നരകമുക്തിയുടെ റമദാന്‍
റമദാന്‍ അന്ത്യപത്തിലേക്ക് അടുക്കുകയാണ്. നരകമോചനം വാഗ്ദാനം ചെയ്യപ്പെട്ട ദിനരാത്രങ്ങളാണ് ഇനി. റമദാനിന്റെ എല്ലാ ദിനങ്ങളിലും നരകത്തില്‍നിന്നു മോചനം ഉണ്ടെങ്കിലും അവസാന പത്തില്‍ പ്രത്യേകം വിമോചിതരുണ്ട്. റമദാനില്‍ അല്ലാഹു നിരവധി ആളുകളെ നരകത്തില്‍നിന്നു പ്രത്യേകം മോചിപ്പിക്കും. റമദാനിലെ കാരുണ്യമാണ് നരകാവകാശികളായവരെ ശിക്ഷയില്‍നിന്നു മോചിപ്പിക്കുന്നത്.
റമദാനിനെ മാന്യമായി സ്വീകരിക്കുകയും പുണ്യകര്‍മങ്ങളനുഷ്ഠിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്കു നരകമോചനം ലഭിക്കും. റമദാനായാല്‍ ഇങ്ങനെ വിളിച്ചുപറയും: നന്മ കാംക്ഷിക്കുന്നവനേ മുന്നോട്ടുവരൂ. തിന്മ പ്രവര്‍ത്തിക്കുന്നവനേ അവസാനിപ്പിക്കൂ. അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കുന്ന അടിമകളുണ്ട്. അത് എല്ലാ രാത്രികളിലുമുണ്ട് (തുര്‍മുദി). എല്ലാ ദിവസങ്ങളിലെയും നോമ്പ് തുറക്കുന്ന സമയത്ത് ചിലരെ നാഥന്‍ നരകമോചിതരാക്കും (അഹ്മദ്). അറുപതിനായിരം പേരാണ് ഓരോ രാത്രിയിലും പാപമുക്തരാക്കപ്പെടുന്നത്. പെരുന്നാള്‍ പകലില്‍, റമദാന്‍ മുപ്പത് നാളിലും മോചിതരാക്കപ്പെട്ടവരുടെ അത്രപേരെ അല്ലാഹു മോചിപ്പിക്കും (ബൈഹഖി). റമദാനിലെ അവസാന ഭാഗം നരകമോചനത്തിന്റേതാണ് (ഇബ്‌നു ഖുസൈമ).
സല്‍ക്കര്‍മികള്‍ക്കു വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെക്കുറിച്ച് പറഞ്ഞാലും ദുര്‍ജനങ്ങള്‍ക്കുള്ള നരകത്തെക്കുറിച്ച് പറഞ്ഞാലും ബോധോദയമുണ്ടായിരുന്ന കാലമൊക്കെ ഇന്നു പോയ്മറഞ്ഞു. ഇന്നു നരകത്തിന്റെ ഭീകരത എത്ര പറഞ്ഞാലും പലര്‍ക്കും തമാശയാണ്. അല്ലാഹുവിന്റെ പരലോകത്തെക്കുറിച്ച വിശ്വാസം കുറഞ്ഞതിനാലാണിത്. ഇസ്‌ലാമിന്റെ പരലോക വിശ്വാസങ്ങളെ പരിഹസിക്കുന്ന നിരീശ്വരവാദികളുടെ ആശയങ്ങള്‍ക്കു പ്രചാരം ലഭിക്കുകയും ഓണ്‍ലൈന്‍ ലോകത്തു മാത്രം ജീവിക്കുന്ന യുവത തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗം വിശ്വാസികള്‍ക്കാണ് എന്നതുപോലും അവര്‍ക്കു ദഹിക്കുന്നില്ല. സ്വര്‍ഗം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്നാണ് അവരുടെ വാദം. ഇസ്‌ലാം പറയുന്നത് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവരോടാണ്. അവര്‍ക്കു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ചാണ്. എല്ലാവര്‍ക്കും വേണം എന്ന് വാദിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്വര്‍ഗം അവരവര്‍ക്കു നിര്‍മിക്കാവുന്നതാണ്. അതു കഴിയില്ല എന്നാണെങ്കില്‍, കഴിയുന്നവനായ സ്രഷ്ടാവ് നിര്‍മിക്കുന്ന സ്വര്‍ഗത്തില്‍ കടക്കണമെങ്കില്‍ ആ സ്രഷ്ടാവ് അനുശാസിക്കുന്നത് അംഗീകരിക്കുകയും വേണ്ടിവരും എന്നു മാത്രം സൂചിപ്പിക്കുന്നു.
പരലോകത്തു പുനര്‍ജനിപ്പിക്കപ്പെട്ട മനുഷ്യന്‍ സുദീര്‍ഘമായ വിചാരണയ്ക്കു ശേഷം സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കപ്പെടും. അനശ്വരമായ സ്വര്‍ഗ, നരകങ്ങളുടെ അവസ്ഥയെന്താണെന്നു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗത്തെക്കുറിച്ചുള്ള സുവാര്‍ത്ത സത്യവിശ്വാസികളെ വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നതു പോലെ നരകത്തെക്കുറിച്ചുള്ള താക്കീതും നിരവധി സ്ഥലങ്ങളില്‍ കാണാം. ഭീകരവും നിന്ദ്യവും അസഹനീയവും അപമാനകരവുമായ നരകശിക്ഷയുടെ വര്‍ണന അനേകം ഖുര്‍ആനിക സൂക്തങ്ങളിലും ഹദീസുകളിലും നമുക്കു കാണാം. ഇതു പ്രസ്തുത സംഭവങ്ങളുടെ ഭീകരത മനസിലാക്കി നരകമുക്തിയുടെ വഴിതേടി മനുഷ്യന്‍ സല്‍കര്‍മി ആകാനാണ്. അപ്പോള്‍ ബുദ്ധി അല്‍പമെങ്കിലും ഉള്ള വ്യക്തി നരകമുക്തി ആഗ്രഹിച്ച് സൂക്ഷ്മ ജീവിതം നയിക്കാന്‍ തയാറാകും. മനുഷ്യന്‍ എന്തിനു നന്മ ചെയ്യണം, തിന്മ വെടിയണം എന്നതിന്റെ ഉത്തരം നല്‍കാന്‍ പരലോക വിശ്വാസികള്‍ക്കു മാത്രമേ കഴിയൂ. അല്ലാതെ മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കില്‍ പിന്നെ നല്ലത് എന്തിനു ചെയ്യണം, തിന്മ എന്തിനു വര്‍ജിക്കണം?. മരിക്കുന്നതുവരെ ആസ്വദിച്ച് തിന്മയില്‍ അഭിരമിച്ച് ജീവിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നതിന്റെ കാരണം മരണാനന്തരം ഉള്ള വിചാരണയും പ്രതിഫലവും ഓര്‍ക്കാത്തതിനാലാണ്. ഒരാള്‍ എന്തിനു നന്മ ചെയ്യണം എന്നതിനും തിന്മ വെടിയണം എന്നതിനും വ്യക്തമായ ഉത്തരം ഇസ്‌ലാമിലുണ്ട്. പാരത്രിക ലോകത്തു പ്രതിഫലം ലഭിക്കാന്‍, പരലോകത്ത് ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍...
നരകത്തെപ്പറ്റിയും അതിന്റെ ഭീകരതയെപ്പറ്റിയും ഖുര്‍ആന്‍ നമുക്കു വിവരിച്ചു തരുന്നത് അതില്‍നിന്നു രക്ഷനേടുന്ന കര്‍മങ്ങള്‍ ചെയ്തു നരകമുക്തി നേടാനാണ്. അതില്‍ കത്തിയെരിയേണ്ടി വരുന്ന ഹതഭാഗ്യരുടെ ദുഷ്ചെയ്തികളും പിഴച്ച വിശ്വാസങ്ങളും വര്‍ജിക്കാനുമാണ്. ഒരു ചെറിയ കാര്യത്തേയും നിസാരമായി കാണാതെ സല്‍ക്കര്‍മം നാം വര്‍ധിപ്പിക്കണം. നബി (സ്വ) ആഇശ ബിവി (റ)യോട് പറഞ്ഞു: 'ഈന്തപ്പഴത്തിന്റെ ഒരു ചീള് ദാനം ചെയ്തിട്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക'. നിസാരമായ കര്‍മങ്ങള്‍ക്കു വലിയ പ്രതിഫലം നല്‍കുകയും അവന്റെ നിയ്യത്ത് (ഉദ്ദേശശുദ്ധി) അനുസരിച്ച് പ്രതിഫലം നല്‍കുകയും ചെയ്യും. നോമ്പിനും നരകമുക്തിയുടെ വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. 'നോമ്പ് പരിചയാണ്, അതു മുഖേന നരകത്തില്‍നിന്നു മറ സ്വീകരിക്കുന്നു.' (അഹ്മദ്, ബൈഹഖി). പശ്ചാത്തപിച്ച് അല്ലാഹുവിലേക്കു മടങ്ങാന്‍ വിശ്വാസി സമയം കണ്ടെത്തണം. അല്ലാഹുവിനെ ഭയന്നു കരയുന്നവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. 'പാല്‍ അകിട്ടിലേക്കുതന്നെ തിരിച്ചു പോകുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ പൊടിപടലങ്ങളും നരകത്തിന്റെ പുകയും ഒരടിമയുടെ മേല്‍ ഒരുമിക്കുകയില്ല '(നസാഈ, തിര്‍മിദി). പറ്റിപ്പോയ തെറ്റുകള്‍ക്കു പശ്ചാത്തപിച്ച് മടങ്ങാന്‍ നാം തയാറാകണം. അത്തരം ആളുകള്‍ക്ക് അല്ലാഹു നരകമോചനം വാഗ്ദാനം ചെയ്യുന്നു.
നരകത്തിന്റെ ഭയനകതയെക്കുറിച്ച് അല്ലാഹു പറയുന്നു: 'അവിശ്വസിക്കുകയും അവിശ്വാസികളായി മരിക്കുകയും ചെയ്തവരില്‍പ്പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായ്ശ്ചിത്തമായി നല്‍കിയാല്‍ പോലും അതു സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്കു സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല'. (3:91) . അല്ലാഹുവിനോടു നിരന്തരം പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. സത്യവിശ്വാസികളുടെ പ്രാര്‍ഥനയുടെ രൂപം മേല്‍ വചനങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നു: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു നരകശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു' (25:65,66).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."