ട്വിറ്റര്‍ സ്വന്തമാക്കണമെന്ന ഇലോണ്‍ മസ്‌കിന്റെ ആഗ്രഹത്തിന് സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
ട്വിറ്ററിന് വാങ്ങണമെന്ന ഇലോണ്‍ മസ്‌കിന്റെ ആഗ്രഹത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. കാശിറക്കി ട്വിറ്ററില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് വെറുതേയായില്ലെന്ന് ലോകത്തോട് വിളിച്ചുപറയുന്ന തരത്തിലാണ് മസ്‌കിന്റെ നീക്കങ്ങള്‍. ട്വിറ്ററിന്റെ ഓഹരികള്‍ വാരിക്കൂട്ടിയതിന് പിന്നാലെ ട്വിറ്ററിന് തന്നെ വിലപറഞ്ഞിരിക്കുകയാണ്.
ട്വിറ്ററില്‍ സജീവമായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ഇദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ മസ്‌ക്, തന്റെ ബിസിനസ്പരമായ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും പലപ്പോഴും അതുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ അഭിപ്രായം സ്വീകരിക്കുന്നതും ട്വിറ്ററിലൂടെയാണ്.
എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് സ്വന്തമായി ഒരു സമൂഹ മാധ്യമം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ചിന്തിക്കുകയാണെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഇതും ട്വിറ്ററിലൂടെയാണ് മസ്‌ക് പറഞ്ഞത്. ട്വിറ്ററിനെ ഏറ്റെടുക്കണോയെന്ന ചോദ്യവും തുടര്‍ന്നു വോട്ടിങ്ങും നടത്തിയതും ട്വിറ്ററിലൂടെയാണ്. മസ്‌കിന് ഒരു കോടീശ്വരന്‍ എന്നതിനപ്പുറമുള്ള ജനപ്രീതി സൃഷ്ടിച്ചത് ട്വിറ്റര്‍ എന്ന മാധ്യമമാണ് തന്നെ പിന്തുടരുന്നവരോടു മസ്‌ക് സംസാരിച്ചിരുന്നതും പല പ്രധാന പ്രഖ്യാപനങ്ങളും നടത്തിയതുമെല്ലാം ട്വീറ്ററില്‍ തന്നെ മറ്റു സമൂഹ മാധ്യമങ്ങള്‍ ഒന്നും ഉപയോഗിക്കാത്ത ഒരാളായ മസ്‌ക് ട്വിറ്ററിനെ ഏറ്റവും നന്നായി ഉപയോഗിച്ച വ്യക്തികളില്‍ ഒരാളാണ്.
അതേസമയം ട്വിറ്ററിന്റെ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍. 'എന്തെങ്കിലും വാങ്ങണമെങ്കില്‍ ശ്രീലങ്ക വാങ്ങു,ട്വിറ്ററിനെ വെറുതെ വിടു' ട്വിറ്ററിന് വിലപറഞ്ഞ വാര്‍ത്തയില്‍ പ്രതികരിച്ചുകൊണ്ട് വന്ന പ്രതികരണങ്ങളില്‍ ഒന്നാണിത്. പലരും നര്‍മം കലര്‍ത്തിയും അല്ലാതെയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളായി ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മാറിയെങ്കിലും മസ്‌ക് ഇവയിലൊന്നും അംഗത്വം എടുക്കുകയോ, താല്‍പര്യം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല.ഫെയ്‌സ്ബുക്കില്‍ തുടങ്ങിയ സക്കര്‍ബര്‍ഗ് അടുത്തതായി ട്വിറ്റര്‍ വാങ്ങുമോയെന്ന ഭയമാണ് മസ്‌കിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."