ഇ.പി.എഫ്: ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള ലിങ്ക് പ്രവർത്തന ക്ഷമമായി; തിയ്യതി മെയ് മൂന്നു വരെ നീട്ടി
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് എത്തി. അർഹതയുള്ളവർക്ക് ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ സുപ്രിം കോടതി അനുവദിച്ച കാലാവധി മാർച്ച് നാലിന് അവസാനിക്കും. എന്നാൽ മെയ് നാല് വരെ ഇതുവഴി ഓപ്ഷൻ നൽകാമെന്നാണ് ലിങ്കിൽ നൽകിയിട്ടുള്ള വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.
https://unifiedportal-mem.epfindia.gov.in/memberInterfacePohw/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റിലേക്ക് പ്രവേശിക്കാം.
ലിങ്ക് വന്നെങ്കിലും ജീവനക്കാരും തൊഴിലുടമകളും ഓപ്ഷൻ നൽകലും രേഖകൾ സമർപ്പിക്കലും പരാതികൾ പരിഹരിക്കലും ഉൾപ്പെടെ നൂലാമാലകൾ ഏറെയുണ്ട്. അർഹതയുള്ള ലക്ഷക്കണക്കിന് ജീവനക്കാർക്ക് മുഴുവൻ ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള സാവകാശം സുപ്രീംകോടതി പറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കാനിടയില്ല. കൂടാതെ ലക്ഷക്കണക്കിനുപേർ ഒരേസമയം വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിനാലാകാം ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ അപേക്ഷിക്കാനുള്ള വിൻഡോ ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.
ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് രാവിലെ ലിങ്ക് ലഭ്യമാക്കിയത്. സുപ്രിം കോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കാൻ ഇപിഎഫ്ഒ അധികൃതർക്ക് നൽകിയിട്ടുള്ളതാണ് നാലു മാസം കാലാവധി. എന്നാൽ, അതിനെ ഉയർന്ന പിഎഫ് പെൻഷനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള കാലാവധിയായിട്ടാണ് മുഖ്യധാരാമാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. ജീവനക്കാർക്ക് അവകാശപ്പെട്ട ഉയർന്ന പിഎഫ്‌പെൻഷൻ അനുവദിക്കുന്നതിൽ മോദിസർക്കാരിനുള്ള കടുത്ത എതിർപ്പാണ് കാലതാമസത്തിന് കാരണമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു
.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പാക്കണമെന്ന കേസിൽ 2022 നവംബർ നാലിനാണ് സുപ്രിംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. നാലു മാസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഇ.പി.എഫ്.ഒയോട് സുപ്രിം കോടതി നിർദേശിച്ചിരുന്നു.
വിധി വന്ന് ആദ്യ മാസങ്ങളിൽ ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. 2023 ജനുവരിക്കുശേഷമാണ് 2014 സെപ്തംബർ ഒന്നിന് മുമ്പ് സർവിസിൽനിന്ന് വിരമിച്ചവർക്കുള്ള സൗകര്യം ഒരുക്കിയത്. സർവിസിൽ തുടരുന്നവർക്കുള്ള ഉത്തരവ് 2023 ഫെബ്രുവരി 20നാണ് ഇ.പി.എഫ്.ഒ പുറത്തിറക്കിയത്. സംയുക്തഓപ്ഷൻ നൽകാനുള്ള ലിങ്കും ഉടൻ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
2014 സെപ്റ്റംബർ ഒന്നിന് മുമ്പ് സർവിസുണ്ടായിരിക്കുകയും 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കും ജോലിയിൽ തുടരുന്നവർക്കും ഓപ്ഷൻ നൽകാനുള്ള അവസരമാണ് ഇ.പി.എഫ്.ഒ വിജ്ഞാപനത്തിലുള്ളത്. ഇവർ ഇ.പി.എഫ്.ഒ നിർദേശിച്ച പരമാവധി ശമ്പളത്തിന് മുകളിൽ യഥാർഥ ശമ്പളത്തിനുള്ള ഇ.പി.എഫ് വിഹിതം തൊഴിലുടമ അടച്ചിരുന്നവരുമാകണം.
ഉയർന്ന പെൻഷനുവേണ്ടി യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാൻ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നൽകുന്ന സമ്മതപത്രമാണ് ഓപ്ഷൻ. 1995 നവംബർ മുതൽ 2001 മേയ് വരെ ഇ.പി.എഫ്.ഒ നിശ്ചയിച്ച പരമാവധി വിഹിതം 5000 രൂപയും പെൻഷൻ ഫണ്ട് വിഹിതം 417 രൂപയുമായിരുന്നു. 2001 ജൂൺ2014 ആഗസ്റ്റ് കാലയളവിൽ ഇതു യഥാക്രമം 6,500 രൂപയും 541 രൂപയുമായി പരിഷ്‌കരിച്ചു. 2014 സെപ്തംബർ മുതൽ 15,000 രൂപയാണ് ഇ.പി.എഫ് നിശ്ചയിച്ച പരമാവധി ശമ്പളം. പെൻഷൻ വിഹിതം 1250 രൂപയുമാണ്.
ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകുമ്പോൾ ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് അടക്കേണ്ടി വരും. നിലവിൽ സർവിസിലുള്ളവരിൽ പി.എഫ് നിക്ഷേപത്തിൽനിന്ന് ഇത് പെൻഷൻ ഫണ്ടിലേക്ക് മാറ്റുമെന്നാണ് സൂചന. രാജ്യത്ത് 4.5 കോടി ഇ.പി.എഫ് വരിക്കാരുണ്ടെന്നാണ് കണക്ക്. 50 ലക്ഷത്തോളം പേർക്കാണ് ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."