കുഴല്‍പ്പണം കവര്‍ച്ച: അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്
തൃശൂര്‍: കൊടകരയില്‍ കാറില്‍ കടത്തിയ ദേശീയ പാര്‍ട്ടിയുടെ മൂന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളിലേക്ക്.
പണം കാറില്‍ കൊടുത്തുവിട്ട വാഹനത്തിന്റെ ഉടമ കോഴിക്കോട് സ്വദേശി ധര്‍മരാജന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും റൂറല്‍ എസ്.പി ജി പൂങ്കുഴലി പറഞ്ഞു. ധര്‍മരാജനു പണം നല്‍കിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കാണ്. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. ഒരു പ്രതിയുടെ വീട്ടില്‍നിന്നു മാത്രം 23.4 ലക്ഷം രൂപയും ഒന്നേകാല്‍ ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ച്ചയ്ക്കു ശേഷം ആറുലക്ഷം രൂപ കേരള ബാങ്കില്‍ വായ്പ തിരിച്ചടച്ചതിന്റെ രേഖകളും കണ്ടെത്തി. തട്ടിയെടുത്ത പണം മൂന്നു പ്രതികള്‍ കൊണ്ടുപോയെന്നാണ് വിവരം. നേതാക്കളുള്‍പ്പെടെ കൂടുതല്‍ പേരെ ചോദ്യം ചെയ്താല്‍ ഇക്കാര്യം തെളിയിക്കാന്‍ സാധിക്കുമെന്നും പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. സുനില്‍ നായിക്കെിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം നിരവധി ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ആളാണ് സുനില്‍.
കേസുമായി തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനെടെയാണ് കേസിലെ ആര്‍.എസ്.എസ്- ബി.ജെ.പി ബന്ധം പുറത്തുവരുന്നത്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ടെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ കൊടകര പൊലിസില്‍ പരാതി നല്‍കിയത്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപ ദേശീയപാതയില്‍ കൊടകരയില്‍വച്ച് കൃത്രിമ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തിയത്. പണം ബി.ജെ.പിയുടേതാണെന്ന് നേരത്തെ സി.പി.എം ആരോപിച്ചിരുന്നു.അതിനിടെ കേസില്‍ ഒരു പ്രതികൂടി പൊലിസ് കസ്റ്റഡിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അഞ്ചു പ്രതികള്‍ക്കായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."