പരമ്പരാഗത ചികിത്സയ്ക്ക് ആയുഷ് വിസ നൽകുമെന്ന് പ്രധാനമന്ത്രി കേരളത്തിൽ ടൂറിസം വളരുമെന്നും മോദി
ഗാന്ധിനഗർ
പരമ്പരാഗത ചികിത്സയും മരുന്നു വ്യവസായവും പ്രോത്സാഹിപ്പിക്കാൻ ആയുഷ് മുദ്ര ഉത്പന്നങ്ങളിൽ നൽകുമെന്നും വിദേശികൾക്ക് ചികിത്സയ്ക്കായി ആയുഷ് വിസ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സമ്മിറ്റ് ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുഷ് തെറാപ്പിക്ക് വരുന്നവർക്കാണ് പ്രത്യേക വിസ നൽകുക. ഹീൽ ഇൻ ഇന്ത്യ എന്ന പേരിൽ ആയുഷിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന പരിപാടിയിൽ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗുനാഥ്, ഡബ്ല്യു.എച്ച്.ഒ ഡയരക്ടർ ജനറൽ ഡോ. ട്രെഡോസ് ഗബ്രിയേസസ് തുടങ്ങിയവർ സംബന്ധിച്ചു.
ആയുർവേദ, യോഗ, നാച്ചുറോപതി, യൂനാനി, സിദ്ധ, ഹോമിയോപതി എന്നിവയാണ് ആയുഷ് തെറാപ്പിയിൽ ഉൾപ്പെടുക. കേരളത്തിൽ ആയുഷ് വഴി ടൂറിസം സാധ്യത വർധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ എല്ലാ മുക്കിലൂംമൂലയിലും ആയുഷ് ലഭ്യമാകും. 2014 മുമ്പ് ആയുഷ് മേഖലയിൽ 300 കോടി ഡോളറിന്റെ വരുമാനമാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴിത് 1,800 കോടി ഡോളറായി ഉയർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ നിക്ഷേപ സാധ്യതയും ഉച്ചകോടി ചർച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."