കോടതി രേഖകള്‍ മാധ്യമങ്ങൾക്ക് എ.ഡി.ജി.പിയുടെ വിശദീകരണവും തൃപ്തികരമല്ലെന്ന് കോടതി
കൊച്ചി
നടിയെ ആക്രമിച്ച കേസിലെ ചില കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെക്കുറിച്ച് എ.ഡി.ജി.പി നല്‍കിയ വിശദീകരണവും തൃപ്തികരമല്ലെന്ന് കോടതി. നേരത്തെ ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് വിചാരണക്കോടതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തേടിയത്. ഹൈക്കോടതിയില്‍ മറ്റൊരു ഹരജി നല്‍കാന്‍ അപേക്ഷയുടെ പകര്‍പ്പ് എ.ജി ഓഫിസിലേക്ക് നല്‍കിയിരുന്നെന്നും അവിടെ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചതാകാമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ഏതു ഉദ്യോഗസ്ഥനാണ് നല്‍കിയതെന്നോ ഏതു ഹരജിയാണ് കൊടുത്തതെന്നോ മറുപടിയില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈ സംഭവത്തില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലും ഇല്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് വിഷയം ഏപ്രില്‍ 21ന് പരിഗണിക്കാന്‍ മാറ്റി.
അന്വേഷണ സംഘം തെറ്റിദ്ധാരണ
പരത്തരുത്;
വിമർശനവുമായി കോടതി
കോടതിയുത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അന്വേഷണ സംഘം തെറ്റിദ്ധാരണ പരത്തരുതെന്ന് കോടതിയുടെ വിമര്‍ശനം. ദിലീപിന്റെ ഫോണില്‍ നിന്ന് ചില കോടതി രേഖകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലാണ് വിചാരണക്കോടതി ഇക്കാര്യം പറഞ്ഞത്. അന്വേഷണ സംഘവും പ്രോസിക്യൂഷനും കോടതിയുടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കരുത്. രേഖകള്‍ ചോര്‍ന്നാല്‍ അന്വേഷണം നടത്തേണ്ടത് കോടതിയാണ്. പൊലിസിന് സ്വമേധയാ ഇടപെടാനാവില്ല. ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ കോടതിക്ക് സംവിധാനമുണ്ടെന്നും ജഡ്ജി ഹണി.എം.വര്‍ഗീസ് വ്യക്തമാക്കി. അതേസമയം കോടതി രേഖകള്‍ എങ്ങനെ ലഭിച്ചെന്ന് ദിലീപില്‍ നിന്ന് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഫോണില്‍ നിന്ന് ലഭിച്ച രേഖകളടങ്ങിയ സി.ഡി പ്രദര്‍ശിപ്പിച്ചു. സുപ്രിംകോടതി നിര്‍ദേശിച്ചതനുസരിച്ച് ലഭിച്ച രേഖകളാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് ഏപ്രില്‍ 21ലേക്ക് മാറ്റി.
തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകി
കേസിലെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ നല്‍കി.
ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ മൂന്നു മാസം കൂടി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇന്നു ഹൈക്കോടതി വിധി പറയുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
തുടര്‍ന്ന് ഈ കേസ് ഏപ്രില്‍ 21ലേക്ക് മാറ്റി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയും അന്നു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."