കൊവിഡ് മരണങ്ങളുടെ ആഗോള കണക്ക് പ്രസിദ്ധീകരിക്കുന്നതിനെതിരേ കേന്ദ്രം
ന്യൂഡൽഹി
കൊവിഡ് മരണങ്ങളുടെ ആഗോള കണക്ക് പ്രസിദ്ധീകരിക്കുന്നതിനെതിരേ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ലോകാരോഗ്യ സംഘടനക്ക് മേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്. കൊവിഡ് വ്യാപന വർഷങ്ങളിലേയും മറ്റു കാലങ്ങളിലെയും മരണങ്ങൾ തമ്മിലുള്ള വ്യത്യാസം കണക്കാക്കുന്ന റിപ്പോർട്ടാണ് ഡബ്ല്യു.എച്ച്.ഒ തയാറാക്കിയിരിക്കുന്നത്. കൊവിഡ് വ്യാപന സമയത്തുള്ള യഥാർഥ കണക്കുകളെക്കാൾ കൂടുതലാണ് ലോകാരോഗ്യ സംഘടനയുടെ കണക്കെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്ക് പ്രസിദ്ധീകരിക്കരുതെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക കണക്കിലെ കൊവിഡ് മരണത്തിന്റെ നാലിരട്ടിയാണ് ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. ഇതിനോട് യോജിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഈ മാസമാണ് പുറത്തുവിടേണ്ടിയിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ എതിർത്തതോടെ ഇത് നീളുകയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങൾ, ഗാർഹിക സർവേകളിൽ നിന്നുള്ള വിവരങ്ങൾ, കണക്കാക്കാത്ത മരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതൽ മരണങ്ങൾ രാജ്യത്ത് സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് നേരത്തേയും പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."