കോൺഗ്രസിനു തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരണമെന്ന് കിഷോറിനോട് നേതൃത്വം
ന്യൂഡൽഹി
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലേക്കും അതിനു മുമ്പായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും കോൺഗ്രസിനായി തന്ത്രങ്ങൾ തയാറാക്കി പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇതിന്റെ അവതരണം ഇന്നലെ സോണിയാഗാന്ധിയുടെ വസതിയായ ജൻപഥ് 10ൽ നടന്നു. രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ് വിജയ് സിങ്, അജയ് മാക്കൻ, പ്രിയങ്കാ ഗാന്ധി എന്നിവരും പ്രസന്റേഷനിൽ പങ്കെടുത്തു.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഈവർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന പടിദാർ നേതാവ് നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കുകയെന്ന ലക്ഷ്യവും കോൺഗ്രസിനുണ്ട്. നരേഷ് പട്ടേലിനെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാമെന്നാണ് പ്രശാന്ത് കിഷോർ നിർദേശിച്ചിരിക്കുന്നത്. ഖോഡിയാർ ദേവിയുടെ ക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീ ഖോദൽധാം ട്രസ്റ്റിന്റെ ചെയർമാനാണ് നരേഷ് പട്ടേൽ. രാജ്കോട്ടിലെ ലുവ പടിദാർ സമൂഹത്തിന്റെ പ്രധാന ആരാധനാമൂർത്തിയാണ് ഖോഡിയാർ ദേവി. പാർട്ടിയെ താഴെ തട്ടിൽ നിന്ന് കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച പദ്ധതികളും പ്രശാന്ത് കിഷോർ മുന്നോട്ടുവച്ചു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടരുന്നതിന് പകരം കോൺഗ്രസിൽ ചേർന്ന് തന്ത്രങ്ങൾക്ക് രൂപം നൽകാൻ ഇന്നലെ ചേർന്ന യോഗത്തിൽ സോണിയാഗാന്ധിയും രാഹുലും പ്രശാന്ത് കിഷോറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത പ്രശാന്ത് കിഷോർ അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന് നൽകേണ്ട പദവി സംബന്ധിച്ച കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. പാർട്ടിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."