ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി വടകര
കോഴിക്കോട്: വടകര മണ്ഡലത്തിലെ ഫലം എന്താകുമെന്ന ചിന്ത ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്. യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പി നേതാവ് കെ.കെ രമ മത്സരിച്ചതോടെയാണ് പരമ്പരാഗത ഇടത് മണ്ഡലത്തിലെ ജനവിധി ആകാംക്ഷയേറ്റുന്നത്. പ്രവചനാതീത പോരാട്ടമായിരുന്നു വടകരയില്‍.
എന്നാല്‍ വോട്ടെടുപ്പിനു ശേഷമുള്ള കണക്കുകളും വിലയിരുത്തലുകളും പ്രകാരം രമയ്ക്കു മുന്‍തൂക്കമുണ്ട്. രമ ജയിക്കുകയാണെങ്കില്‍ അത് സി.പി.എമ്മിന്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും. വടകരയിലെ ജയം പാര്‍ട്ടി രൂപീകരിച്ച് 12 വര്‍ഷം പിന്നിട്ടിട്ടും ഒഞ്ചിയത്തിനപ്പുറം വളര്‍ച്ച നേടാന്‍ കഴിയാതെപോയ ആര്‍.എം.പിക്ക് മറ്റു മേഖലകളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഊര്‍ജമാകുകയും ചെയ്യും. സോഷ്യലിസ്റ്റുകള്‍ മാത്രം ജയിച്ചുപോരുന്ന മണ്ഡലത്തില്‍ ഇത്തവണ തോറ്റാല്‍ എല്‍.ജെ.ഡിക്കുണ്ടാകുന്ന ആഘാതം ചെറുതാകില്ല.
വടകരയില്‍ ഇത്തവണ ഈസി വാക്കോവര്‍ പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ എല്‍.ഡി.എഫ്. ആര്‍.എം.പിയും കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങളും മത്സരിക്കാനില്ലെന്ന രമയുടെ പ്രഖ്യാപനവുമെല്ലാം എല്‍.ഡി.എഫിന്റെ പ്രതീക്ഷയേറ്റിയിരുന്നു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു മത്സരിക്കുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്തയും ശുഭസൂചനയായി എല്‍.ഡി.എഫ് കണ്ടു.
ഇതിനിടെ എല്‍.ജെ.ഡിക്കു ലഭിച്ച സീറ്റില്‍ മനയത്ത് ചന്ദ്രന്‍ പ്രചാരണവും തുടങ്ങിയിരുന്നു. പൊടുന്നനെയാണ് രമ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നത്.
പിന്നീട് ഇടതുമുന്നണിയെ പിന്നിലാക്കുന്ന പ്രചാരണമാണ് രമ നടത്തിയത്. വടകരയിലെ തെരഞ്ഞെടുപ്പ് ആവേശം സമീപ മണ്ഡലങ്ങളിലും യു.ഡി.എഫിന് ഉണര്‍വേകിയിട്ടുണ്ട്.
നാദാപുരത്തും കുറ്റ്യാടിയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് യു.ഡി.എഫ് കരുതുന്നത്.
അതേസമയം, രമ തോല്‍ക്കുകയാണെങ്കില്‍ ആര്‍.എം.പിയുടെ രാഷ്ട്രീയഭാവി തന്നെ ഇരുളടയും. ടി.പി വധം എന്ന വൈകാരികതയുമായി അധികകാലം മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്കാവില്ല. പാര്‍ട്ടിയില്‍ നിന്ന് മാതൃസംഘടനയിലേക്കുള്ള കൊഴിഞ്ഞുപോക്കിനും തോല്‍വി കാരണമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."