കെ.എസ്.ഇ.ബി ഹിതപരിശോധന ഗ്രൂപ്പ് തിരിഞ്ഞ് മത്സരിക്കാൻ ഐ.എൻ.ടി.യു.സി അംഗീകാരം കിട്ടാൻ സാധ്യതയില്ലെന്ന് പ്രവർത്തകർ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
എഴ് വർഷങ്ങൾക്കു ശേഷം അംഗീകൃത ട്രേഡ് യൂനിയനുകളെ തിരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബിയിൽ 28ന് നടക്കുന്ന ഹിതപരിശോധനയിൽ ഗ്രൂപ്പ് തിരിഞ്ഞ് മത്സരിക്കാൻ ഐ.എൻ.ടി.യു.സി.
കെ.പി.ധനപാലൻ പ്രസിഡന്റും വി.സുധീർ കുമാർ ജനറൽ സെക്രട്ടറിയുമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ആർ. ചന്ദ്രശേഖരൻ പ്രസിഡന്റും പ്രദീപ് നെയ്യാറ്റിൻകര ജനറൽ സെക്രട്ടറിയുമായി പവർ വർക്കേഴ്‌സ് കോൺഗ്രസ് സംഘടനകളാണ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഒരുവട്ടം ചർച്ച ചെയ്തിട്ടും സമവായത്തിലെത്തിയില്ല.
കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, സിബിക്കുട്ടി ഫ്രാൻസിസ്, കഴിവൂർ സുരേഷ്, സി.എസ്.സജീവ്, ബിജു ആറ്റിങ്ങൽ, മറു വിഭാഗത്തെ പ്രതിനിധീകരിച്ച് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, പ്രദീപ് നെയ്യാറ്റിൻകര, വി.വീരേന്ദ്ര കുമാർ, ആർ.എസ്. വിനോദ് മണി എന്നിവരും സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനുമാണ് സുധാകരൻ വിളിച്ച ചർച്ചയിൽ പങ്കെടുത്തത്.
കഴിഞ്ഞ തവണ ഐ.എൻ.ടി.യു.സി, എസ്.ടി.യു എന്നിവ ഒന്നിച്ച് യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് എന്ന പേരിലാണ് മൽസരിച്ചത്. ഇത്തവണയും അതുപോലെ മൽസരിക്കണമെന്ന നിർദേശമാണ് കെ.പി.സി.സി പ്രസിഡന്റ് മുന്നോട്ടുവച്ചത്. എന്നാൽ നേതൃത്വത്തെ ചൊല്ലി തർക്കം തുടങ്ങി. യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് എന്ന പേരിൽത്തന്നെ മത്സരിക്കുകയാണെങ്കിൽ പവർ വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകരയെ ജനറൽ സെക്രട്ടറിയാക്കണം എന്നാണ് ചന്ദ്രശേഖരൻ വിഭാഗത്തിന്റെ ആവശ്യം. പ്രധാന ഭാരവാഹിത്വം കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെ.പി.ധനപാലൻ വിഭാഗം.
തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപെടുത്താനും ശമ്പളക്കരാറിൽ ഒപ്പിടാനും മാനേജ്‌മെന്റ് വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാനും ഹിതപരിശോധനയിൽ അംഗീകാരം നേടുന്ന തൊഴിലാളി സംഘടനകൾക്കേ സാധിക്കൂ. രണ്ടു ഗ്രൂപ്പുകളായി മത്സരിച്ചാൽ ഐ.എൻ.ടി.യു.സിക്ക് അംഗീകാരം കിട്ടാൻ സാധ്യതയില്ലെന്ന് ഭൂരിഭാഗം പ്രവർത്തകരും പറയുന്നു.
ഇതിനു മുൻപ് 2015 ലാണ് ഹിതപരിശോധന നടന്നത്. വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു), യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് (ഐ.എൻ.ടി.യു.സി), വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എന്നീ സംഘടനകൾക്കാണ് കഴിഞ്ഞ തവണ അംഗീകാരം ലഭിച്ചത്. ഐ.എൻ.ടി.യു.സിക്ക് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു അംഗീകാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."