റായ്പൂരിൽനിന്ന് വരുന്ന കരുത്ത്
അനൂപ് വി.ആർ
സംഘ്പരിവാറിന്റെ സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിനോടും അനുരൂപ സംഘടനാ സംവിധാനത്തോടും പോരാടാൻ പോയിട്ട് നേർക്കുനേരെ നിൽക്കാൻപോലും ശേഷിയില്ലാത്ത സംഘം എന്നതായിരുന്നു അടുത്തനാൾവരെയുള്ള കോൺഗ്രസ് വിമർശനങ്ങളുടെ ആകത്തുക. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പരിശ്രമങ്ങൾപോലും കോൺഗ്രസിന്റെ പൊതുവായ സംഘടനാ സ്വഭാവത്തിന്റെ അപവാദവും ഒറ്റയാൾ പ്രകടനങ്ങളുമായിട്ടാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. രാഹുലിന്റെ നന്മയെ പുകഴ്ത്തിയവർപോലും കോൺഗ്രസിൻ്റെ സംഘടനാപരവും രാഷ്ട്രീയവുമായ ഉള്ളടക്കത്തെ നിഷേധിച്ചെന്ന് മാത്രമല്ല അദ്ദേഹത്തെപ്പോലെ ഒരാളെ ഉൾക്കൊള്ളാൻ കഴിയാത്ത കൂട്ടമായി കോൺഗ്രസിനെ സ്ഥാപിക്കുകയും ചെയ്തു. അപ്പോഴൊക്കെയും സംഘടനപ്രതിസ്ഥാനത്താവുകയും പ്രതിനിധാനമെന്ന നിലയിൽ സംഘടനാ ജനറൽ സെക്രട്ടറി അക്രമിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയമായി രാഹുൽ ഗാന്ധി നിർജീവമാണെന്ന് ആരോപിച്ചവർ അദ്ദേഹത്തിൻ്റെ പേരിൽ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നത് വേണുഗോപാലും സംഘവുമാണെന്ന് പ്രചരിപ്പിച്ചു. മലയാളിയായ സംഘടനാ ജനറൽ സെക്രട്ടറിക്കെതിരേ സംഘ്പരിവാർ താൽപര്യങ്ങളുള്ള ഉത്തരേന്ത്യൻ മാധ്യമങ്ങൾ പ്രചാരവേല നടത്തിയപ്പോൾ മലയാളമാധ്യമങ്ങൾ പോലും ആവർത്തിച്ചു. പ്രതിസന്ധിയുടെ പാരമ്യത്തിൽ ചുമതലകൾ ഏറ്റെടുക്കാൻ നിയുക്തനായ ഒരാളെന്ന ഇളവ് വിമർശനങ്ങളിൽ ഒരിടത്തും നൽകപ്പെട്ടില്ല. അതുകൊണ്ടുതന്നെയാണ് രാജ്യവ്യാപകമായി രാഹുലിന്റെ യാത്രയെന്ന തീരുമാനം വന്ന നിമിഷംമുതൽ അതിനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് പലരാലും തീർപ്പുകൽപ്പിക്കപ്പെട്ടത്. എന്നാൽ അത്തരം പ്രചാരണം ഉൾപ്പെടെയുള്ള നിരവധി പ്രതിബന്ധങ്ങളെ തുടക്കംമുതൽ ഒടുക്കംവരെ അതിജീവിച്ചത് നേതൃമികവിൻ്റെയും കഠിനാധ്വാനത്തിൻ്റെയും പിൻബലത്തിലാണ്. സംഘ്പരിവാറിനെതിരേ ഇന്ത്യയിൽ ഇത്തരം യാത്ര സംഘടിപ്പിക്കാൻ കഴിയുന്ന ഏക സംഘടനാ സംവിധാനം കോൺഗ്രസിന്റേതാണെന്ന് വിമർശകർക്ക് സമ്മതിക്കേണ്ടിവന്നിരിക്കുന്നു
കഠിന യാത്രയുടെ സംഘാടനത്തിടയിൽ അതികഠിനമായത് സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നതാണ്. മല്ലികാർജുൻ ഖാർഗേയെപ്പോലെ പാർട്ടി പ്രത്യയശാസ്ത്ര പ്രതിബന്ധതയിലും അനുഭവപരിചയത്തിലും അദ്വിതീയനായ നേതാവ് മത്സരരംഗത്ത് വന്നപ്പോഴും സംഘടിത കടന്നാക്രമണങ്ങളുണ്ടായി. അതിലും ഏറ്റവുമധികം വില്ലനൈസ് ചെയ്യപ്പെട്ടത് സംഘടനാ ജനറൽ സെക്രട്ടറിതന്നെ. ശശി തരൂരിൽ മാത്രമാണ് സംഘടനയുടെ രക്ഷയെന്ന് പറഞ്ഞവർ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ആഗ്രഹിച്ചതും കെ.സി വേണുഗോപാലിനെയാണ്. കർണാടകയിലെ ഹിജാബ് നിരോധനത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ സമീപകാലത്ത് സംഘ്പരിവാറുമായി തെരുവിൽ ഏറ്റുമുട്ടാൻ സന്നദ്ധനായ ഖാർഗേയെപ്പോലെ നേതാവിന്റെ ശേഷിയെ അദൃശ്യമാക്കിക്കൊണ്ട് അദ്ദേഹത്തെ നിലവിലുള്ള നേതൃത്വത്തിന്റെ വിധേയനാക്കി അടയാളപ്പെടുത്താൻ ശ്രമിച്ചവർ യഥാർഥത്തിൽ ദുർബലപ്പെടുത്താൻ ശ്രമിച്ചത് സംഘടനാ നേതൃത്വത്തെകൂടിയാണ്
മത്സരരംഗത്തുള്ളവരിൽ ഒരാൾ മാത്രം സംഘടനയെ ശക്തിപ്പെടുത്താൻ ശേഷിയുള്ളയാളായും മറ്റേയാൾ അശക്തനായും സൃഷ്ടിക്കപ്പെട്ട ബൈനറി ഒരർഥത്തിൽ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിലൂടെ സംഘടന അതിജീവിച്ചത് ഇത്തരം ശിഥിലീകരണ ശ്രമങ്ങളെയായിരുന്നു. പ്രസിഡൻ്റായതിനുശേഷവും സംഘ്പരിവാറിനെ പാർലമെന്റിന് അകത്തും പുറത്തും അക്രമിക്കുന്ന ഖാർഗേ വിമർശകർക്കുള്ള മറുപടിയായി. അതേസമയം, ശശി തരൂരിനെപ്പോലെ ഒരാളുടെ ശേഷികൾ മുൻപത്തെപ്പോലെ സംഘടന തുടർന്നും ഉപയോഗിക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചു. അങ്ങനെ അനാരോഗ്യത്തിൻ്റെയും അസ്വാരസ്യങ്ങളുടെയും ദുർമേദസ്സുകളെ ചികിത്സിച്ച് നവീകരിക്കപ്പെട്ട സംഘടനാ ശരീരമാണ് റായ്പൂരിൽ എത്തിയത്. അതിലെ തീരുമാനങ്ങൾ വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്നതരത്തിൽ സംഘടനയെ ശാക്തീകരിക്കുന്നതാണെന്ന് നിസംശയം പറയാം.
റായ്പൂരിലെ തീരുമാനങ്ങളിൽ ചരിത്രപരമായി ഏറ്റവും പ്രധാനപ്പെട്ടത് പിന്നോക്ക, ദലിത് വിഭാഗങ്ങൾക്ക് സംഘടനയിൽ അമ്പത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയാണ്. പ്രസിഡൻ്റും സംഘടനാ ജനറൽ സെക്രട്ടറിയും ഇക്കാര്യത്തിൽ നടത്തിയ പ്രതികരണങ്ങൾ ഇതിന് അടിവരയിടുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനം ഇത്തരം പരിഷ്‌കാരത്തിന് മുതിരുമ്പോൾ രാജ്യത്തെ സാഹചര്യംകൂടി പരിശോധിക്കപ്പെടണം. മുസ്‌ലിംകളെ അപരവൽക്കരിച്ച് വംശഹത്യാ മുനമ്പിൽ എത്തിക്കുന്ന ഹിംസയുടെ പ്രത്യയശാസ്ത്രം, അവരെ അധികാരത്തിന്റെ ഇടങ്ങളിൽനിന്ന് നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നതിൽ അതിശയോക്തിയില്ല. യു.പി പോലുള്ള സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ ഏതാണ്ട് ഒരു യൂറോപ്യൻ രാജ്യത്തിന്റെ ജനസംഖ്യയ്ക്ക് സമാനമാണ്. അവിടെനിന്നുള്ള മുസ്‌ലിം ജനപ്രതിനിധികളുടെ എണ്ണം നാമമാത്രമാണെന്നത് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പരാജയമാണ്. അതേസമയം, അദൃശ്യമാക്കപ്പെടുന്നതും അധികാരത്തിന്റെ ഇടങ്ങളിൽനിന്ന് തുടച്ചുനീക്കപ്പെടുന്നതും മുസ് ലിംകൾ മാത്രമല്ല, സാമൂഹികവിഹിതം സംവരണത്തിലൂടെ അവകാശപ്പെടാവുന്ന എല്ലാ ജനവിഭാഗങ്ങളും കൂടിയാണ്. സവർണ സാമ്പത്തിക സംവരണത്തിലൂടെ സംവരണത്തിന്റെ തത്വങ്ങളെ ഭരണഘടനാ ഭേദഗതിയിലൂടെ സംഘ്പരിവാർ ഭരണകൂടം തകർക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിലാണ് കോൺഗ്രസിൽ സംഘടനയ്ക്കകത്ത് സംവരണം നടപ്പാക്കാനുള്ള നീക്കമെന്നത് സുപ്രധാനമാണ്.
ഈ ദിശയിലുള്ള നീക്കങ്ങൾ ഇതാദ്യമായല്ലെന്ന് അടുത്തകാലത്തെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികളുടെ കാര്യത്തിലെടുത്ത പൊതുമാനദണ്ഡങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. പൗരത്വ സമരകാലത്ത് യു.പിയിൽനിന്ന് ഉയർന്നുവന്ന ഇമ്രാൻ ഗാർഹിയെപ്പോലെ മുസ്്ലിം നേതാവിന് മഹാരാഷ്ട്രപോലെ സംസ്ഥാനത്തുനിന്ന് ഇടം നൽകി. സംഘടനാ ജനറൽ സെക്രട്ടറിയുടെ സംസ്ഥാനത്ത് നിരവധി ഉന്നതനേതാക്കൾ ഉണ്ടായിട്ടും മുസ്്ലിം വനിതക്കുതന്നെ അവസരം നൽകി. പക്ഷേ, പ്രാതിനിധ്യത്തിലുള്ള ഈ രാഷ്ട്രീയജാഗ്രത ചർച്ചയാവാതിരിക്കാൻ കേരളത്തിലടക്കം മാധ്യമങ്ങൾ ശ്രദ്ധിച്ചു.
പ്രതിനിധാനത്തെക്കുറിച്ചുള്ള ശരിയായ രാഷ്ട്രീയസമീപനം ഉൾക്കൊള്ളുന്നതുകൊണ്ടാണ് സാമ്പത്തിക സംവരണത്തിനുള്ളിൽ സംവരണവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിക്കണമെന്ന പ്രഖ്യാപനം. അതുപോലെത്തന്നെ പ്രധാനമാണ് ഒ.ബി.സി വിഭാഗങ്ങൾക്കുള്ള പ്രത്യേക മന്ത്രാലയം. രോഹിത് വെമുലെയുടെ പേരിലുള്ള ആക്ട് ആ രക്തസാക്ഷിത്വത്തിനുള്ള രാഷ്ട്രീയ ആദരവാണ്. മതവിദ്വേഷത്തിനെതിരായ നിയമനിർമാണം വെറുപ്പിനെതിരേ ഫലപ്രദമായ രാഷ്ട്രീയച്ചുവടുവയ്പ്പാണ്.
ഇതുവരെ സംസാരിക്കാത്ത ഒരു ഭാഷയിൽ കോൺഗ്രസ് സംസാരിച്ചു തുടങ്ങുകയാണ്. റായ്പൂർ സമ്മേളനത്തിന്റെ തൊട്ടുമുൻപാണ് പവൻ ഖേര എന്ന കോൺഗ്രസ് നേതാവിനെ വിമാനത്തിൽനിന്ന് പിടിച്ചിറിക്കിക്കൊണ്ടുപോവാനുള്ള ശ്രമം ഉണ്ടായത്. ഇതിനെതിരേ റൺവേയിൽ ഇറങ്ങി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചതും അധികൃതർക്ക് തീരുമാനത്തിൽനിന്ന് പിന്നോട്ട് പോവേണ്ടിവന്നതും നാം കണ്ടു. സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടമുണ്ടാവുമ്പോൾ കോൺഗ്രസ് പോലൊരു പാർട്ടിയുടെ നേതൃതലത്തിൽ പ്രവത്തിക്കൽ ഒട്ടും സുഖകരമല്ലെന്നാണ് ഈ സംഭവം നൽകുന്ന സന്ദേശം. വിമാനത്താവളത്തിൽ സംഭവിച്ചതുപോലെ എവിടെയും ഉടനടി പ്രതിരോധം രൂപപ്പെടുത്തുന്ന നേതൃത്വമാനസികാവസ്ഥയാണ് ഇത്തരം ഭരണകൂടത്തിനുള്ള മറുപടി. അതെ, പതിറ്റാണ്ടുകൾ നീണ്ട അധികാരം ഏൽപ്പിച്ച ആലസ്യത്തിൽനിന്ന് കോൺഗ്രസ് സമര സംഘടനയായി രൂപാന്തരപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതാണ് റായ്പൂരിൽനിന്ന് വരുന്ന കരുത്ത്.
(രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ കേരള ഇൻ ചാർജാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."