മപ്രത്തെ ബാപ്പുമാര്‍ തെരഞ്ഞെടുപ്പ് തിരക്കിലാണ്
മലപ്പുറം: വാഴക്കാട് പഞ്ചായത്തിലെ മപ്രം-എളമരത്തുകാര്‍ക്ക് ഒരാള്‍ കളത്തിലെ ബാപ്പുവും മറ്റയാള്‍ മണ്ണറോട്ടെ ബാപ്പുവുമാണ്. രാഷ്ട്രീയ കേരളത്തിന് മുന്‍ മന്ത്രിമാരും എം.പിമാരുമായ ഈ ബാപ്പുമാരാണ് ഇ.ടി മുഹമ്മദ് ബഷീറും എളമരം കരീമും. ഉറ്റ സുഹൃത്തുക്കളും നാട്ടുകാരുടെ പ്രിയങ്കരുമായ ഇരുവരും ബാല്യകാലം തൊട്ടേ രാഷ്ട്രീയവൈരികളാണ്. ഒരാള്‍ മുസ് ലിം ലീഗും ഒരാള്‍ കമ്മ്യൂണിസ്റ്റും.
ഇരുവരും ഇപ്പോള്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെന്ന കൗതുകമാണ് എളമരത്തോട് തൊട്ടുകിടക്കുന്ന മപ്രം ഗ്രാമത്തിനുള്ളത്. എളമരം മപ്രത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറം ലോക്സഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍, കോവൂരിലാണ് താമസമെങ്കിലും എളമരത്തുകാരന്‍ എളമരം കരീം കോഴിക്കോട് മണ്ഡലത്തില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്.
മാവൂര്‍ ഗോളിയോര്‍റയണ്‍സ് കമ്പനിയില്‍ ജീവനക്കാരും ട്രേഡ് യൂനിയന്‍ നേതാക്കളുമായാണ് ഇരുവരും രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. ഉടുമുണ്ടഴിച്ച് തലയില്‍ ചുറ്റി ചാലിയാര്‍ പുഴ നീന്തിക്കടന്ന് കമ്പനിയിലെത്തി ജോലി ചെയ്ത് ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയവരാണ് ഇരുവരും.
പൊതുപ്രവര്‍ത്തനരംഗത്തും ഭരണരംഗത്തും വലിയ നേതാക്കളായെങ്കിലും സ്വന്തം നാടായ എളമരം ഉള്‍പ്പെടുന്ന നിയമസഭ, ലോക്സഭ മണ്ഡലങ്ങളില്‍നിന്ന് ഇതുവരെ രണ്ടുപേരും ജനവധി തേടിയിരുന്നില്ല.
എന്നാല്‍, ഇത്തവണ ഇ.ടി മുഹമ്മദ് ബഷീര്‍ ആദ്യമായി ജന്മനാട് ഉള്‍പ്പെടുന്ന മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. സി.പി.എം സ്ഥാനാര്‍ഥി വി. വസീഫാണ് ഇ.ടിയുടെ പ്രധാന എതിരാളി. തൊട്ടടുത്ത ഗ്രാമമായ കൊടിയത്തൂര്‍കാരനാണ് വസീഫ്. എളമരം കരീമിനെതിരേ കോഴിക്കോട്ട് യു.ഡി.എഫിലെ എം.കെ രാഘവനും ജനവിധി തേടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."