പാലക്കാട് ഇന്ന് സര്‍വ്വകക്ഷി യോഗം
പാലക്കാട്: പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി സമാധാന യോഗം ഇന്ന്. മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ അധ്യക്ഷതയിലാണ് പാലക്കാട് കലക്ട്രേറ്റില്‍ യോഗം ചേരുന്നത്. ബി.ജെ.പി പ്രതിനിധികളും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കൂടാതെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയൊഴിവാക്കാന്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സര്‍വകക്ഷി സമാധാന യോഗം ചേരുന്നത്. വൈകീട്ട് മൂന്നരക്ക് പാലക്കാട് കലക്ട്രേറ്റിലാണ് യോഗം. ജില്ലയില്‍ നിരോധനാജ്ഞ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇരുചക്ര വാഹന യാത്രക്കും നിയന്ത്രണമുണ്ട്. പിന്‍സീറ്റില്‍ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവര്‍ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം.
രണ്ട് കൊലപാതകങ്ങളിലും പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആര്.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് കൊല നടത്തിയതെന്നാണ് സൂചന. സുബൈര്‍ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആസൂത്രിത കൊലപാതകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്ക് അടക്കമാണ് അന്വേഷണമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."