അധ്യാപക-വിദ്യാര്‍ഥി അനുപാതം പ്രകാരം റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇന്നും അതിന്റെ നടപടിക്രമങ്ങള്‍ മന്ദഗതിയിലാണ്.
അധ്യാപക നിയമനം സംബന്ധിച്ച് കാലാകാലങ്ങളില്‍ പുറത്തിറങ്ങുന്ന ഉത്തരവുകളുടെ പിന്‍ബലത്തില്‍ പല സ്ഥലങ്ങളിലും നിയമനപ്രക്രിയ തടസപ്പെട്ടു കിടക്കുന്നത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരം തസ്തികകളില്‍ പോലും പി.എസ്.സി പട്ടികയില്‍ നിന്ന് ആളെ നിയമിക്കാത്തതു മൂലം പലയിടത്തും താത്കാലികാടിസ്ഥാനത്തില്‍ നിയമനം തടസപ്പെട്ടിരിക്കുകയാണ്. പുനര്‍വിന്യാസം നടത്തിയാല്‍ മാത്രമേ താല്‍ക്കാലിക അധ്യാപകരെ തേടേണ്ടതുള്ളൂവെന്നു അധികൃതര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ കുട്ടികളുടെ പഠനം കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ഈ മാസം 29നാണ് പാദവവാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്. പലേടത്തും അധ്യാപകരില്ലാത്തതി നാല്‍ പാഠഭാഗങ്ങള്‍ ബാക്കിയാണ്. മലയോര മേഖലയിലെ സ്‌കൂളുകളിലാണ് അധ്യാപക ക്ഷാമം രൂക്ഷം. ഹൈസ്‌കൂളുകളില്‍ 25 ഫിസിക്കല്‍ സയന്‍സ് അധ്യാപകരുടെ ഒഴിവും നിലവിലുണ്ട്.
പുതിയ ഡി.ഡി.ഇ എത്താത്തതിനാല്‍ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പൊതുസ്ഥലംമാറ്റം ഇത്തവണ നടത്തിയിട്ടുമില്ല. ഇക്കാരണത്താല്‍ അധ്യാപകര്‍ അവധിയില്‍ പ്രവേശിക്കുന്നതും ഏറുന്നുണ്ട്. അന്തര്‍സംസ്ഥാന സ്ഥലംമാറ്റം ഇത്തവണ റദ്ദാക്കിയതിനാല്‍ അധ്യാപക നിയമനം പാതിവഴിയിലായി. ചില സ്‌കൂളുകളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നാമമാത്രമായ തുക നല്‍കി അധ്യാപകരെ നിയമിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."