കേരള ബാങ്കില്‍ സ്വകാര്യ ഓഡിറ്റര്‍മാര്‍; സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകും
തൊടുപുഴ: സര്‍ക്കാരിന്റെ ഓഡിറ്റ് മാന്വലിനും സഹകരണ നിയമത്തിനും വിരുദ്ധമായി കേരള ബാങ്കില്‍ സ്വകാര്യ കണ്‍കറന്റ് ഓഡിറ്റര്‍മാരെ നിയമിക്കാന്‍ നടപടി തുടങ്ങി. ജില്ലാ ബാങ്കുകളില്‍നിന്ന് സീനിയര്‍ മാനേജരില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.
സഹകരണ വകുപ്പ് ജീവനക്കാരെ കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികയില്‍നിന്ന് ഒഴിവാക്കുന്നതോടെ ഓഡിറ്റിങ് മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം തന്നെ ഇല്ലാതാകും. സഹകരണ വകുപ്പിലെ ജോയിന്റ് ഡയരക്ടര്‍ തസ്തികയിലുള്ളവരാണ് നിലവില്‍ കണ്‍കറന്റ് ഓഡിറ്റര്‍മാര്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ രണ്ടുവീതവും പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മൂന്നുവീതവും കണ്ണൂരില്‍ നാലും കണ്‍കറന്റ് ഓഡിറ്റര്‍മാരെയാണ് നിയമിക്കുന്നത്. സര്‍ക്കാരിന്റെ ഓഡിറ്റ് മാന്വല്‍ പ്രകാരം സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റര്‍മാരെ നിയമിക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനാണ്.
സഹകരണ ചട്ടത്തിനും നിയമത്തിനും വിരുദ്ധമായ നടപടികള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കുകയും ഗുരുതരമായ ക്രമക്കേടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയുമാണ് കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ പ്രധാന ചുമതല. മാനദണ്ഡവിരുദ്ധമായി അനുവദിച്ച വായ്പകളടക്കം കണ്ടെത്തി ഇവര്‍ നടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍ ഓഡിറ്റര്‍ തസ്തികയിലെത്തുന്ന ജില്ലാ ബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്ക് നിയമപരമായി യാതൊരു അധികാരവുമില്ല. ഇതുതന്നെയാണ് ഇത്തരം നിയമനങ്ങളിലൂടെ ലക്ഷ്യമിടുന്നതും. തന്നെയുമല്ല സഹകരണ വകുപ്പിലെ 14 ജോയിന്റ് ഡയരക്ടര്‍ (ഓഡിറ്റ്) തസ്തിക ഉള്‍പ്പെടെ ഇല്ലാതാകുകയും ചെയ്യും. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സഹകരണ വകുപ്പിലെ അസിസ്റ്റന്റ് ഡയരക്ടര്‍മാരാണ് ഓഡിറ്റര്‍മാര്‍. കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ അര്‍ബന്‍ ബാങ്കുകളിലുണ്ടായിരുന്ന എ.ഡി തസ്തിക ഇല്ലാതായിട്ടുണ്ട്.
കേരള ബാങ്കില്‍ പിന്‍വാതിലിലൂടെ ഓഡിറ്റര്‍മാരെ നിയമിക്കുന്നത് സഹകരണ മേഖലയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാക്കുമെന്നും സഹകരണ മേഖലയിലെ ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുമെന്നും കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍ സുപ്രഭാതത്തോടു പറഞ്ഞു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ തസ്തിക നഷ്ടപ്പെടുത്തുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."