ഡല്‍ഹി കലാപക്കേസ് അന്വേഷണത്തിലാകെ പിഴവുകള്‍, ഡല്‍ഹി പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ മുസ്‌ലിംകള്‍ക്കെതിരേയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിലെയും കേസ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിലെയും പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലിസിന് ഡല്‍ഹി കോടതിയുടെ രൂക്ഷ വിമര്‍ശനം. അലസമായാണ് പൊലിസ് കേസുകള്‍ കൈകാര്യം ചെയ്തതെന്നു നിരീക്ഷിച്ച കഡ്കടൂമ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ്, മുതിര്‍ന്ന ഉദ്യോഗസ്ഥരാരും കേസുകളില്‍ മേല്‍നോട്ടം വഹിക്കുന്നില്ലേയെന്നു ചോദിച്ചു.
കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഇതുതന്നെയാണ് അവസ്ഥയെന്നും കലാപത്തിനിരയായ നിസ്ഹാര്‍ അഹമ്മദെന്ന വ്യക്തി നല്‍കിയ കേസ് പരിഗണിക്കവെ കോടതി പറഞ്ഞു. തന്റെ പ്രദേശത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് നിസ്ഹാര്‍ അഹമ്മദ് പൊലിസില്‍ രണ്ടു പരാതികള്‍ നല്‍കിയിരുന്നു.
മറ്റൊരു സ്ഥലത്തു നടന്ന അക്രമവുമായി ബന്ധപ്പെട്ട് ആസ് മുഹമ്മദെന്നയാള്‍ മറ്റൊരു പരാതിയും നല്‍കി. പരസ്പര ബന്ധമില്ലാത്ത രണ്ടു പരാതികളും പൊലിസ് ഒറ്റ എഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്തതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
പരാതിക്കാരന് എഫ്.ഐ.ആറിന്റെയോ കുറ്റപത്രത്തിന്റെയോ പകര്‍പ്പ് നല്‍കാന്‍ പൊലിസ് തയാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല.
പരസ്പരബന്ധമില്ലാത്ത നിരവധി പരാതികള്‍ പൊലിസ് ഒറ്റ എഫ്.ഐ.ആറാക്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 25 പരാതികള്‍ വരെ ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്തതായി കാണാം.
വ്യത്യസ്ത പ്രതികളും സാക്ഷികളും രേഖകളുമുള്ള കേസുകള്‍ എങ്ങനെ ഒന്നാക്കി രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് കോടതി ചോദിച്ചു. കുറ്റത്തിലെ ഗൂഢാലോചന സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."