കാന്തപുരം വിഭാഗത്തിന്റെ അക്രമം ; പൊലിസിന്റെ ഏകപക്ഷീയ ഇടപെടലിനെതിരേ സമസ്ത നിവേദനം നൽകി
മലപ്പുറം
ജില്ലയിലെ അരീക്കോട് വാലില്ലാപുഴ ജുമുഅത്ത് പള്ളി മഹല്ല്, സിയാംകണ്ടം മസ്ജിദുസ്സുന്നിയ്യീൻ ജുമുഅത്ത് പള്ളി മഹല്ല് എന്നിവിടങ്ങളിൽ കാന്തപുരം വിഭാഗം നടത്തുന്ന അക്രമസംഭവങ്ങളിലെ പൊലിസിന്റെ ഏകപക്ഷീയമായ ഇടപെടലിനെതിരേ സമസ്ത ലീഗൽ സെൽ മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ടിനു പരാതി നൽകി.
വാലില്ലാപുഴ ജുമുഅത്ത് മഹല്ലിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തകരും അനുഭാവികളുമാണ്. എന്നാൽ ന്യൂനപക്ഷം വരുന്ന കാന്തപുരം വിഭാഗം പ്രവർത്തകർ പൊലിസിന്റെ സഹായത്തോടെ പള്ളി കൈവശപ്പെടുത്തി സമസ്തയുടെ പ്രവർത്തകർക്ക് റമദാൻ മാസത്തിൽ നിസ്‌കാരം നടത്താൻ പോലും കഴിയാത്ത രീതിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നിവേദനത്തിൽ വ്യക്തമാക്കി. സമസ്തയുടെ പ്രവർത്തകനെ കൊലക്കുറ്റമടക്കമുള്ളവ ചുമത്തി പൊലിസ് റിമാൻഡ് ചെയ്തിരിക്കുകയാണ്. പൊലിസ് നടപടി ഭയന്ന് മിക്കപ്രവർത്തകരും ഒളിവിൽ കഴിയേണ്ട അവസ്ഥയാണ്. കൊണ്ടോട്ടി ഡിവൈ.എസ്.പിയും അരീക്കോട് സർക്കിൾ ഇൻസ്‌പെക്ടറും നീതിക്ക് നിരക്കാത്ത ഏകപക്ഷീയമായ നിലപാടാണ് എടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സിയാംകണ്ടം പള്ളിഭരണം സംബന്ധിച്ച് കൊണ്ടോട്ടി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ച് കാന്തപുരം വിഭാഗം പൊലിസിന്റെ സഹായത്തോടെ ഏകപക്ഷീയമായി ഭരണം നടത്താൻ ശ്രമിക്കുകയാണ്. സമസ്തയുടെ പ്രവർത്തകരെ മർദിച്ച് കള്ളക്കേസിൽ കുടുക്കി. അരീക്കോട് സർക്കിൾ ഇൻസ്‌പെക്ടറും കൊണ്ടോട്ടി ഡിവൈ.എസ്.പിയുമെടുക്കുന്ന ഏകപക്ഷീയ നിലപാടിനെതിരേ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സമസ്ത ലീഗൽ സെൽ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ.ടി കുഞ്ഞുമോൻ ഹാജി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, എസ്.എം.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത വിദ്യാഭ്യാസ ബോർഡ് ജന. മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ, ലീഗൽ അഡ്വൈസർ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, വിദ്യാഭ്യാസ ബോർഡ് മെംബർ എം.സി മായിൻ ഹാജി, പി. മാമുക്കോയ ഹാജി, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."