വിലസാൻ വെർന, പുതുമോടിയിൽ
വീൽ
വിനീഷ്
നീണ്ട ബോണറ്റും പിറകിൽ ഡിക്കിയും പതിഞ്ഞ രൂപവുമുള്ള സെഡാനുകൾ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പടിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. പറയാനെങ്കിലും ഇന്നും ഉള്ളത് ഹോണ്ട സിറ്റിയും ഹ്യുണ്ടായിയുടെ വെർനയും മാരുതിയുടെ സിയാസും ഫോക്സ് വാഗൺ വെർച്വസും പോലുള്ള ചില മോഡലുകൾ മാത്രം. എയറോഡൈനാമിക് ഡിസൈൻ അടക്കമുള്ള പല ഘടകങ്ങൾ കാരണം ഹൈവേ യാത്രകളിലടക്കം മികച്ചത് സെഡാനുകൾ ആണെങ്കിലും എല്ലാവർക്കും ഇന്ന് എസ്.യു.വി മതി. കാരണം അത്രയ്ക്കാണ് ഇന്ത്യൻ വാഹനവിപണിയുടെ തലയ്ക്ക് എസ്.യു.വി ഭ്രമം പിടിച്ചിരിക്കുന്നത്. ഇവിടുത്തെ റോഡുകളും പ്രാക്ടിക്കാലിറ്റിയും ഒക്കെ ഇതിന് കാരണങ്ങളായി പറയാം.
ഏതായാലും ഇതിനിടയിൽ ഹ്യുണ്ടായി തങ്ങളുടെ സെഡാനെ, വെർനയെ പരിഷ്കരിച്ച് ഇറക്കുകയാണ്. മാർച്ച് 21 ന് പുതിയ മോഡൽ നിരത്തിലറങ്ങും. ബുക്കിങും ഇതിനകം ആരംഭിച്ചിട്ടുണ്ട്.2006 ൽ ആണ് വെർനയെ ഇന്ത്യയിൽ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. പുറത്തിറങ്ങി 15 ദിവസം കൊണ്ട് 5000 വെർനകളും ഹ്യുണ്ടായി വിൽപന നടത്തിയിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം 2010 ൽ ചെറിയ ചില മാറ്റങ്ങളും മോഡലിൽ വരുത്തിയിരുന്നു. 2011 ൽ ആണ് ഹ്യുണ്ടായിയുടെ ഫ്ളൂയിഡിക് ഡിസൈൻ തീമോടെ അടിമുടി മാറി വെർന എത്തിയത്. പിന്നീട് ഇതുവരെ പലമാറ്റങ്ങളോടെ മോഡലിനെ സജീവമായി നിർത്താൻ കൊറിയൻ കമ്പനി ശ്രദ്ധിച്ചിരുന്നു.
ഫ്ളൂയിഡിക് ഡിസൈൻ തീം സ്വീകരിച്ചതുമുതൽ വെർനയുടെ ഡിസൈനിൽ കാണുന്ന സ്പോർട്ടിനസ് കുറച്ചുകൂടി നന്നായി ഫീൽ ചെയ്യുന്നതാണ് ലേറ്റസ്റ്റ് വെർന. ‘സെൻസസ് സ്പോർട്ടിനെസ് ’ എന്നതാണ് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ തീം. ഒറ്റനോത്തിൽ തന്നെ പുതിയ മോഡലിൽ കാണുമ്പോൾ . കുറച്ചു കാലങ്ങളായി മുന്നിലെ വലിയ പാരാമെട്രിക ഗ്രില്ലുകൾ ആണ് വെർനയുടെ എടുത്തുകാണിക്കുന്ന ഒരു സവിശേഷത. വലിയ ഗ്രിൽ അതുപോലെ നിലനിർത്തിയിട്ടുണ്ട്.
എൽ.ഇ.ഡി ഡി.ആർ.എൽ ഫ്രണ്ട് ഗ്രില്ലിന് മുകളിലായി ഒരറ്റം മുതൽ മറ്റേ അറ്റംവരെ വരെ നീണ്ടുകിടക്കുന്നതാണ്. മുൻവശത്തിന് കൂടുതൽ മനോഹാരിത സമ്മാനിക്കുന്നതാണിത്. എന്നാൽ ഫ്രണ്ട് ബംപറിൽ നൽകിയിരിക്കുന്ന എയർ ഡാംപുകൾ പോലെ തോന്നിക്കുന്ന കട്ടിങ് കുറച്ച് ഒാവറായോ എന്ന് സംശയമില്ലാതില്ല. ‘സെൻസസ് സ്പോർട്ടിനെസ്’ എന്ന ഹ്യുണ്ടായിയുടെ അഗ്രസീവ് ഡിസൈൻ തീമിനെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന വിധത്തിലുള വശങ്ങളിലെ പാനൽ ഡിസൈൻ പിറകിൽ എൽ ഷെയ്പിലുള്ള ടെയിൽ ലൈറ്റുമായി ഇഴുകിച്ചേർന്നിരിക്കുന്നു. വീൽ ആർച്ചുകളിൽ നിന്ന് അൽപം പുറത്തേക്ക് തള്ളിനിൽക്കുന്ന അലോയ് വീലുകൾ കാറിൻ്റെ സ്പോർട്സ് അപ്പീൽ വർധിപ്പിക്കുന്നുവെന്ന് നിസംശയം പറയാം. പിന്നിലെ ഡിക്കിയിൽ ചെറിയൊരു ഇൻഡഗ്രേറ്റഡ് സ്പോയിലറും ഉണ്ട്.
രണ്ട് എൻജിൻ ഒാപ്ഷനുകളാണ് ലേറ്റസ്റ്റ് വെർനയ്ക്ക് ഉള്ളത്. 115 പി.എസ് കരുത്തുള്ള 1.5 ലിറ്റർ നോൺടർബോ എൻജിനാണ് ഒന്ന്. 144 Nmടോർക്ക് ഉള്ള ഇൗ മോഡൽ ആറ് സ്പീഡ് മാന്വൽ, അല്ലെങ്കിൽ ഹ്യുണ്ടായിയുടെ തന്നെ IVT (ഇൻ്റലിജൻ്റ് വേരിയബിൾ ട്രാൻസ്മിഷൻ) ഒാട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എത്തുന്നത്. കൂടുതൽ മൈലേജ് തരുന്നതും സ്മൂത്തുമാണ് IVT. ഗിയർ ഷിഫ്റ്റുകൾ നടക്കുന്നത് വാഹനത്തിനകത്തിരിക്കുന്നവർ കാര്യമായി അറിയില്ലെന്നതാണ് IVT ഒാട്ടോമാറ്റിക് ട്രാൻസ്മിഷൻ്റെ സവിശേഷത. എന്നാൽ ഇതിലെ ത്രില്ലിങ് എൻജിൻ പവർ കൂടിയ 1.5 ലിറ്റർGDI പെട്രോൾ ആണ്. 160 പി.എസ് പവറും260Nmടോർക്കുമാണ് ഒൗട്ട്പുട്ട്. 6 സ്പീഡ് മാന്വൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഒാട്ടോമാറ്റിക് ഗിയർബോക്സ് ഒാപ്ഷനുമായാണ് ഇൗ എൻജിൻ വെർനയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ടോപ് സ്പെക് മോഡലുകൾ സൺറൂഫ്, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെൻ്റ്, 360 ഡിഗ്രി കാമറ തുടങ്ങിയ സവിശേഷതകളോടെയായിരിക്കും എത്തുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ളൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ ഉൾപ്പെടെയുള്ള റഡാർ അധിഷ്ഠിത ADAS സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിക്കാം. നിലവിലെ വെർന മോഡലുകളിൽ നിന്നും അധികം വില നൽകേണ്ടിവരുമോ എന്നറിയാൻ കുറച്ചുദിവസം കൂടി കാത്തിരിക്കേണ്ടി വരും. മിഡ് സൈസ് സെഗ്മെൻ്റിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്സ് വാഗണ വെർച്വസ് എന്നിവയാണ് വെർനയുടെ എതിരാളികൾ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."