സുബൈറിന്റെ കൊലപാതകം: കാര്‍ വര്‍ക്ക് ഷോപ്പിലായിരുന്നു, ആരാണ് ഉപയോഗിക്കുന്നതെന്നറിയില്ലെന്നും സഞ്ജിത്തിന്റെ പിതാവ്
പാലക്കാട്: പാലക്കാട് എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ തന്നെ എന്ന് സ്ഥിരീകരണം. സഞ്ജിത്തിന്റെ പിതാവും ഭാര്യയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
സഞ്ജിത്ത് മരിക്കും മുമ്പ് കാര്‍ കേടായിരുന്നു. അത് നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്‌ഷോപ്പിലെന്നറിയില്ല. താന്‍ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരില്‍ കട നടത്തുകയാണ് തങ്ങള്‍. സഞ്ജിത്തിന്റെ കാര്‍ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാര്‍ത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കാര്‍ സംബന്ധിച്ച് കൂടുതല്‍ അറിയില്ലായിരുന്നു, ഏത് വര്‍ക്ക്‌ഷോപ്പിലാണെന്നും അറിയില്ലായിരുന്നു. അതിനാലാണ് സഞ്ജിത്തിന്റെ മരണശേഷം കാര്‍ തിരികെയെടുക്കാഞ്ഞതെന്നും ആറുമുഖന്‍ പറഞ്ഞു.
ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു. സഞ്ജിത്തിന്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്.
സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയിരുന്നു. ഏത് വര്‍ക്ക്‌ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തന്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അര്‍ഷിക പറഞ്ഞു.
സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ എങ്ങനെ അക്രമികളുടെ കൈവശം എത്തി എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. സഞ്ജിത്ത് കൊലപെട്ട ദിവസം നടന്ന വിലാപ യാത്രയില്‍ സുബൈറിന്റെ വീടിനും,കടക്കും നേരെ ആക്രമണം നടന്നിരുന്നെന്ന് സുബൈറിന്റെ മകന്‍ സജാദ് പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഞ്ജിത്തിനെ കൊലപെടുത്തിയത് സുബൈറാണെന്ന് വരുത്തിതീര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചതായി ബന്ധു ഫാറൂഖും പറഞ്ഞു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ജുമുഅ കഴിഞ്ഞ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. സുബൈറിന്റെ പിതാവും കൂടെയുണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.
സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സൂചനയുണ്ട്. കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."