ജഹാംഗീർപുരി സംഘർഷം ; നോമ്പുതുറ സമയത്തെ പള്ളിക്ക് മുന്നിലെ മുദ്രാവാക്യം സംഘർഷത്തിന് കാരണമായി കണ്ടെത്തൽ ഇടതു വസ്തുതാന്വേഷണ സംഘത്തിന്റേത്
മുസ്‌ലിംകളെ മാത്രം
തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി
ആയുധങ്ങളുമായി ശോഭായാത്ര നടത്തുന്നവരെ നോമ്പുതുറക്കുന്ന സമയത്ത് പള്ളിക്ക് മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ പൊലിസ് അനുവദിച്ചതാണ് ജഹാംഗീർപുരിയിൽ വർഗീയ സംഘർഷത്തിന് കാരണമായതെന്ന് ഇടതു പാർട്ടികളുടെ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിനു പിന്നാലെ മുസ് ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് പൊലിസ് ചെയ്തതെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തി.
നേരത്തെ നടന്ന ശോഭായാത്രയിൽനിന്ന് വ്യത്യസ്തമായി പുറത്തു നിന്നെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകരാണ് സംഘർഷമുണ്ടായ ശോഭായാത്രയിലുണ്ടായിരുന്നത്. ബംഗാളി സംസാരിക്കുന്ന മുസ് ലിംകൾ തിങ്ങിത്താമസിക്കുന്ന സി ബ്ലോക്കിന് മുന്നിലൂടെ രണ്ടുതവണ സമാധാനപരമായി ശോഭായാത്ര കടന്നുപോയി. അപ്പോഴൊന്നും പ്രകോപനമുണ്ടായില്ല. യാത്ര മൂന്നാമത്തെ തവണ അതിലൂടെ കടന്നുപോയപ്പോൾ മുസ് ലിംകൾ പള്ളിയിൽ നോമ്പുതുറക്കാൻ ഒത്തുകൂടിയ സമയമായിരുന്നു.
ജാഥക്കാർ പള്ളിയുടെ മുന്നിൽ നിർത്തി മുദ്രാവാക്യം വിളിച്ചു. ഇതു തടയാൻ പൊലിസ് തയാറായില്ല. ഇക്കാര്യത്തിൽ പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കല്ലേറുണ്ടായത് മുസ് ലിംകളുടെ ഭാഗത്തുനിന്ന് മാത്രമായിരുന്നില്ലെന്നും ഇരുവിഭാഗവും ഒന്നിച്ചാണ് കല്ലേറ് തുടങ്ങിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പിന്നാലെ റെയ്ഡിന്റെ പേരിൽ പൊലിസ് സ്ത്രീകടക്കമുള്ളവരെ വീടുകളിൽക്കയറി ഉപദ്രവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ, ഐസ, ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
ആയുധങ്ങളുമായി ശോഭായാത്ര നടത്താനും നോമ്പുതുറക്കുന്ന സമയത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാനും പൊലിസ് അനുവദിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."