HOME
DETAILS
MAL
കൊവിഡ്: ആര്.എസ്.എസും പറയുന്നു; മോദിയ്ക്ക് പിഴച്ചു
backup
April 30 2021 | 00:04 AM
ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യംചെയ്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയില്‍ ആര്.എസ്.എസിനും അതൃപ്തി. ലോകത്ത് ഏറ്റവുമധികം കൊവിഡ് ദുരന്തംവരുത്തിവച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ആര്.എസ്.എസിനെ അസ്വസ്ഥപ്പെടുത്തിയതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും സ്വന്തം കാര്യത്തെക്കുറിച്ച് തന്നെ ആശങ്കയിലാണെന്നും എന്നാല്‍ ഇപ്പോള്‍ വിമര്‍ശിച്ച് അശക്തരാക്കേണ്ട സാഹചര്യമല്ലെന്നുമാണ് ഇക്കാര്യത്തില്‍ ആര്.എസ്.എസിന്റെ നിലപാട്. പരസ്യവിമര്‍ശനങ്ങള്‍ ആരെയും സഹായിക്കില്ല. ആദ്യം എല്ലാം നിയന്ത്രണവിധേയമാവട്ടെയെന്ന് ഒരു ആര്.എസ്.എസ് നേതാവ് പറഞ്ഞു.
അതിനിടെ, നിങ്ങളെല്ലാം എവിടെപ്പോയിരിക്കുകയാണെന്ന് ഡല്‍ഹിയിലെ ബി.ജെ.പി പ്രവര്‍ത്തകരോടും നേതാക്കളോടും ആര്.എസ്.എസ് നേതാവ് ട്വിറ്ററിലൂടെ ചോദിച്ചതും വലിയ ചര്‍ച്ചയായി. രോഗവ്യാപനം തീവ്രമായിട്ടും ബി.ജെ.പി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്നായിരുന്നു ആര്.എസ്.എസ് നേതാവ് രാജിവ് തുലിയുടെ പരാതി. ഡല്‍ഹിയില്‍ എല്ലായിടത്തും അഗ്നിപടരുകയാണ്. ഏതെങ്കിലും ഡല്ഹിക്കാര് ഇവിടത്തെ ബി.ജെ.പിയെ കണ്ടോ? എവിടെയാണ് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ-ഡല്‍ഹി ആര്.എസ്.എസ് മുന്‍ പ്രചാര്‍ പ്രമുഖ് ആയ തുലി ചോദിച്ചു.
തുലിയുടെ പരസ്യപ്രസ്താവന ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിട്ടുണ്ടെങ്കിലും അതിനോട് പ്രതികരിച്ച് വിഷയം കൂടുതല്‍ വഷളാക്കേണ്ടെന്നാണ് ബി.ജെ.പി നേതാക്കള്‍ക്ക് കിട്ടിയ നിര്‍ദേശം. പ്രസ്താവന കണ്ടില്ലെന്നായിരുന്നു ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്ത പറഞ്ഞത്. പ്രസ്താവനയോട് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്ര വിസമ്മതിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."