' ഇത് ഇംഗ്ലണ്ടാണോ? നിങ്ങള്‍ ജോലി ചെയ്യുന്നത് ബിഹാറിലാണ്'; ഇംഗ്ലിഷ് സംസാരിച്ചതിന് കര്‍ഷകനെ ശാസിച്ച് നിതീഷ് കുമാര്‍
പാട്ന: ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചതിന് കര്‍ഷകനെ ശാസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ കാര്‍ഷിക റോഡമാപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭംവം. ലഖിസരായില്‍ നിന്നുള്ള അമിത് കുമാര്‍ എന്ന കര്ഷകന് സംസാരിക്കുന്നതിനിടെ പലതവണ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് നിതീഷ് കുമാര്‍ ഇടപെടുകയും നിങ്ങള്‍ ഇംഗ്ലണ്ടിലാണോ ജീവിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തത്.
പൂനെയില്‍ മികച്ച ജോലിയുള്ള മാനേജ്മെന്റ് ബിരുദധാരിയായ തനിക്ക് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം ജില്ലയില്‍ കൂണ് കൃഷി ചെയ്യാനുള്ള ധൈര്യം സംഭരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതിന് മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടാണ് അമിത് കുമാര്‍ തന്റെ പ്രസംഗം തുടങ്ങിയത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഇടപെട്ടു.
' നിങ്ങള്‍ ഒരുപാട് ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിലെ അനൗചിത്യം ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. ഇത്് ഇംഗ്ലണ്ടാണോ? നിങ്ങള്‍ ജോലി ചെയ്യുന്നത് ബീഹാറിലാണ്. സാധാരണക്കാരുടെ തൊഴിലായ കൃഷി ചെയ്യുന്നു. '- നിതീഷ് കുമാര്‍ പറഞ്ഞു.
പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടി പോരാടിയ രാം മനോഹര്‍ ലോഹ്യയുടെ അനുയായി ആണ് ഞാന്‍. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആളുകളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടി. ഇതോടെ പലരും സ്വന്തം ഭാഷകള്‍ മറക്കാന്‍ തുടങ്ങി'. മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രസംഗം പുനരാരംഭിച്ച ശേഷവും അമിത് കുമാര്‍ വീണ്ടും ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചു. പിന്നാലെ വീണ്ടും ഇടപെട്ട മുഖ്യമന്ത്രിയോട് താന്‍ എന്‍ജിനീയറിങ് ആണ് പഠിച്ചതെന്നും തന്റെ പഠനമാധ്യമം ഇംഗ്ലിഷ് ആയിരുന്നുവെന്നും ഓര്‍മിപ്പിച്ചു.
എന്നാല്‍ പഠനത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്നത് മറ്റൊരു കാര്യമാണെന്നും ദൈനംദിന ജീവിത്തില്‍ ഇത് പിന്തുടരുന്നത് എന്തിനാണെന്നും നിതീഷ് കുമാര്‍ ചോദിച്ചു. തുടര്‍ന്ന് മാപ്പു പറഞ്ഞ കര്ഷകന് പ്രസംഗം തുടര്‍ന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. പൊതു പ്രസംഗത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് തികച്ചും പരിഹാസ്യമാണെന്ന് സംസ്ഥാന ബിജെപി നേതാവ് നിഖില്‍ ആനന്ദ് പറഞ്ഞു. ദിവാസ്വപ്നത്തിന്റെ ആവേശത്തില്‍ അകപ്പെട്ട നിതീഷ് കുമാറിന് രാഷ്ട്രീയ ഉന്മാദാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."