HOME
DETAILS

പ്രതികൾ അകത്ത്, നിധികൾ പുറത്ത്

  
backup
April 17 2022 | 05:04 AM

6523-1263


കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് ദിനങ്ങളിലെ ഒരു നട്ടുച്ച. നായനാർ അക്കാദമിയിൽ സജ്ജീകരിച്ച താൽക്കാലിക ഹാളിൽ പ്രതിനിധി സമ്മേളനം തുടരുകയാണ്. അതീവ രഹസ്യമെന്ന് പറയപ്പെടുന്ന പ്രതിനിധി സമ്മേളനം നടക്കുന്ന ഹാളിലേക്കു മാത്രമല്ല ആ വളപ്പിലേക്കു തന്നെ നിശ്ചിത ആളുകൾക്ക് മാത്രമാണ് പ്രവേശനം. സുരക്ഷയ്ക്കായി ഗേറ്റിലും അക്കാദമി വളപ്പിന്റെ വിവിധ ഇടങ്ങളിലും നിയോഗിക്കപ്പെട്ട റെഡ് വളണ്ടിയർമാർ വളപ്പിലേക്ക് ആളുകളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കുന്നു.


കമ്യൂണിസ്റ്റ് പാർട്ടികൾ അങ്ങനെയാണ്. ആരംഭകാലം മുതൽ അവരുടെ രീതിയാണത്. രാജ്യത്ത് വിപ്ലവം നടത്താൻ അതിഗൂഢമായ പല തന്ത്രങ്ങളും ചർച്ച ചെയ്ത് ആവിഷ്‌കരിക്കേണ്ടതുണ്ട്. അത് വർഗശത്രുക്കളോ ഭരണകൂടമോ എന്തിന് സാധാരണ പാർട്ടി പ്രവർത്തകർ പോലുമോ അറിയാൻ പാടില്ല. ആ രീതിയിൽ അവർ തരിമ്പും വിട്ടുവീഴ്ച ചെയ്യാറില്ല.
ഗേറ്റിനു പുറത്ത് സദാസമയം ആൾത്തിരക്കാണ്. സമ്മേളനവേദി കാണാൻ പലയിടങ്ങളിൽനിന്നുമെത്തിയ താഴേക്കിടയിലെ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുമൊക്കെ ചേർന്നതാണ് ആൾക്കൂട്ടം.
അക്കൂട്ടത്തിലെ പാർട്ടി പ്രവർത്തകർ സമ്മേളനവേദി കാണാൻ വന്നതാണ്. പാർട്ടിക്കു വേണ്ടി ജീവൻ ത്യജിച്ചവരുടെ ബന്ധുക്കളുമുണ്ട് അക്കൂട്ടത്തിൽ. പ്രതിനിധി സമ്മേളന ഹാളിലേക്ക് പ്രതിനിധികളല്ലാത്തവർ കയറരുതെന്ന് അവർക്ക് നന്നായറിയാം. സമ്മേളനനഗരിയും അവിടെ ഉയർത്തിയ രക്തപതാകയും ഒന്നു കാണുക, പറ്റുമെങ്കിൽ അവിടെ നിന്ന് ഒരു ഫോട്ടോ എടുക്കുക. അത്രമാത്രമാണ് അവരുടെ ആഗ്രഹം. അതിനാണ് അവർ വേനൽ പൊരിവെയിലിൽ എരിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് ശബരിമല യാത്രയോ ഹജ്ജോ പൊലുള്ളൊരു തീർഥാടനമാണ്.
അവരവിടെ വെന്തുരുകുമ്പോൾ ചില വാഹനങ്ങൾ വരുന്നു. റെഡ് വളണ്ടിയർമാർ ആ വാഹനങ്ങൾ അകത്തേക്ക് കടത്തിവിടുന്നു. വാഹനങ്ങളിൽ മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലകപ്പെട്ട പ്രമുഖ നേതാവിന്റെ മക്കളടക്കം ബന്ധുക്കളുണ്ട്. പിന്നെ വലിയ പണക്കാരെന്ന് വാഹനം കണ്ടാൽ തോന്നുന്ന ചിലരുമുണ്ട്. ഇതൊക്കെ കണ്ട് പുറത്തു നിൽക്കുന്ന പ്രവർത്തകരിൽ 70 വയസെങ്കിലും തോന്നിക്കുന്ന ഒരു സഖാവ് ഉറക്കെ പറഞ്ഞു: 'ഇവിടെ നടക്കുന്നത് പ്രതിനിധി സമ്മേളനമാണ്. കുറെ 'പ്രതികൾ' അകത്തുണ്ട്. 'നിധികൾ' പുറത്തും'.
കണ്ട ഒരു കാര്യം പറഞ്ഞെന്നു മാത്രം. അല്ലാതെ പ്രവർത്തകരെ അകത്തു കയറ്റാതിരുന്നത് പാർട്ടിയുടെ കുറ്റമൊന്നുമല്ല. ഇപ്പോൾ സായുധ വിപ്ലവ തന്ത്രങ്ങളൊന്നും ചർച്ച ചെയ്യാത്തതിനാൽ ഇത്രയേറെ രഹസ്യ സ്വഭാവം പാർട്ടിക്കു വേണ്ടെന്ന് പലരും പറഞ്ഞേക്കാം. എന്നാൽ രഹസ്യത്തിന്റെ ഒരാവരണം പാർട്ടിക്കു മേൽ കൊണ്ടുനടക്കുന്നത് അവരുടെ രീതിയാണ്. സി.ഐ.ഡികൾക്കെല്ലാം അവരുടേതായ രീതികളുണ്ടല്ലോ ദാസാ.


കേരളത്തിൽ
ബി.ജെ.പിക്കെന്തു കാര്യം


ജോർജ് എം. തോമസിനെ വെറുതെ കുറ്റം പറയേണ്ട കാര്യമില്ല. ഒരു വിപ്ലവപ്പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണദ്ദേഹം. ആ പാർട്ടിയുടെ നയപരിപാടികൾ പറയേണ്ടതും പ്രചരിപ്പിക്കേണ്ടതും അദ്ദേഹത്തിന്റെ ബാധ്യതയാണ്.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് അദ്ദേഹം വെറുതെ പറഞ്ഞതോ അല്ലെങ്കിൽ നാക്കുപിഴയോ അല്ല. പാർട്ടി രേഖകളിൽ എഴുതിവച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹമതു പറഞ്ഞത്. പാർട്ടി രേഖകളിൽ ഉള്ളതെല്ലാം കിറുകൃത്യമാണെന്ന് വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. പിന്നെ ഒരു കമ്യൂണിസ്റ്റ് പാർട്ടി ഇങ്ങനെയൊക്കെ പറയാമോ എന്ന ചോദ്യത്തിലും കഥയില്ല. കമ്യൂണിസ്റ്റ് പാർട്ടികൾ എങ്ങനെയൊക്കെയാണെന്ന് അറിയാത്തതുകൊണ്ടാണ് അത്തരം സംശയങ്ങൾ.


ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാർട്ടി അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതെന്ന് മാർക്‌സ്, എംഗൽസ്, ലെനിൻ, മാവോ തുടങ്ങി സകല കമ്യൂണിസ്റ്റ് ആചാര്യരും പറഞ്ഞിട്ടുണ്ട്. അതനുസരിച്ചു തന്നെയാണ് പാർട്ടികൾ പ്രവർത്തിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടായിരിക്കില്ല ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടേത്. അതു രണ്ടുമായിരിക്കില്ല ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടേത്. ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും പല നിലപാടുകളായിരിക്കും. അതു മനസിലാക്കാൻ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം പരിശോധിച്ചാൽ മതിയാകും. കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നും എന്നാൽ ഓരോ സംസ്ഥാനത്തും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നീക്കുപോക്കുകളാവാമെന്നും അതിൽ പറയുന്നുണ്ട്. കോൺഗ്രസുമായി കൂട്ടുകെട്ട് ബുദ്ധിമുട്ടാകുന്ന കേരളത്തിൽ അതു വേണ്ടെന്നും തമിഴ്‌നാട് പോലെ ഗുണമുണ്ടാകുന്ന ഇടങ്ങളിൽ നീക്കുപോക്കെന്ന പേരിൽ കൂട്ടുകെട്ടാവാമെന്നുമാണ് അതിന്റെ പച്ച മലയാളം.


കേരളത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടും അടവു, തന്ത്രങ്ങളും എല്ലായിടത്തും ഒരുപോലെയാവില്ല. നേമത്തും കഴക്കൂട്ടത്തും പറയുന്ന രാഷ്ട്രീയമാവില്ല തിരൂരിലോ താനൂരിലോ പറയുന്നത്. തിരുവമ്പാടിയിലെ രാഷ്ട്രീയം അതിലുമൊക്കെ ഭിന്നമായിരിക്കും. ഫാസിസ്റ്റ്, ബൂർഷ്വാ രാഷ്ട്രീയക്കാർ അതിനെ അവസരവാദമെന്നു വിളിച്ചേക്കും. എന്നാൽ അത് യഥാർഥത്തിൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണെന്ന് ആ വിവരദോഷികൾക്ക് അറിയില്ലല്ലോ.


ക്രൈസ്തവ വോട്ട് ബാങ്ക് നിർണായകവും അതിന്റെ സമാഹരണത്തിൽ സവർണ ക്രൈസ്തവ സഭാമേധാവികൾക്ക് വൻ പ്രാധാന്യവുമുള്ളൊരു നിയമസഭാ മണ്ഡലമാണ് തിരുവമ്പാടി. കെ. കരുണാകരൻ സഭാനേതാക്കളെ കൈവെള്ളയിൽ കൊണ്ടുനടന്നിരുന്ന കാലത്ത് യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നു അത്. വർഗസമര രാഷ്ട്രീയം പറഞ്ഞൊന്നും ആളുകളെ സ്വാധീനിക്കാനാവാതിരുന്ന ഇടം. കാലം മാറുമ്പോൾ വർഗസമരപാഠങ്ങളിലും മാറ്റം വരുമല്ലോ. അങ്ങനെ സഭാസംവിധാനങ്ങളിലും സി.പി.എമ്മിന് സ്വീകാര്യത കിട്ടിത്തുടങ്ങി. ആ ബന്ധത്തിലെ പ്രധാന കണ്ണിയാണ് അവിടെ എം.എൽ.എ ആയിരുന്ന ജോർജ് എം. തോമസ് എന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. അങ്ങനെയാവുമ്പോൾ ആ സംവിധാനങ്ങൾക്ക് ഹിതമായ കാര്യം ഇടയ്ക്കിടെ പറയേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാകുന്നത് സ്വാഭാവികം.


ആ ചുമതലാബോധം കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത്. ധാരാളം മുസ്‌ലിം പെൺകുട്ടികൾ ഇതര മതക്കാരെ വിവാഹം കഴിക്കുന്നുണ്ട്. അവിടെയൊന്നും ലൗ ജിഹാദ് ആരോപണം വരുന്നില്ല. ഇത്തരം സംഭവങ്ങളിൽ വരനാകുന്നത് മതവിശ്വാസം പോലുമില്ലാത്ത ഒരു അറബി ഭാഷാ പേരുകാരനാകുമ്പോൾ അവിടെ ലൗ ജിഹാദ് ആരോപണവുമായി ഒരുപാട് പേർ ചാടിവീഴുന്നു. അതുവഴി സൃഷ്ടിക്കുന്ന സാമുദായിക കാലുഷ്യങ്ങൾ വിപ്ലവപ്രസ്ഥാനമെന്ന് അറിയപ്പെടുന്ന പാർട്ടികൾക്ക് പോലും വോട്ട് ബാങ്ക് സാധ്യതകൾ തുറക്കുന്നു.
അതുകൊണ്ടാണ് അത്രയേറെ വിദഗ്ധമായി, വേണമെങ്കിൽ ചില വോട്ട് ബാങ്ക് ഇടങ്ങളിൽ ലൗ ജിഹാദ് പോലും ആരോപിക്കാവുന്ന തരത്തിൽ ആ പാർട്ടി രേഖ തയാറാക്കിയതെന്ന് വ്യക്തം. സി.പി.എം ശക്തമായ ഇടങ്ങളിൽ ബി.ജെ.പി ശക്തി പ്രാപിക്കില്ലെന്ന് പാർട്ടി നേതാക്കൾ പറയുന്നതും സത്യമാണ്. ജോർജ് എം. തോമസ് പറഞ്ഞതുപോലെ സംസാരിക്കുന്ന നേതാക്കൾ പാർട്ടിയിലുള്ള നാടുകളിൽ ബി.ജെ.പിയുടെ ആവശ്യമില്ലല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago