ചികിത്സക്കായി ക്യൂവില്‍ കാത്തിരുന്നത് അഞ്ചുമണിക്കൂര്‍; ഇന്ത്യന്‍ സ്ഥാനപതി മരിച്ചത് പാര്‍ക്കിങ് ഏരിയയില്‍ സ്വന്തം കാറിലിരുന്ന്
ന്യൂഡല്‍ഹി: സ്ഥാനപതി അശോക് അമ്രോഹിയുടെ മരണം ചികിത്സ ലഭിക്കാതെയെന്ന് ആരോപിച്ച് കുടുംബം. സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് അശോക് അമ്രോഹി മരിച്ചതെന്നാണ് അമ്രോഹിയുടെകുടുംബം ആരോപിക്കുന്നത്.
ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി അഞ്ചുമണിക്കൂറാണ് അദ്ദേഹത്തിന്റെ മകന്‍ പല ക്യൂവുകളിലായി നിന്നത്. ആ സമയമത്രയും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട് കാറില്‍ അവശനായി കിടക്കുകയായിരുന്നു അശോക് അമ്രോഹിയെന്നുമ കുടുംബം ആരോപിക്കുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് അവസാനം കാറില്‍വെച്ചായിരുന്നു അമ്രോഹിയുടെ അന്ത്യം. ഏപ്രില്‍ 27 നായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് അമ്രോഹി അസുഖബാധിതനായതെന്ന് പറയുന്നു അദ്ദേഹത്തിന്റെ ഭാര്യ യാമിനി. ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത്. രാത്രി എട്ടുമണിയോടെ കിടക്ക ഒഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടാണ് അമ്രോഹിയുമായി ബന്ധുക്കള്‍ മേദാന്ത ആശുപത്രിയിലെത്തിയത്. ബെഡ് നമ്പര്‍ ഏതാണെന്നുവരെ ഞങ്ങള്‍ക്കറിയാമായിരുന്നു. രാത്രി 7.30 ഓടുകൂടിയാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. ആദ്യം അവര്‍ പറഞ്ഞത് കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ്. അത് നടത്തി. അതിന് തന്നെ ഒന്നരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവന്നു. ആ സമയം മുഴുവന്‍ അദ്ദേം കാറിലെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു- അവര്‍ പറഞ്ഞു.
പിന്നെ ആശുപത്രിയിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ക്യൂ.. ഒന്ന് ആരോടെങ്കിലും കാറിലിരിക്കുന്ന അദ്ദേഹത്തെ വന്ന് നോക്കാന്‍ പറഞ്ഞെങ്കിലും ആരും കേട്ടില്ല. മൂന്നുതവണയാണ് ഞാന്‍ പോയി യാചിച്ചത്. കരഞ്ഞുപറഞ്ഞു, ദേഷ്യപ്പെട്ടു.. പക്ഷേ ആരും സഹായിച്ചില്ലെന്നും മകന്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന് ഒരു വീല്‍ച്ചെയറോ സ്ട്രക്ചറോ കിട്ടുമോ എന്നും കുറേ അന്വേഷിച്ചു. അതും ലഭ്യമായില്ല. ആശുപത്രി പ്രവേശന നടപടി പൂര്‍ത്തിയാക്കി അഡ്മിറ്റ് ആയതിന് ശേഷം മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്നാണ് ആശുപത്രിക്കാര്‍ പറഞ്ഞതെന്നും മകന്‍ പറയുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായമുണ്ടായോ എന്ന ചോദ്യത്തിന് അവരെന്ത് ചെയ്യാനാണ് ഇക്കാര്യത്തില്‍ എന്നായിരുന്നു യാമിനിയുടെ മറുപടി.
ബ്രൂണയ്, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അശോക് അമ്രോഹിയുടെ മരണത്തില്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."